രചന :രാജ് രാജ്

പൂക്കാത്ത മാവിന്റെ
കായ്ക്കാത്ത കൊമ്പിലെ മാമ്പഴമാ മാണെന്റെ പ്രണയം.
നിനവിലും കനവിലും
സ്വപ്നമായ് വിരിയുന്ന അരിമുല്ലയാണെന്റെ
പ്രണയം….
ഹൃദയമാം പൊയ്കയിൽ
അലസം വിടരുന്ന
നിറമുള്ള മോഹമെൻ പ്രണയം.
മനസിന്റെ കോവിലിൽ അമൃതായ് നിവേദിച്ച
നീഹാരമാണെന്റെ
പ്രണയം….
ആകാശ ഗംഗയിൽ
അലസമായി വിലസുന്ന പൗർണമിയാണെന്റെ
പ്രണയം…
പ്രിയയുടെ ഗന്ധത്താൽ എന്നെ
തലോടുന്ന ഇളംകാറ്റ്
പോലെന്റെ പ്രണയം.
എഴുതാതെ പോയൊരു പ്രണയകഥയിലെ
പരിഭവമാണെന്റെ
പ്രണയം…
പെയ്തു തോരാത്തൊരു
മഴപോലെ നിറയുന്ന
ആർദ്രവികാരമെൻ
പ്രണയം…
പാടാത്ത പാട്ടിന്റെ
കേൾക്കാത്ത ഈണത്തിൻ സ്വരഭേദമാണെന്റെ
പ്രണയം…
പ്രിയയുടെ അധരത്തിൽ ആദ്യാമായ് അർപ്പിച്ച പ്രിയചുംബനം എന്റെ
പ്രണയം….
രതിയുടെ ലഹരിയിൽ ഋതുഭേദമറിയാത്ത
അനുഭൂതിയാണെന്റെ പ്രണയം…
അറിയാത്തോരറിവിന്റെ
സാന്ദ്ര വിമൂകമാം
ലയഭംഗിയാണെന്റെ
പ്രണയം…
മറക്കുവാനാവാത്ത
മൗന സംഗീതത്തിൻ
പല്ലവിയാണെന്റെ
പ്രണയം…
കാലങ്ങൾക്കപ്പുറം
ദൂരങ്ങൾക്കപ്പുറം
സ്നേഹാർദ്രമായൊരു സുന്ദര സ്വപ്നത്തിൻ സ്മൃതി
സുമമാണെന്റെ പ്രണയം….

By ivayana