രചന : ഹരി ചന്ദ്ര

കറിയാച്ചൻ ജനിച്ചുവളർന്നത് കൊല്ലത്താണെങ്കിലും തറവാട് ഭാഗംവച്ചതിനുശേഷം ഇടുക്കിയിലോട്ട് കാടുകൈയ്യേറി, കൂര കെട്ടിപ്പാർത്ത വരത്തനാവുകയായിരുന്നു. അന്ന് പണിക്കാരനൊപ്പം തൊഴുത്തിൽ കോതപ്പശുവിൻ്റെ പേറെടുക്കുമ്പോൾതന്നെയാണ്, മലമേലെ കഞ്ചാവുകൃഷിനോക്കുന്ന ചെല്ലപ്പൻ്റെ മകളും കറിയാച്ചൻ്റെ ഭാര്യയുമായ നിർമ്മലയ്ക്ക് പ്രസവവേദന കലശലായത്.

പശുപ്പേറ് പണിക്കാരന് വിട്ട്, കെട്ട്യോളെയെടുത്ത് ജീപ്പിൽ കിടത്തിക്കൊണ്ട് അടിവാരത്തുള്ള സർക്കാരാശുപത്രിയിലെത്തിക്കുമ്പോഴേക്കും പ്രസവം നടന്നിരുന്നു! വണ്ടിയിൽ തളംകെട്ടിയ ചോര കഴുകിത്തുടയ്ക്കുമ്പോഴാണ്… ഒരു നേഴ്സ്‌ വന്ന് നിർമ്മലയുടെ മരണം പറഞ്ഞത്! വിവരമറിഞ്ഞ്, മലയിറങ്ങിയെത്തിയ ചെല്ലപ്പന് അയൽക്കാരി നീട്ടിയ കുഞ്ഞിനെ “അമ്മയെ കൊന്നവൻ”എന്നുപറഞ്ഞ് അയാൾ അവഗണിക്കുമ്പോൾ കറിയാച്ചൻ കുഴിയിലേക്കൊരുപിടി മണ്ണിടുകയായിരുന്നു.

പശുപ്പാലുകുടിച്ച് മൂരിക്കുട്ടനൊപ്പം വളർന്ന കുഞ്ഞിന് മൂന്നുവയസ്സായിട്ടും കറിയാച്ചൻ പേരിട്ടില്ല. ആയിടയ്ക്കാണ് ഭർത്താവുപേക്ഷിച്ച് വീട്ടിൽവന്ന ചെല്ലപ്പൻ്റെ രണ്ടാമത്തെ മകളായ മല്ലികയെ കറിയാച്ചൻ്റെ വീട്ടിലാക്കിയത്.
“അമ്മയില്ലാതെ വളർന്നതിൻ്റെ ദൂഷ്യമുണ്ടവൾക്ക്! വാശിയും വൈരാഗ്യവുമുമൊക്കെ ഇത്തിരി കൂടുതലാ ഇനി നീ വേണം അവളെ…” പറഞ്ഞത് മുഴുവനാക്കാതെ ചെല്ലപ്പൻ വീണ്ടും മലകയറാൻപോയി.

ആറു മാസങ്ങൾ കഴിഞ്ഞ് അയാൾ തിരിച്ചെത്തുമ്പോൾ പെണ്ണിന് നാലാംമാസം! ആരെയും ക്ഷണിക്കാതെ കറിയാച്ചനുമായി ആ കല്യാണവുമങ്ങുനടത്തി അയാൾ പിന്നെയും മലകയറി.
നിർമ്മലയിലുണ്ടായ മകനെ തിരിഞ്ഞുനോക്കാറില്ലെങ്കിലും നിറവയറായ മല്ലികയും തന്തയായ കറിയാച്ചനുംകൂടി ‘വർക്കി’ എന്ന് നാമം അവന് ചാർത്തി.

ഏതുനേരവും പശുത്തൊഴുത്തിലാണവൻ്റെ സഹവാസം. അന്ന് പണിക്കാരൻ തൊഴുത്ത് കഴുകാൻ വന്നപ്പോഴാണ് ആ കാഴ്ച കണ്ടത് ‘മൂരിക്കുട്ടനൊപ്പം മുട്ടുകുത്തിയിരുന്ന് പശുവകിടിൽനിന്ന് പാല് ചപ്പിക്കുടിക്കുന്നു കുഞ്ഞുവർക്കി!


മല്ലികയ്ക്ക് രണ്ടു പെൺമക്കളായി! കറിയാച്ചൻ അടിവാരത്ത് മലഞ്ചരക്കുകട തുടങ്ങി! പോലീസ് പിടിച്ച ചെല്ലപ്പനെ പിന്നീടാരും അന്വേഷിച്ചില്ല. വർക്കിയെ അവർ പഠിക്കാൻ വിട്ടില്ല. ഒരു വീട്ടുപണിക്കാരൻ എന്നതിൽകവിഞ്ഞ് പുറംലോകമൊന്നും അറിയാതെ തൊഴുത്തിനരുകിൽതന്നെ വച്ചുകെട്ടിയ ഷെഡ്ഡിൽ ആ മൂരിക്കുട്ടനെപ്പോലെ അവനും വളർന്നു… വീടിനകത്തേക്കൊന്നു കയറാതെ!

