കണ്ണടച്ചല്ലേ പിറക്കുന്നു ഭൂമിയിൽ
കൺതെളിച്ചാദ്യം കരഞ്ഞ നമ്മൾ
ആദ്യമേതന്നെ ഭ്രമിച്ചു കരഞ്ഞുനാ-
മാദ്യാക്ഷരത്തിന്റെ മുന്നിലായും !
ശീര്ഷാസനത്തിൽക്കിടന്നൂ വയറ്റിലായ്
പിടിവള്ളിപൊട്ടിപ്പിറന്നൂ ധരിത്രിയിൽ
അന്നുതൊട്ടിന്നോളമുള്ളോരു ജീവിതം
നിമ്‌നോന്നതം തന്നെയായിരുന്നല്ലയോ ?
പിഞ്ചുപാദങ്ങളീ മണ്ണിൽച്ചവിട്ടവേ വേച്ചുവേ –
ച്ചെത്രയോ പ്രാവശ്യം വീണും നാം
വേച്ചുപോകുന്നൊരാ വീഴ്ച്ചയിൽ നിന്നു നാം
വാഴ്ചയിലേക്കു പതിയെ നടന്നവർ !
വീഴ്ചകളോരോന്നപഗ്രഥിച്ചല്ലയോ
ഉത്ഥാനമാർഗ്ഗങ്ങൾ വെട്ടിത്തെളിച്ചത്
തീർത്തുമീ മർത്ത്യകുലത്തിന്റെ യാത്ര-
യിൽ നാഴികക്കല്ലുകൾ നാട്ടിനാമങ്ങനെ !
എത്രയോഭൂകമ്പ ,മെത്ര മഹാമാരി
മർത്ത്യകുലത്തിനെ വെല്ലുവിളിച്ചുപോയ്
എത്രയോ നിഷ്‌പാപജന്മങ്ങളീ മണ്ണിൽ
മണ്ണോടുമണ്ണങ്ങുചേർന്നേ കടന്നുപോയ് !
എങ്കിലുമുണ്ടായി മർത്ത്യസ്നേഹത്തിന്റെ –
യുത്തമ ദൃഷ്ടാന്തമെന്നപോൽ നമ്മളെ
കൈപിടിച്ചൊരോ ദുരന്തമുഖത്തിലും
ജീവനെ ദാനമായ്ത്തന്നുപോകുന്നവർ
തോറ്റുപോമെന്നുനിനക്കാതെയന്ന്യനായ്
തീക്ഷ്ണമായ് ജീവിതംകൊണ്ടു പൊരുതുവോർ
തീർത്തതാണീക്കാണുമേറെയും സൗഭഗം
ഓർക്കണം ഭോഗികൾ നാമെപ്പൊഴെങ്കിലും !
ഭൂതകാലത്തിന്റെയാദ്ധ്വാന വീഥിയിൽ
ഭാഗീരഥനും പ്രൊമത്യൂസും ചെയ്തതാം
ഐതീഹ്യമൊക്കെപ്പഠിച്ചു നാമെങ്കിലും
നിന്നുവിറയ്ക്കും പ്രതികൂലമധ്യേയായ്
ലക്ഷ്യവും സ്ഥൈര്യവുമുത്സാഹവും ചേർന്നു
തീർക്കുന്നു ഭൂമിയിൽ പുത്തൻ ചരിത്രങ്ങൾ
ഉത്സാഹി നിത്യം പൊരുതുന്നു മണ്ണിലായ്
ചുറ്റുമുള്ളോർക്കാ ഫലത്തെ വിളമ്പുന്നു
ഓരോശ്വാസത്തിലുമുണ്ടതിജീവനം
മുൻപോട്ടു നമ്മെ നയിക്കുന്ന ശക്തിയായ്
ത്രാണിനാം നേടണം സ്ഥൈര്യം നിറയ്ക്കണം
നാളേക്ക് നല്ലൊരു ഗാഥയെത്തീർക്കണം
എൻ. കെ അജിത് ആനാരി