രചന : ഹരിഹരൻ
കയ്യിട്ടുവാരുന്നതാരാണിതയ്യോ
നിൻ കൊഞ്ചൽ കേൾക്കാൻ കൊതിയ്ക്കുന്നു കുഞ്ഞേ !
കാലിട്ടടിയ്ക്കു ന്നതാരാണിതയ്യോ
നിൻ തിരുപാദങ്ങൾ കാണണം കുഞ്ഞേ !
മുരളീമനോഹരനാദമിതാണോ
എൻ ചെവി കൂർപ്പിച്ചു വെക്കുന്നു കുഞ്ഞേ !
വായും മുഖവും പെരക്കിവെച്ചയ്യോ
വെണ്ണ മുഴുവനും തീറ്റട്ടെ കുഞ്ഞേ !
കാളിന്ദിതീരത്തിതൊറ്റയ്ക്കിതയ്യോ
പൈക്കളെ മേയ്ക്കുന്ന ഗോപാലനോ നീ !
ആറ്റിൻ കരയിലെ വസ്ത്രം നീ കണ്ടോ
ചോലയിൽ ആറ്റുവാൻ വെച്ചോ കുസൃതി !
പീലിത്തിരുമുടിക്കെട്ടിലിതെന്തേ
വിരഹദുഃഖത്തിന്റെ ഭാരമോ കൃഷ്ണാ !
രാധയെക്കാണാതെ തേങ്ങുന്നുവോ നീ
രാധയെക്കാണാതലഞ്ഞുവോ കൃഷ്ണാ !
സഖിമാരുമൊത്തു നടനമിതയ്യോ
കാണാതെ പോകുന്നതെങ്ങനെ കൃഷ്ണാ !
നീയായ് മനസ്സിൽ നിരൂപിച്ചതൊക്കെ
ജീവന്റെ ജീവനായ് കാണുന്നു കൃഷ്ണാ !