ഒരു ഇടവപ്പാതിക്കാലം. മഴ അതിൻറെ എല്ലാ ഭാവങ്ങളുമായി പെയ്തിറങ്ങുകയാണ്. തുടർച്ചയായ മഴയുടെ ഒന്നാം നാൾ നാട്ടിലെങ്ങും മീൻപിടുത്തത്തിൻറെ ഉത്സാഹത്തിലാണ്. ചെറു തോടുകളിൽ നിന്നും വരാല്,കാരി,മുഷി തുടങ്ങിയ മീനുകൾ ഏതോ കല്യാണവീട്ടിൽ പോകുന്നധൃതിയിൽ പെയ്ത്തുവെള്ളം ഒഴുകുന്ന കരയിലേക്ക് പുളഞ്ഞുകയറുന്നു. അടുക്കളയുടെ ഇറയത്ത് വാരിക്കിടയിൽ തിരുകിയ വെട്ടുകത്തിയും അരിവാളുമൊക്കെയായി പുരുഷപ്രജകൾ പറമ്പിലേക്കിറങ്ങി. കത്തിയുടെ മാടുകൊണ്ട് മീനുകളുടെ തലയ്ക്കടിച്ച് മയക്കി ഓരോന്നായ് കൂടയിലും മാക്കൊട്ടയിലും നിറയ്ക്കുകയാണ്. വീടുകളിൽ പെണ്ണുങ്ങൾ വട്ടവണികത്തി അരകല്ലിൽ രാകിമിനുക്കി കൂട്ടാൻ ചട്ടി വടക്കുപുറത്ത് കഴുകി പെയ്ത്തുവെള്ളത്തിൻറെ ദോഷമേൽക്കാതെ ഇറയത്ത് കമഴ്ത്തി ചാരിവച്ചു. മീൻ കിട്ടിത്തുടങ്ങിയാലുമില്ലെങ്കിലും ചാരായം കുടി ഈ സമയത്ത് ഒഴിവക്കാനാവില്ല. നല്ല തെങ്ങിൻ കള്ള് വാറ്റിയ വെട്ടിരുമ്പും ഒരുപൊതി തെറുപ്പ് ബീഡിയുമായി രാരിയപ്പൻ തൻറെ എട്ടരമുഴം വീച്ചുവലയുമായി നനുത്ത് പെയ്യുന്ന ചാറ്റൽമഴയിലേക്ക് മെല്ല നടന്നിറങ്ങി. മുറ്റത്തെ തെക്കേ കോണിലുള്ള കുളത്തിൻറെ മുട്ടുവേലി കവച്ച് അയാൾ മറുതാച്ചൻമാരുടെ കുരിയാല ലക്ഷ്യമാക്കി നടന്നു. അതിൻറെ തെക്ക് കിഴക്ക് കോണിലെ കൈതക്കാട് കടന്നാൽ അന്നാട്ടിൽ വേനൽക്കാലത്ത് എല്ലാവരും തുടിച്ചു കുളിക്കുന്ന ദീർഘ ചതുരാകൃതിയുള്ള കുളത്തിനരികിലെത്താം. കുളത്തിൻറെ കിഴക്ക് മാടിയോട് ചേർന്ന് ഒരു ചെമ്പോട്ടി മരം കുളത്തിലേക്ക് ചഞ്ഞു നില്പുണ്ട്. വേനൽച്ചൂടിൽ ചെമ്പോട്ടിയുടെ നിഴൽപറ്റി സുന്ദരമായ വലിയ കേശഭാരവുമായി നില്ക്കുന്ന സ്ത്രീയെ കണ്ടെന്ന് പറഞ്ഞ്പറഞ്ഞ് ആ പ്രദേശത്തിന് ഒരു യക്ഷി പരിവേഷം ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷം മുൻപ് പാട്ടക്കോണത്ത് വലിയ മൂപ്പീന്ന് ബോധമില്ലാതെ ചെമ്പോട്ടിമരത്തിൻറെ തെക്കേ ശിഖരത്തിൻ ചോട്ടിൽ കിടന്നത് എല്ലാവരിലും ഭയം ജനിപ്പിച്ചിരുന്നു. ആ സംഭവത്തിന് ശേഷം ആരും തനിച്ച് മുടിയുലമ്പാനോ കുളിക്കാനോ കുളക്കരയിലേക്ക് വരാറില്ല. പക്ഷേ, പാട്ടക്കോണത്തെ വലിയമൂപ്പീന്ന് ബോധം കെട്ടു കിടക്കുന്നത് ആദ്യം കണ്ട കപ്പമ്മേൽ പാറോത്തി മാത്രം പേടികൂടാതെ തനിയെ കുളക്കരയിൽ വരുന്നത് എല്ലവർക്കും അതിശയമാണ്. വലിയമൂപ്പീന്നിൻറെ ബോധംകെടലിൻറെ പതിനാലാം പക്കമാണ് മൂപ്പീന്നിൻറെ കെട്യോള് പെടുമരണപ്പെട്ടത്. പാറോത്തി അടുപ്പു പുകയാൻ വെറകും അടുപ്പിൽ വേവിക്കാൻ അരിയും വാങ്ങി പാട്ടക്കോണത്ത് നിന്ന് വാങ്ങിപ്പോയന്ന് രാത്രിയായിരുന്നു മൂപ്പത്യാര് മരണപ്പെട്ടത്.
