രചന : ദിജീഷ് കെ.എസ് പുരം.
അജ്ഞാത ശിലായുഗ ചിത്രകാരാ,
ഈ ഗുഹാഭിത്തിയിൽ നീ തീർത്ത
കൊത്തുചിത്രങ്ങൾക്കുള്ളിൽ ലയിക്കവേ,
അറിയാത്ത ലിപിയിലെ ഗൂഢമന്ത്രാക്ഷരങ്ങളിൽ
മുഴങ്ങിയെത്തുന്നു ഭൂതവൈദ്യുതിവീചികൾ!
കാലം വരച്ചിട്ട താന്ത്രികക്കളത്തിൽ ഞാൻ
മോഹനിദ്രയിൽ നീയായി മാറുന്നു!
നിദ്രയില്ലാത്ത മഹാവനത്തിന്റെ
രൗദ്രസങ്കീർത്തനം, അന്തമില്ലാതെ
ചൊല്ലിത്തകർക്കുന്നു പേച്ചീവീടുകൾ.
കരുത്തിന്റെ വന്യമാമൊറ്റത്തേർതെളിച്ചെത്തും
വ്യാഘ്രഗർജ്ജനം ഭയപ്പിച്ച മാത്രകൾ.
ചന്ദ്രസാമ്രാജ്യം വിശാലമാക്കുവാൻ
യുദ്ധംനയിക്കുന്ന നക്ഷത്രയോദ്ധാക്കൾ,
ആകാശക്കടൽമുറിച്ചെത്തും അംഗാരയാനങ്ങൾ
അത്ഭുതംകൊള്ളിക്കും സചിത്രരാത്രികൾ!
അശാന്തം, ദിനരാത്ര തോരാമഴകളിൽ
പ്രാണദ്യുതികോറും ചിത്രാക്ഷരങ്ങൾ.
കൂർത്ത കരിങ്കല്ലിൻ മൂർച്ചയെ
പിന്നെയും പിന്നെയുമുരച്ചേറ്റിയേറ്റി,
മേനികീറി ജീവനിൽക്കൊരുക്കുന്ന
നായാടിതന്നാദിമ ആയുധം
കലാസൃഷ്ടിക്കായി പരിണമിപ്പിച്ചു നീ.
കല്ലു കല്ലോടുരച്ചു സൂര്യചിത്രമുദിപ്പിച്ചതിൽപ്പിന്നെ
തേജോപൂരിതം നിൻ നാൾവഴികളെന്നുമേ.
അമേയ സർഗ്ഗകാമിനിക്കൊപ്പം ശിലാശയ്യയിൽ
മെയ്യു മെയ്യോടുരസിയുണരും കരിനീലരാത്രിയിൽ,
മനോഘർഷണങ്ങളാൽ കാട്ടുതീ പുഷ്പിക്കും
ചമതയാകുന്നു നീ, പ്ലാശിൻ പൂക്കളിൽ
ശൈത്യത്തിൻ പാതിരാക്കാറ്റുവീശുമ്പോൾ
ഗുഹാഗർഭത്തിൽ കുഞ്ഞായ് പനിച്ചുറങ്ങുന്നു.
എന്റെ ദേവകൾ, എന്റെ രാജാക്കൾ,
എന്റെ സംസ്കൃതികൾ, എന്റെ കാഴ്ചകൾ
കൊത്തിപ്പകർത്തുമ്പോൾ കൈയുകൾ
ചതഞ്ഞു മുറിഞ്ഞൊഴുകിയ ചോരകൾ,
ആദ്യ നിവേദ്യത്തിൻ അവക്ഷിപ്തക്കറകളിൽ
അർച്ചനചെയ്തു കടന്നുപോയ് നൂറ്റാണ്ടുകൾ.
ഏറെയുണ്ടിനിയും ശിലയിൽ പകർത്തുവാൻ
പ്രാക്തന ചിന്തകൾ, ചരാചരക്കാഴ്ചകൾ..
കാലങ്ങൾക്കപ്പുറം എന്നാശയങ്ങൾ
പൂർണ്ണ നഗ്നമാകാതിരിക്കുവാൻ,
മായാമഷിവഴിയും ഭാവനചേർത്ത
ഗുപ്തരസായന വിദ്യയാൽ വിളക്കുന്നു.
വയ്യ, വയ്യീ പരരൂപധാരണം,
ഉണരുന്നു ഞാൻ, മടങ്ങുന്നെൻ
വർത്തമാന സങ്കടംതിന്നുവാൻ.
എങ്കിലുമുളളിലെ ഇരുൾഗുഹാഭിത്തിയിൽ
നിത്യമുദ്രിതം, നീ പതിപ്പിച്ച
വിസ്മയ ശിലാചിത്രരൂപങ്ങൾ.