രചന – മാധവി ടീച്ചർ, ചാത്തനാത്ത്

നീലാംബരനിറക്കസവിട്ട പൂഞ്ചേല
ചേലിലണിഞ്ഞെത്തികൂട്ടരുമായ്
മന്ദഹാസം ചൊരിഞ്ഞീപുലർകാലത്തു
കർണ്ണികാരം പൂത്തുലഞ്ഞ പോലെ!

കാണുന്ന കണ്ണുകൾക്കാനന്ദമായ് ത്തന്നെ
കമനീയ രൂപമായ് നീ നടക്കേ
കാവിൽ തൊഴുതമ്പലനട ചുറ്റവേ
കാമനാം ദേവനും കൂടെയെത്തും!

കണ്മണീ, നിന്നകതാരിലെയാരവം
കൊഞ്ചലുതിർക്കയാണിന്നു സ്പഷ്ടം
കാണാതെ കണ്ട കിനാവുകളൊക്കെയും
കൺമുമ്പിലെത്തിയോ, ചൊല്ലു കണ്ണേ!

ആനന്ദരൂപമായ്, ആശ്ചര്യപൂർവ്വം നീ
ആതിര നാളിലെ പൂർണ്ണേന്ദുപോൽ
ആയിരത്തിരിയിട്ട പൊൻദീപശോഭയിൽ
മായികകാന്തി പകർന്നു നില്പൂ ….!

മാധവി ടീച്ചർ

By ivayana