രചന: രാജൻ അനാർകോട്ടിൽ മണ്ണാർക്കാട്
സഹജീവിയല്ലേ,
സഹപാഠിയല്ലേ,
സഹകരിക്കാം,
സഹിഷ്ണുതയോടെ,
സംവദിക്കാം,
സൗഹൃദത്തോടെ,
സ്നേഹമോടെ
സല്ലപിക്കാം,
സ്വീകരിക്കാം
സന്തോഷത്തോടെ,
സ്വന്തമാണെന്നോതി
സാന്ത്വനിപ്പിക്കാം.
ഒരുതോൾ ചേർന്ന്
നടന്നതല്ലേ,
ഒരിക്കലും
പിരിയില്ലെന്നന്നൊരു
ചിരിയാൽ
മൊഴിഞ്ഞതല്ലേ,
അവനിൽ…
വഴിയോരത്ത്
വിശപ്പിൻ രുചി
വടവൃക്ഷംപോൽ
വളർന്നിരിക്കാം,
വാനിലെ തിളങ്ങും
നക്ഷത്ര താഴ്-വരയിൽ
ചിതറിയ സ്വപ്നങ്ങൾ
നെയ്തിരിക്കാം,
ചാരം പൊത്തിയ
ചിതൽപുറ്റുകൾ
കാട് കയറിയ
ജീവനാഡികളെ
പൊതിഞ്ഞിരിക്കാം,
അടർന്നു വീഴാൻ
കാത്തിരിക്കുന്ന
പടുവൃക്ഷത്തിന്റെ
വേരുകളെ
വെറുപ്പിന്റെ ഗന്ധം
ഗ്രസിച്ചിരിക്കാം,
നെടുവീപ്പുകളുടെ
തീക്കാറ്റിൽ
പാതി ചതഞ്ഞ
ഓർമ്മകളുടെ
വെന്തളിഞ്ഞ
മണം
ചിന്തകളെ
തളർത്തിയിരിക്കാം.
വീണ്ടുമൊന്നോർക്കാം…
സഹജീവിയാണവൻ,
സഹപാഠിയാണവൻ…!