രചന : സതിസുധാകരൻ.

പീലിത്തിരുമുടി ചീകിയൊതുക്കി
മഞ്ഞപ്പട്ടാടയും ചാർത്തി
ഓടക്കുഴലൂതിപ്പോയൊരെൻ കണ്ണനെ,
നിങ്ങളാരേങ്കിലും കണ്ടുവോ?
അരയാലിൻ കൊമ്പിന്മേൽ കയറിയിരുന്നവൻ
പുല്ലാങ്കുഴലൂതി നിന്നിരുന്നു.
പുല്ലാങ്കുഴൽ വിളി നാദവും കേട്ടില്ല
എവിടെ തിരയേണ്ടു എൻ കണ്ണനെ.
നീലമേഘങ്ങളെ നിങ്ങളും കണ്ടുവോ
നീലക്കാർ വർണ്ണനെ എൻ കണ്ണനെ
ആകാശനീലിമത്താഴ്വരയിലവൻ
ആരും കാണാതൊളിച്ചു നിന്നോ?
മിന്നിത്തിളങ്ങുന്ന സൂര്യകിരണങ്ങൾ
എത്തിപ്പിടിക്കുവാൻ പോയതാണോ
എവിടെ ത്തിരഞ്ഞു നടക്കേണ്ടു കണ്ണനെ
കാർമുകിൽ വർണ്ണനാം കാർവർണ്ണനെ.
ഗോക്കളെ മേച്ചിട്ട് സഖിമാരൊടൊത്തവൻ
യമുന തൻ തീരത്തു പോയതാണോ?
യമുന തൻ ഓളങ്ങൾ
അവനെ എടുത്തിട്ട് താരാട്ടുപാടി യുറക്കീതാണോ?
കാളിന്ദിയാറ്റിൽ സഖിമാരൊടൊത്തവൻ
നീന്തിത്തുടിച്ചു നടക്കയാണൊ?
എവിടെ തിരഞ്ഞു നടക്കേണ്ടു കണ്ണനെ
എൻ പ്രിയ തോഴനാം കാർവർണ്ണനെ.

സതിസുധാകരൻ.

By ivayana