രചന : അശോകൻ പുത്തൂർ

സ്വപ്നങ്ങളിൽ
ജീവിതമൊരു
ഒളിക്യാമറ വെച്ചിട്ടുണ്ട്.
അതായിരിയ്ക്കാം
പ്രണയത്തിലേക്ക് പറത്തിവിടുന്ന
ഓരോ വാക്കും
ഭീതിയുടെ കടലിൽ പതിക്കുന്നത്
സ്നേഹത്തിന്റെ റഡാറിൽ
സന്ദേശങ്ങളൊന്നും തെളിയുന്നേയില്ല…………
നിലവിളിയിൽനിന്ന്
നിലാവിലേയ്ക്ക് വിക്ഷേപിക്കുന്ന
സങ്കടങ്ങളെ
ദൈവമേ എന്തിനാണിങ്ങനെ
മരണത്തിന്റെ ചുട്ടികുത്തി
ഇരുട്ടത്തു നിർത്തിയിരിക്കുന്നത്……..
കൊയ്ത്തുയന്ത്രംപോലെ
ഓർമ്മകൾ
അരിഞ്ഞരിഞ്ഞുപോകുന്ന ജീവിതമേ
ഇനിയേത് ദുരിതപ്പാടത്താണ്
പൂവിനുള്ളിലെ മണംപോലെ
ഈ രുചികളും മണങ്ങളും
നീ കരിയാതെ മുളപ്പിക്കുക..

അശോകൻ പുത്തൂർ

By ivayana