രാത്രി യാത്രയില്‍ വാഹനത്തിന്‍റെ ലൈറ്റ് ഡിം ചെയ്യാതെ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെ കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു.
ലക്‌സ് മീറ്റര്‍ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെ തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനാണ് നീക്കം.അതിതീവ്ര വെളിച്ചമുള്ള വാഹനങ്ങളെ മൊബൈല്‍ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ് മീറ്ററിലൂടെ കണ്ടെത്താനാകും. ഇങ്ങനെ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ക്കെതിരേ പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം.
നിയമപ്രകാരം 24 വാട്‌സുള്ള ബള്‍ബുകള്‍ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്‍സില്‍ കൂട്ടാന്‍ പാടില്ല. 12 വാട്‌സുള്ള ബള്‍ബുകള്‍ 60 മുതല്‍ 65 വരെ വാട്സിലും കൂടരുത്. മിക്ക വാഹനങ്ങളിലും 60 വാട്സ് വരെ ശേഷിയുള്ള ബള്‍ബുകളാണ് നിര്‍മാണക്കമ്പനികള്‍ ഘടിപ്പിക്കാറുള്ളത്. ലൈറ്റിന്റെ അളവ് കൂടിയാല്‍ ലക്‌സ് മീറ്റര്‍ പിടികൂടും.
ആഡംബര വാഹനങ്ങളില്‍ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോഗിക്കുന്നത്.അങ്ങനെ ചെയ്യുമ്പോള്‍ വെളിച്ചം എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്കടിച്ച് അപകടത്തിനിടയാക്കും. ലൈറ്റിന്റെ അളവ് കൂടിയാല്‍ ലക്‌സ് മീറ്റര്‍ കുടുക്കും.
ഇതിനൊപ്പമാണ് ഡിം ലൈറ്റ് അടിക്കാത്തവരും കുടുങ്ങുന്നത്.രാത്രിയിലെ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലക്‌സ് മീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധന കര്‍ശനമാക്കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹന സ്‌ക്വാഡിനാണ് നിലവില്‍ ഈ ലക്സ് മെഷീനുകള്‍ നല്‍കിയിട്ടുള്ളത്.