സുബി സുബീഷ്
ഭൂമി മലയാളത്തിൽ എഴുതി തുടങ്ങിയാൽ മനസ്സിലേക്ക് ആദ്യം കടന്നു വരിക “അമ്മ” എന്ന മഹാ കാവ്യമാണ്..അമ്മയുടെ അനുഗ്രഹത്താൽ തുടങ്ങുന്നു …….. “നിഴലോർമ്മകൾ”
നിനക്കെഴുതിയാലെന്താ ഉണ്ണീ … അമ്മയുടെ ഈ വാക്കുകളിലെ ലാളിത്യമാണ് എന്നെ എഴുത്തെന്ന പുസ്തകത്തിലെ താളുകൾ ഓരോന്നായി മാറ്റാൻ പ്രാപ്തനാക്കിയത്.
അച്ഛൻ വെറും ഒരു ഓർമ്മ മാത്രമായിരുന്ന എനിക്ക് അമ്മയായിരുന്നു കൂട്ട്, അമ്മയ്ക്ക് കൂട്ടായി ഞാനും. അച്ഛനും അമ്മയും സ്നേഹിച്ചു വിവാഹം കഴിച്ചവരാണ്, വീട്ടുകാരുടെ സമ്മതം ഇല്ലാതെയായിരുന്നത് കൊണ്ട് കുടുംബ അംഗങ്ങളോടുന്നും അധികം ബന്ധമൊന്നുമില്ലായിരുന്നു.
അച്ഛൻ മരിച്ചതിനു ശേഷം വീട്ടു ജോലിക്ക് പോയി എന്നെ വളർത്തി വലുതാക്കിയ ആ അമ്മയുടെ മോനായി പിറന്നത് മുൻജന്മത്തിൽ ആരോ ചെയ്ത നന്മയുടെ കർമ്മ ഫലം ആണെന്ന് തന്നെ പറയണം. അമ്മയ്ക്കൊരുപാട് ഇഷ്ടമായിരുന്നു പുസ്തകം വായന, അതിൽ കഥകളും കവിതകളും ലേഖനങ്ങളും എല്ലാം പെടും. അമ്മയുടെ ഈ വായനാ ശീലം എന്നെയും അതിരില്ലാതെ കീഴ്പെടുത്തി തുടങ്ങിയിരുന്നു.
ആ വായന ഞൊടിയിടയിൽ എന്നെ എഴുത്തിന്റെ ആദ്യാക്ഷരം കുറിക്കാൻ തക്ക വണ്ണം സ്വാധീനിച്ചു. അമ്മയുടെ സ്നേഹത്തിൽ പൊതിഞ്ഞ പ്രോത്സാഹനം അതി വേഗത്തിൽ എന്നെ ഒരു എഴുത്തുകാരനാക്കി തീർത്തു. സ്കൂളിലും പിന്നീട് കലാലയ ജീവിതത്തിലും എന്നിലെ എഴുത്തിനും എഴുത്തു കാരനും ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടാനുള്ള അവസരങ്ങളുണ്ടായി.
ഉമ്മറത്തുള്ള അച്ഛന്റെ പഴയ കസേരയിലിരുന്നു എന്തോ കുത്തിക്കുറിക്കാൻ കയ്യിൽ കടലാസുമായി ഇരിക്കാൻ നോക്കുമ്പോഴായിരുന്നു ഒറ്റപ്പെടലിന്റെ കറുത്ത ദിനരാത്രങ്ങളിലേക്കെന്നെ മുറിച്ചുമാറ്റപെട്ട ആ സംഭവം നടക്കുന്നത്. മോനേ ഉണ്ണീ അമ്മക്കൊരു വല്ലായ്മ പോലേ, അമ്മയൊന്നു കിടക്കട്ടെ എന്നും പറഞ്ഞു ആ പഴയ കട്ടിലിൽ ഇനിയൊരിക്കലും എഴുനേക്കാൻ പറ്റാത്തവണ്ണം ദീർഘ നിദ്രയിൽ ‘അമ്മ അലിഞ്ഞു പോയിരുന്നു.
അമ്മയുടെ മരണ ശേഷം എല്ലാം ആകെ മടുപ്പായിത്തുടങ്ങി, അമ്മയില്ലാത്ത വീട്ടിൽ ചിറകറ്റ പക്ഷിയെ പോലെ പറന്നുനടക്കാൻ എന്റെ മനസ്സെന്നെ അനുവദിച്ചില്ല .
എവിടെയൊക്കെയോ ഒരു ദേശാടന പക്ഷിയെപ്പോലെ കറങ്ങി നടന്നു, കൂട്ടിനു അമ്മയോടൊപ്പം ജീവിച്ച മധുരമായ ഓർമകളും മാത്രം. ഒരു പാട് കാലങ്ങൾ യവനികക്കുള്ളിൽ മറഞ്ഞു പോയിരിക്കുന്നു, സ്വന്തമെന്നും ബന്ധമെന്നും പറയാൻ ആരുമില്ലാത്ത ഞാൻ ജീവിതവഴിയിൽ എവിടെയോ വച്ച് മറന്നു പോയ എഴുത്തെന്ന കൂട്ടുകാരനെ എന്നിലേ വഴിയിലേക്ക് തിരികെ കൊണ്ട് വരാൻ ഒരുപാട് പ്രയാസപ്പെട്ടു.
അതിനിടയിലാണ് എന്റെ മനസ്സിലേക്ക് വിളിക്കാതെ വന്ന അതിഥിയെ പോലെ അമ്മയും അച്ഛനും ഉറങ്ങുന്ന മണ്ണിലേക്ക് ഒരു വിരുന്നു കാരനെ പോലെ പോകണം എന്ന ചിന്ത ഉടലെടുത്തത്. തിരിച്ചു വരുന്ന എന്നെ വരവേൽക്കാൻ വേണ്ടി മഴയും തയ്യാറെടുത്തിരുന്നു എന്ന് എനിക്ക് തോന്നി. ഉണ്ണീ എന്ന അമ്മയുടെ വിളികൾ ഒരായിരം തവണ എന്റെ കാതിനു ചുറ്റും മുഴങ്ങിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. തൊടിയിലെ ചാര് കസേരയിൽ ഇരുന്നു പഴയ കാലത്തെ കുറിച്ചോർത്തു ഒന്ന് എഴുതിയാലോ എന്ന് വിചാരിച്ചപ്പോൾ പ്രിയപ്പെട്ടവർ ആരൊക്കെയോ കഥാപാത്രങ്ങളായി മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു.
ഇളം കാറ്റിൻറെ പ്രസരിപ്പും മഴയ്‌ക്കൊന്ന് വന്നു പോയാലോ എന്ന ചിന്തയും എന്നിലെ ഓർമ്മയെ വല്ലാതങ്ങു തൊട്ടു തലോടുന്നുണ്ടായിരുന്നു.
“കാലം കാത്തുവച്ചിരുന്ന കാല്പനികത എന്നെയൊരു എഴുത്തുകാരനായി അറിയപ്പെടണം എന്നായിരിക്കില്ല മറിച്ചു അമ്മയെന്ന ഓർമ്മയുടെ സാരിത്തുമ്പിൽ എവിടെയോ കുറിച്ച് വച്ച എഴുത്തെന്ന വൈകാരികത മാത്രമായിരിക്കാം”.
സ്നേഹത്തോടെ സുബി …