രചന : വിഷ്ണു പകൽക്കുറി.
അടുക്കളപ്പുറത്ത്
പഞ്ചാരപ്പാത്രം
നിലതെറ്റിവീഴുമ്പോളന്ന്
മിഴിനീരൊഴുകി
ചുവന്ന സന്ധ്യയിൽ
കടുകുമണിയോളം
വലിപ്പമുള്ളൊരുസൂര്യൻ
കത്തിജ്വലിച്ചിരുന്നു
വാരിപ്പെറുക്കി
ഓടുമ്പോൾ
കിതയ്ക്കുന്നഹൃദയത്തോട്
പഞ്ചാരപ്പാത്രം
ചേർത്തുപിടിച്ചിരുന്നു
മയക്കത്തിലാഴ്ന്നപ്പോഴും
പഞ്ചാരപ്പാത്രത്തിന്റെ
ചുവടെ
എഴുതിക്കൂട്ടിയ
കണക്കുപുസ്തകത്തിലന്ന്
ഏറ്റക്കുറച്ചിലിൻ്റെ
നേരെഴുത്ത്
തൂങ്ങിയിരുന്നു
കയ്പുനീരുകുടിച്ച്
ഞെളിപിരികൊണ്ട്
മധുരപ്പെട്ടികൾ
തുറക്കുമ്പോൾ
പിന്നെയും
നിലതെറ്റിവീഴുന്നുണ്ടായിരുന്നു
പഞ്ചാരപ്പാത്രം.