രചന : മഷി
മഴ നനഞ്ഞു ഒരു പൂക്കുടയും ചൂടി മെല്ലെ മെല്ലെ പുതിയ കൂട്ടുക്കാർക്കിടയിലേക്ക് ഒരിക്കൽ കൂടി നടന്നിറങ്ങാൻ തോന്നുന്നു…
പുതു പുത്തൻ പുസ്തകങ്ങളുടെ ഗന്ധവും, മഴയുടെ ഗന്ധവും, ‘അമ്മ വെളുപ്പിനെ എഴുനേറ്റ് പൊതിഞ്ഞു തന്ന പൊതിച്ചോറിൻ മണവും , പാട വരമ്പും.,ഹോ…. ഒരിക്കൽ കൂടി ബാല്യത്തിലേക്ക് നടന്നു പോകാൻ കൊതിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല…
അതേ ഈ കഥ നടക്കുന്നതും ബാല്യ കാലത്തിൽ തന്നെയാണ്,
ആംഗലേയ ഭാഷയായ 26 അക്ഷരങ്ങൾ എണ്ണി തിട്ടപെടുത്തി തന്നിരുന്ന ഗംഗാധരൻ മാഷിന്റെ പ്രിയ വിദ്യാലയമായ ഗവർണമെന്റ് ഫിഷറീസ് സ്കൂൾ.
അച്ഛന്റെ ഉറ്റ കൂട്ടുകാരന്റെ സ്കൂൾ ആയത് കൊണ്ട് തന്നെ, ഇഷ്ട സതീർത്യന്റെ പരിരക്ഷണത്തിൽ വിദ്യ പകർന്നാൽ ഉന്നതത്തിൽ തന്നെ എത്തുകയും ചെയ്യും എന്താവിശ്യം ഉണ്ടേലും അവൻ അവിടെ ഉണ്ടല്ലോ എന്ന അച്ഛന്റെ ധൈര്യം, അതുകൊണ്ട് തന്നെ തറവാട്ടിലെ എല്ലാ പിഞ്ചു പൈതലും ഹരിശ്രീ കുറിച്ചു തുടങ്ങിയത് ആ വിദ്യാലയത്തിൽ ആയിരുന്നു.
ഈ ഒരു കാര്യം കൊണ്ട് തന്നെ എനിക്കും ആ വിദ്യാലയത്തിൽ എത്തിപ്പെടേണ്ടി വന്നു.
എനിക്ക് കൂട്ടായി… അടുത്ത വീട്ടിലെ ഷമീറും നഫ്നയും.
അങ്ങനെ സ്കൂളിലെ ഒരു ദിവസം
സമയം ഉച്ച ഉച്ചര ഉച്ചമുക്കാൽ….,ആംഗലേയ ഭാഷ കൈകാര്യം ചെയ്തു ഗംഗാധരൻ മാഷ് പോയതിന് തൊട്ടു പിന്നാലെ ആണ്
മേരി ടീച്ചർ വന്നത്.
ടീച്ചറുടെ വിഷയം കണക്ക് ആയിരുന്നു…
ഇനിയാണ് കഥ,
കടം മേടിക്കാൻ ആദ്യം പഠിപ്പിച്ചത് ഒന്നാം ക്ലാസിലെ മേരി ടീച്ചറാണ്….
നോക്കേണ്ട…. ഉള്ളതാണ്..
അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും ഒരു ടീച്ചർ ഒരു വിദ്യാർഥിയെ കടം വാങ്ങിക്കാൻ പഠിപ്പികുമോ എന്ന് ല്ലേ…
എന്നാൽ ഞാൻ പറഞ്ഞു തരാം കഥയുടെ സാരം…
ക്ലാസ്സിൽ മേരി ടീച്ചർ ബോഡിൽ
20 ൽ നിന്ന് 7 കുറക്കാൻ കണക്കിട്ടു തന്നു…
അങ്ങനെ എല്ലാരും കണക്ക് ചെയ്യാൻ മത്സരമാണ്.
അന്നെല്ലാം ആദ്യം കണക്ക് ചെയ്യുന്നവരാണ് ക്ലാസിൽ വല്യ ആൾ എന്ന ചിന്ത ഉണ്ടായിരുന്നു എല്ലാവരുടെ ഉള്ളിലും
അങ്ങനെ ഞാനും ക്രിയ ചെയ്ത് തുടങ്ങി…. എത്ര കളിച്ചിട്ടും പൂജ്യത്തിൽ നിന്ന് 7 കുറയ്ക്കാൻ കഴിയുന്നില്ല എന്നിലെ ഇളം മനസിന്.
എന്ത് സംശയം ഉണ്ടേലും ടീച്ചറോട് ചോദിക്കണം എന്ന് ‘അമ്മ പറഞ്ഞത് കൊണ്ട് തന്നെ , ഞാൻ ചാടി എഴുനേറ്റ്
ടീച്ചർ…. ന്ന് ഉറക്കെ വിളിച്ചു…
അങ്ങനെ ഞാനെന്റെ സംശയം ചോദിച്ചു….
അല്ല ടീച്ചറെ ഈ പൂജ്യത്തിൽ നിന്ന് 7 കുറക്കാൻ പറ്റുന്നില്ലാലോ
അപ്പൊ ടീച്ചർ പറഞ്ഞു ഇങ്ങനെ ക്രിയ ചെയ്തു വരുമ്പോൾ , കുറയ്ക്കാൻ കഴിയുന്നിലേൽ അടുത്തുളള സംഖ്യയിൽ നിന്ന് ഒന്ന് കടമെടുക്കാനും ടീച്ചർ തന്നെ പറഞ്ഞുതന്നു..
അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ മനസില്ലാമനസോടെ അന്നാദ്യമായ് കടം എടുത്തു.
പിന്നീടങ്ങോട്ട് ജീവിതത്തിലെന്നും കടമെടുത്തു ജീവിച്ചു….
ബാങ്കും കൊള്ള പലിശ മുതൽ എല്ലാത്തിൽ നിന്നും കടമെടുത്തു…
പറ്റുമെങ്കിൽ വേൽഡ് ബാങ്കിൽ നിന്ന് കൂടി കടം എടുക്കാൻ പറ്റുമോ ന്ന് ശ്രമിച്ചു കൊണ്ടിരിക്കുന്നു.
എല്ലാം കഴിഞ്ഞിട്ടും ഒടുവിൽ കടം മാത്രം മിച്ചം!!
(ചെറിയ ക്ലാസിൽ
തന്നെ കുട്ടികളെ കടമെടുക്കാൻ പഠിപ്പിക്കുന്ന വിരോധാഭാസമായ വികലമായ ഈ വിദ്യാഭ്യാസസമ്പ്രദായം ഉടച്ച് വാർക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്.. )
NB : അഭിമാനിയായ ആ ഒന്നാം ക്ലാസുകാരൻ ഈ ഞാൻ തന്നെ…
ഇന്നും കടത്തിലാണ്….