രചന : രാജ് രാജ്

ഉടഞ്ഞു പോയ മനസിന്റെ ദുഃഖ
സ്ഥലികളിൽ നിന്നുള്ള വാക്കുകളുടെ
ലാവാ പ്രവാഹമാണ്
എന്നിലെ കവിത…
അനുഭവങ്ങളുടെ
അഗ്നികുണ്ഡത്തിൽ
നിന്നും ഉരുകിയൊഴുകുന്ന
നോവിന്റെ പാട്ടാണ്
എനിക്ക് കവിത….
നഷ്ട സ്വപ്നങ്ങളുടെ
ആത്മവ്യഥയിൽ
നീറിപ്പടരുന്ന വ്യർത്ഥ
മോഹങ്ങളാണ്
എനിക്ക് കവിത…..
സ്വപ്നങ്ങളുടെ തേരിൽ പറന്നുയരുന്ന ആയിരം ചിറകുള്ള
മോഹങ്ങളാണ്
എനിക്ക് കവിത….
സ്മൃതിപഥങ്ങളിലെ
വേരഴുകിപോയ
പ്രതീക്ഷകളുടെ
ആകുലതകളാണ്
എനിക്ക് കവിത….
അടിച്ചമർത്തപ്പെട്ടവന്റെയും
അരികുവൽക്കരിക്കപ്പെട്ടവരുടെയും
പ്രാണൻ പിടയുന്ന
ദീന വിലാപമാണ്
എനിക്ക് കവിത….
ആത്മാവിൽ അലിഞ്ഞു ചേർന്ന
പ്രണയ ബീജങ്ങളുടെ ഈറ്റ്
നോവാണ് എനിക്ക്
കവിത…..
മാറാല മൂടിയ ആത്മ നൊമ്പരങ്ങളുടെ
ആത്മാലാപമാണ്
എനിക്ക് കവിത…
ഹൃദയത്തിന്റെ ആഴങ്ങളിൻ കുഴിച്ചു
മൂടിയ ആഗ്രഹങ്ങളുടെ
പുനർജ്ജനിയാണ്
എനിക്ക് കവിത….
പ്രതികരിക്കാതെ പോയ ആത്മ വിചാരങ്ങളുടെ സാന്ദ്ര വിഷാദമാണ്
എനിക്ക് കവിത…
ഒടുങ്ങാത്ത ഒരായിരം കാമനകളുടെ സ്നേഹ നൊമ്പരമാണ്
എനിക്ക് കവിത.
വാക്കുകളുടെ ആഴങ്ങളിൽ എനിക്കും നിനക്കുമായി
കാത്തുവച്ച ഇഴപൊട്ടാത്ത
സ്നേഹാർച്ചനയാണ്
എനിക്ക് കവിത
കവി കാലത്തെയറിയുന്നു
കവിത കാലത്തെയും….
ഋതുഭേദങ്ങളുടെ
പാരിതോഷികമാണ്
എനിക്ക് കവിത….
സീമാതീതമായ
സ്നേഹപ്രവാഹത്തിന്റെ
അനശ്വര സംഗീതമാണ്
എനിക്ക് കവിത…

By ivayana