രചന : സുമോദ് പരുമല

അരുതെന്നറിയിയ്ക്കാനായതിരുകൾ വന്നപ്പോൾ
അതിരുകൾ വിഭജനങ്ങളായെന്ന്
അതിരുകൾ ആക്രമണങ്ങളെ
ചെറുക്കുന്നുമുണ്ടെന്ന് .

ജന്മനാ റേപ്പിസ്റ്റുകളുണ്ടായതിനാലാണെന്നും
അതല്ല നാണം മറയ്ക്കാനെന്നും വസ്ത്രങ്ങളുണ്ടായത് .

എന്താണ് മോഷ്ടിച്ചതെന്തറിയാതെ
മോഷണമൊരുകുറ്റമാവില്ലെന്ന് .

എവിടേയ്ക്കാണ് പോവുന്നതെന്നറിയാതെ
അതിവേഗത തെറ്റാവാനിടയില്ലെന്ന് ..

കലാലയത്തിൻ്റെ പ്ലംബിംഗ് പൈപ്പുകൾ റബ്ബറുറകളാലടയുമ്പോൾ
അവർ സ്നേഹിച്ചതത്രേ ..
കണ്ടെത്തിയത് ,
ബോംബല്ല…. എന്ന്

പഴം കാലത്ത്
മറച്ചെറ്റകളുണ്ടായിരുന്നതിനാൽ
“വർണ്ണശുദ്ധി”യൊരു
കടങ്കഥയാണെന്ന് .
ചാതുർവർണ്യമൊരു
ചരിത്രമേയല്ലെന്ന് .

ഉള്ളതിലേറെ
കൈവന്നപ്പോൾ
മറുഭാഗത്ത്
ശത്രുവല്ലെന്നറിഞ്ഞ്
അന്നംപങ്കിട്ടുതുടങ്ങിയ
ആദിമനുഷ്യൻ
വിശന്നുചാവുന്നവൻ്റെ
ദൈവമെന്ന്
കടലിൽ ചീഞ്ഞുപോയ
ഗോതമ്പുതോട്ടങ്ങളിലെ
പരിഷ്കൃതൻ .

വസ്ത്രസ്വാതന്ത്ര്യം
എക്സിബിഷനിസ്റ്റുകളുടെ
പറുദീസയെന്ന് .
പരലൈംഗികത
കുടുംബങ്ങളുടെ
നരകമെന്ന് .

അടക്കിവയ്ക്കാനാവാത്ത
ലൈംഗികവാഞ്ജയുടെ
ആഗോളനാമമത്രേ …
”പ്രണയം ” .

അച്ഛന്മാർ
പോറ്റിവളർത്തുന്നവരിൽ
ആരാൻ്റെ മക്കളുണ്ടെന്ന് ,
അന്നും
ഇന്നും
എന്നും
കണ്ണാടിക്കുഴലുകളിലൂടെ
പവിത്രമാതൃത്വം .

അവസാനിയ്ക്കാതെ
വൈരുദ്ധ്യാത്മികം .

സുമോദ് പരുമല

By ivayana