രചന : പള്ളിയിൽ മണികണ്ഠൻ
വെയിൽച്ചൂടിനിടക്ക്
തണലാകാനൊരുകുട..
തളരുമ്പോൾ
ഉടൽചായ്ക്കാനൊരിടം…
കിതപ്പുതീർത്ത്
ഓരോ സഞ്ചാരികൾ
മടങ്ങുമ്പോഴും
ഉണങ്ങാത്ത ഒരിത്തിരി വിയർപ്പുപ്പ്
ഓരോ സത്രങ്ങളിലും ബാക്കിയുണ്ടാകും.
‘മരംകോച്ചുന്ന മകര’ത്തിലും
‘കനലുതിർക്കുന്ന മീന’ത്തിലും
കരുണവറ്റാത്ത
കാവലാളാണ് സത്രങ്ങൾ.
കളിയും ചിരിയും
കനവും കണ്ണീരുമായിവന്ന
എത്രയെത്ര സഞ്ചാരികളാണ്
ഓരോ സത്രങ്ങളേയും
ആശ്രയിച്ചിട്ടുള്ളത്.
പുറമെരിയാതെ അകംപുകയുന്ന
സഞ്ചാരികളുടെ
മനസ്സറിയുന്നതുകൊണ്ടാകാം
ഓരോ സത്രങ്ങളുടേയും മാറിടത്തിൽ
വിയർപ്പാറ്റി, നന്ദിപറയാതെ
മുഖംതിരിച്ചു കടന്നുപോകുന്ന
സഞ്ചാരികളുടെ
വിയർപ്പുപ്പ് ബാക്കിനിൽക്കുന്നത്.
സഞ്ചാരികളുടെ വേദനയറിയുന്നവരാണ്
സത്രങ്ങളെങ്കിലും,
സഞ്ചാരികളിന്നേവരെ
ഒരു സത്രത്തിന്റേയും
മനസ്സുകാണാൻ ശ്രമിച്ചിട്ടില്ല.
നീ സഞ്ചാരിയാണ്..
നീ സഞ്ചാരിയാണ്….
ഞാനൊരു സത്രവും.