കുളത്തിനരികിലെത്തിയ രാരിയപ്പൻ ഒരുനിമിഷം ചെമ്പോട്ടിയുടെ താഴെ നിന്നു. ഇലച്ചാർത്തിൽനിന്നും ഇറുന്നുവീഴുന്ന തുള്ളികൾ അയാളുടെ പുരികവും പുറവും നനച്ചു. അയാൾ കൂടയിൽ കൈയ്യിറക്കി ചാരായക്കുപ്പിയെടുത്ത് അടപ്പൂരി ഒരുകവിൾ അകത്താക്കി. അയാളുടെ ചിറിയും മുഖവും വക്രിച്ചു. ചെമ്പോട്ടി മരത്തിൻറെ കുളത്തിലേക്ക് പാഞ്ഞ വേരിനടുത്തായെന്തോ അനങ്ങുന്നു. രാരിയപ്പൻ മെല്ലെ ഇരുന്ന് അനക്കമുണ്ടായ ഭാഗത്തേക്ക് സൂക്ഷിച്ചു. വരാലാണെന്ന് തോന്നുന്നു. തടം തല്ലുകയാണ്. മുട്ടയിടാറായിക്കാണും.
രാരിയപ്പൻ കുളത്തിൻറെ പടിഞ്ഞാറെക്കരയിലൂടെ പുഴക്കരയിലേക്ക് നടന്നു. പാദം നനയുന്ന വഴിവെള്ളത്തിൽ നീന്തി അയാൾ മുന്നോട്ട് നീങ്ങി. പുഴക്കരയിലെ വീച്ചുകടവിൽ ഏതോമീൻ മറിഞ്ഞു. അയാൾ മീൻകൂട താഴെ വെച്ച് വല വലതുകൈയ്യിലെടുത്ത് ഇടതു കൈയ്യിൽ ഒരടുക്കെടുത്ത് ശരീരം മുന്നോട്ടും പിന്നോട്ടും ആഞ്ഞ് വലതുകൈയ്യിലെ വല പുഴയിലേക്കെറിഞ്ഞു. പപ്പട കണ്ണിക്ക് വല പുഴയുടെ മാറിലേക്ക് വിരിഞ്ഞിറങ്ങി. ശ്വാസം ഒന്നാഞ്ഞ് വലിച്ച് വിട്ട് രാരിയപ്പൻ വലതുകൈയ്യിൽ കെട്ടിയ വലയുടെ മാഞ്ഞാണുമായി പുഴയിലേക്ക് ഇടതുകാലൂർത്തിയിറങ്ങി. ഇരുകരങ്ങളും പുഴയിൽ മുക്കി വെള്ളംതെറുപ്പിച്ച് വലവലിച്ചു തുടങ്ങി. മാഞ്ഞാണ് വലിയുന്നതനുസരിച്ച് തൊടുവളയം താഴേക്കൂർന്നു. ഇടതുകൈനീട്ടി തൊടുവളയം മുകളിലേക്ക് വലിച്ചു. വലയുടെ ഇടതു ഭാഗം എന്തിലോ ഉടക്കി. വല വരുന്നില്ല. രാരിയപ്പൻ തൻറെ വലതുകൈയ്യിൽ നിന്നും മാഞ്ഞാണൂരി വെള്ളത്തിലേക്കൂർന്നുമുങ്ങി.
പെട്ടെന്ന് രാരിയപ്പൻ ഒന്നു ഞെട്ടി.. ‘രാരിയപ്പാ’
ആരോ തന്നെ വിളിച്ചുവോ… ഏയ് തോന്നിയതാവാം…
അല്ല. അതാ വീണ്ടുമാ ശബ്ദം.. പരിചയമുള്ള ശബ്ദം… ‘ രാരിയപ്പാ… നീയെന്തിനാ എന്നെ കഴുത്ത് ഞെരിച്ചത്’
അതെ… വല്യമൂപ്പീന്നിൻറെ കെട്യോള്…
രാരിയപ്പൻറെ പെരുവിരലിൽ നിന്നുമൊരു പെരുപ്പ്… ശ്വസം മുട്ടുന്നു. സർവ്വശക്തിയുമെടുത്തയാൾ മുകളിലേക്ക് തുഴഞ്ഞു… ഇല്ല ചലിക്കാനാവുന്നില്ല… കാച്ചെണ്ണയുടെ മണം…കൈകൾ അനക്കാനാവുന്നില്ല… ഉത്തരീയംകൊണ്ട് ബന്ധിച്ചരിക്കുന്നു…
ആരോ തൻറെ അരികിൽ നിൽക്കുന്നു. അയാൾ കണ്ണുകൾ തുറന്നു… താനിതെവിടെയാണ്…
ഹലോ … വിമൽ എങ്ങനെയുണ്ട്…
ഞാൻ സമി..ഇവിടെ ഡോക്ടറാണ്..
താങ്കൾക്ക് നല്ല മാറ്റമുണ്ട്… മൂന്നാല് ദിവസത്തിനകം വീട്ടിലേക്ക് പോകാം..
അല്ല, ആരാണീ രാരിയപ്പൻ…
……ഗംഗ അനിൽ….