മല്ലികയുടെ രണ്ടു പെൺമക്കളും അകലെ പട്ടണത്തിൽ ഹോസ്റ്റലിൽനിന്നാണ് പഠിക്കുന്നത്. കറിയാച്ചൻ സ്ഥലത്തെ പ്രമാണിയായെങ്കിലും നാട്ടുകാരയാളെ മൂരിവർക്കിയുടെ അപ്പനാണെന്ന് പറയുന്നത് അയാൾക്കിഷ്ടമല്ല. വർക്കിയെ തൊഴുത്തിലിട്ടു വളർത്തിയതിനാൽ പെരുമാറ്റവും തീരെ പന്തിയല്ലാത്തതുപോലെയാണ്. അങ്ങനെയിരിക്കെയാണ് മല്ലികയോട് അയൽക്കാരിവന്ന് മൂത്തമകൾക്കൊരു കല്യാണക്കാര്യം പറഞ്ഞേച്ചുപോയത്.

കറിയാച്ചൻ വന്നപ്പോൾ അവൾ കാര്യം പറഞ്ഞു; “അവർ കാണാൻ വരാമെന്നാ… പെണ്ണിന് പ്രായം പതിനെട്ടായി! ചെറുക്കൻ ക്രിസ്ത്യാനിതന്നെയാ, ഗൾഫിലാണത്രേ! നമുക്കാലോചിച്ചാലോ? പക്ഷേ, വരുന്നവർ ആ നശിച്ചവനെ ഇവിടെ കണ്ടാൽ കാര്യം മുടങ്ങും!”
മൂരിയിലൊന്നിനെ കുളിപ്പിച്ചുകെട്ടി, പശുക്കളെ കുളിപ്പിക്കാൻ താഴെ തോട്ടിലേക്കു കൊണ്ടുപോകുന്ന വർക്കിയെ കറിയാച്ചനൊന്നു നോക്കി.

ഒരു കീറത്തോർത്ത് ചുറ്റി, താടിയും മുടിയും വളർത്തി, കണ്ടാലറയ്ക്കുന്ന ഒരു പേക്കോലം! “പാടില്ല! നമ്മുടെ വീട്ടിൽ ഇവനിനി വേണ്ട പശുക്കളേം മൂരികളേം വിൽക്കാം. പക്ഷേ അവനെ എന്ത് ചെയ്യും?” കറിയാച്ചനതു പറഞ്ഞ് അകത്തേക്കു പോയി. മല്ലികയും എന്തോ ആലോചിച്ചുറപ്പിച്ചപോലെ അകത്തേക്കു കയറി. പിറ്റേ ദിവസം ഉള്ള രണ്ടു പശുക്കളേയും ഒരു മൂരിയേയും വണ്ടിയിൽ കയറ്റുമ്പോൾ പതിവില്ലാത്തൊരു ഒച്ചയിൽ വർക്കിയും കാറിവിളിച്ചു!

തൊഴുത്തിൽ ബാക്കിയായ വലിയ മൂരിയെ തലോടിക്കോണ്ട് വർക്കി എന്തൊക്കെയോ പുലമ്പിക്കൊണ്ടുനിന്നു… ‘നിന്നെയും നാളെ വെട്ടാൻ കൊണ്ടുപോകുമല്ലോയെന്ന് വ്യസനപ്പെട്ട്!’
രാത്രിയായിട്ടും ഒന്നും കഴിക്കാതെയും എഴുന്നേറ്റുമാറാതെയും മൂരിക്കരുകിൽതന്നെ കുമ്പിട്ടിരിക്കുകയായിരുന്ന വർക്കിയുടെ കഴുത്തിലേക്ക് ഒരു കയർക്കുരുക്ക് വീണതും മറ്റേയറ്റം കഴുക്കോലിലൂടെ കോർത്ത് നാല് കൈകൾ ആഞ്ഞുവലിച്ചതും പെട്ടന്നാണ്!

ഞാന്നുകിടന്ന് പിടയുന്ന അവൻ്റെ മൂത്രമിറ്റുമ്പോളാണ്, കുതറിച്ചീറ്റിവന്ന ആ മൂരിക്കൂറ്റൻ അവരെ ആഞ്ഞു കുത്തിയത്! തലയടിച്ചുവീണ് ബോധംകെട്ട മല്ലികയേയും തണ്ടല് തകർന്ന കറിയാച്ചനേയും കഴുത്തിലെ കയറഴിച്ചുമാറ്റി, അയൽക്കാരെ വിളിച്ചുക്കൂട്ടി, ആശുപത്രിയിലേക്കുകൊണ്ടുപോയത് മൂരിവർക്കി. ഒരിക്കലുമിനി എഴുന്നേല്ക്കാനാവാത്ത കറിയാച്ചനും ഏറെക്കുറേ ഓർമ്മ നശിച്ച മല്ലികയ്ക്കും ഇനിയുള്ളകാലം ആശ്രയമാകുന്നതും അവൻതന്നെ!

ഹരി ചന്ദ്ര

By ivayana