Vasudevan K V
ദാർശനിക ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ജന്മദിനം. “കുംഭമാസത്തിലാകുന്നു നമ്മുടെജന്മനക്ഷത്രമശ്വതി നാളെന്നും”ജനന തിയ്യതി ലഭ്യമല്ലാതെ കവിവരികൾ പ്രകാരം കുംഭമാസ അശ്വതി നാളിലാണ് പൂന്താന ദിനം.
സ്വാർത്ഥരഹിത ഭക്തിയാൽ ഭഗവത്പാദം പൂകാമെന്നു സാക്ഷ്യപെടുത്തിയ ഭക്തകവിയുടെ സ്മരണകൾ ഇന്ന്. സന്താനഭാഗ്യം ഇല്ലാത്ത ഭക്തന് ഭഗവാന്റെ അനുഗ്രഹത്താൽ സല് പുത്ര പിറവി.
കുഞ്ഞിന് ചോറൂണ് നാൾ വരെ ആയുസ്സ്.. “ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്,, ” എന്നു കുറിച്ച് വേദന മറന്ന പിതൃമനം. മലപ്പുറം കീഴാറ്റൂർ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരിയുടെ ജനനം എന്ന് അനുമാനം. ഗുരുപവനപുരി ഭക്തരിൽ പ്രാമുഖ്യം പൂന്താനത്തിനെന്നും. ഉടലോടെ വിഷ്ണു ലോകം പ്രാപിച്ച ഭാഗ്യവാൻ.
വാർദ്ധക്യാവശതകളാൽ ഗുരുവായൂരിലെത്താൻ വയ്യാതെ അദ്ദേഹം അങ്ങാടിപ്പുറത്തെ ഇടത്തുപുറം ക്ഷേത്രത്തില് വിഷ്‌ണുഭജനയുമായി. ആണ്ടുപിറന്നാളിന് ഭഗവാനും ഒരു ഇലയിട്ട് വിളമ്പി… ഭഗവാനോടൊപ്പം ദേഹി വെടിഞ്ഞെന്നും ഐതിഹ്യ കഥകളിൽ.. പൂന്താനവും മേൽപ്പത്തൂരും സമകാലിക ഭക്തകവികൾ. പൂന്താനം മേല്പത്തൂര് ഭട്ടതിരിയെ കണ്ട് തന്റെ ജ്ഞാനപ്പാനയിലെ കുറവുകൾ തിരുത്തി തരാൻ അപേക്ഷിച്ചു . മലയാളഭാഷാ കാവ്യം പുച്ഛത്തോടെ നിരസിച്ച സംസ്കൃത പണ്ഡിതൻ മേല്പ്പത്തൂർ .
കൃതിയിൽ ഭഗവാൻ അവതരിക്കുകയും പൂന്താനത്തിന്റെ ഭക്തിയും ഭട്ടതിരിയുടെ വിഭക്തിയും തുല്യമാണെന്നരുളിചെയ്തതും ഐതിഹ്യങ്ങളിൽ… രോഗാവശനായ മേല്പത്തൂരിനു മുമ്പില്‍ ശൈശവവേഷത്തിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ മേല്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണെനിക്കിഷ്ടം എന്ന് അരുള്‍ ചെയ്തത് അദ്ദേഹം സാക്ഷ്യം കുറിച്ചിട്ടു.
ഗുരുപവനപുരി യാത്രക്കിടയിൽ തസ്‌കരാക്രമണം നേരിട്ട പൂന്താനത്തെ ഭഗവാൻ മങ്ങാട്ടച്ചവേഷം പൂണ്ട് രക്ഷപ്പെടുത്തിയതും കഥ.മിത്തും, ഐതിഹ്യവും, ചരിത്രവും ഇഴചേർന്ന കഥകൾ എന്നും കൌതുകം. ഭാഷാ സാഹിത്യലോകം നെഞ്ചേറ്റിയ ജ്ഞാനപ്പാനയ്ക്കൊപ്പം ശ്രീകൃഷ്ണകര്‍ണാമൃതം, സന്താനഗോപാലം കൃതികളും പൂന്താന രചയിതം .
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും മുഴങ്ങുന്നു അനശ്വര ഗായിക പി. ലീലയുടെ ഭക്തി മാധുര്യത്തോടെ പൂന്താനം വരികൾ.. “മാളികമുകളളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ… “സമകാലിക വാർത്തകളിൽ കാണാനാവുന്നു നമുക്ക് ആ വരികളിലെ സാംഗത്യം. ഒരു ഭാഷയും മറ്റു ഭാഷകൾക്ക് ഉപരിയല്ലെന്ന സത്യവും.