രചന : സാജു പുല്ലൻ.
ബസിൽ നിന്നിറങ്ങിയതാണ്
പടി തെറ്റി വീണുപോയ് നിലത്തേക്ക്
കിളി മണി അടിച്ചതിനാലാണ്
പക്ഷേ _
നിറുത്തിയ ബസിൽ നിന്നവൾ
ഇറങ്ങേണ്ടതായിരുന്നു
ശരവേഗത്തിലും
വേഗത്തിൽ
തലയിലൂടെ കയറി –
അല്ല…….. ,
തലമുടിയിലൂടെ
നീണ്ട തലമുടിയിലൂടെ
കയറി ഇറങ്ങി വണ്ടി ചക്രങ്ങൾ
നോക്കിയിറങ്ങണ്ടേ കൊച്ചെ-
യെന്ന്
കിളി.
തലയിലൂടെ അല്ലല്ലോ തലമുടിയിലൂടെ അല്ലേ
യെന്നൊരു സ്വകാര്യ സന്തോഷത്തിൽ –
ഏയ് ഒന്നും പറ്റീട്ടില്ല
ഒരു കൊഴപ്പോം ല്ല
കുട്ടി ക്ക് –
യെന്നൊരാശ്വസവുമായി ഡ്രൈവർ…
കിളി മണി അടിച്ചതസമയത്തെ ന്നൊരു
യാത്രക്കാരൻ
മുൻ ഡോറിൽ ഡ്രൈവറുടെ കണ്ണെത്തുമെന്ന്
ഒരു സ്ഥിരയാത്രക്കാരി.
പിന്നേ,
ഒരു പോറലു പോലും ഇല്യ
പ്രശ്നോ ല്യ കുഞ്ഞിന്
യെന്നു കണ്ടു നിന്നവരിലൊരു കൂട്ടം,
അവർ മൊതലാളീൻ്റെ
സ്വന്തബന്ധുക്കാരായതോണ്ടാണ്
അങ്ങനെ പറച്ചിൽ
എന്നൊരടക്കം പറച്ചിൽ.
ഹൊ, ഇതൊക്കെയെന്തോന്ന്
ശശീരത്തിൽ തട്ടി വല്ല ഒടിച്ചിലോ ചതച്ചിലോ പറ്റാത്തേനെ,
ഇറ്റ് ചോര ഇറ്റാൻ വേണ്ടീട്ടേലും ഒരു മുറിച്ചിൽ
ണ്ടാവാത്തേനെ ആക്സിഡൻ്റന്ന് പറയാനൊക്കു കേല –
യെന്ന് അറീപ്പ് കിട്ടിയെത്തിയ ന്യായ വിചാരം ,
അതു മൊതലാളീൻ്റെ ഞായസ്ഥനാണെന്ന് അതേ അടക്കം പറച്ചിൽ
ഇലകളാണ് മരത്തിന് മുടിയെന്ന്,
അതു ചന്തത്തിനല്ലെന്ന്
ക്ഷണിക്കാതെയെത്തി ഒരശരീരി…
ആശുപത്രീ……..
യെന്ന വൾ
മുതലാളി പാഞ്ഞെത്തുന്നു കാറിൽ
കണ്ടു, മുഖം, മുടി……, മേനി….
പിന്നെ അവൾക്കരികിലേക്ക് ചേർന്ന് കാതിൽ
ഒരു ഗൂഢാലോചന –
തലയിലൊന്നു മല്ലല്ല്… തലമുടിയിലല്ലേ…….
ചക്രം
മേത്ത് കേറണേന് മുന്നെ
കെളമ്പാൻ നോക്ക
പൂ _
പൂ പോലുള്ള ഈ മോള്
ഒരു വണ്ടി ചക്രം
അതിന്മേൽ എഴുന്നു നിൽക്കുന്ന സർവ്വ ശക്തിയോടെയും
ശരീരത്തിലൂടെ ഇഴയുമ്പോഴുള്ള
നടുക്കത്തിൽ –
അക്ഷമരായി നിന്ന എല്ലാരോടുമായവൾ –
പൊയ്ക്കോ നിങ്ങള്…….
എൻ്റെ തലയിലല്ല ല്ലോ …..
ചക്രം…
തലമുടിയില ല്ലേ……………
-ഓർത്തു പോയോ
അവൾ
പഴയൊരു രാജസഭ
അവിടെ ഏകയായ് നിന്നു
വിതുമ്പിയ ഒരു പെൺകുട്ടി
അവിടെ പൊട്ടിത്തരിച്ച ചിരികൾക്കു മേലെ
അവിടെ
മൗനം ഭൂഷണം ആകിയ
സ്ഥാനങ്ങൾക്ക് നേർക്ക്
അവളുടെ അഴിഞ്ഞുലഞ്ഞ മുടി കെട്ട്…
-കാത്തു നിന്നുവോ അവൾ ;
ദുർ വിധികളിൽ ഒടുങ്ങിപ്പോയ
സ്വദേശം തിരികെയില്ലാത്ത ആത്മാക്കൾ വന്നു
അപാരതയായ് നടത്തും
ന്യായ വിധി .