രചന : അനില്‍കുമാര്‍പി ശിവശക്തി

കാട്ടുമാക്കാ കാട്ടുമാക്കാ
പൂതത്താന്‍ കെട്ടിലെ കാട്ടുമാക്കാ
പൊന്തക്കാട് താണ്ടി വരുന്നേ
കാട്ടുമാക്കാ ചന്ത കാട്ടുമാക്കാ
ഉച്ചവെയില്‍ കായുന്ന നേരത്ത്
കാടിളക്കി കാട്ടില്‍ തേവരെത്തി
നായാടി ഞാന്‍ മണ്ണിന്‍റെ ചോട്ടില്‍
മാളം കുഴിച്ചങ്ങോളിച്ചിരുന്നേ
ചത്തെലിയും കാട്ടുപോത്തുമെന്‍റെ
പള്ള നിറച്ച് കഴിച്ചിരുന്നേ
പച്ചിലയാല്‍ നാണം മറച്ചും
പച്ച മണ്ണിന്‍റെ മണമണിഞ്ഞേ
ചുട്ടു പൊള്ളും വേനലില്‍
മണ്ണിന്‍റെ മാളത്തി ഞങ്ങ ഒളിച്ചിരുന്നേ
കാട്ടുതീയില്‍ ചുട്ട കിഴങ്ങുകള്‍
വാട്ടയിലയില്‍ കഴിച്ചിരുന്നേ
കാടിളക്കും പേമാരി ചാലില്
ഞങ്ങടെ മക്ക ഒലിച്ചുപോയേ
ചങ്ക് പിടയുന്നു ഞങ്ങയും
നിങ്ങടെ നാട്ടിലെ മനുഷ്യരല്ലേ
ആര് നിന്നെ തേവരാക്കി
മണ്ണിന്‍റെ മാറ് മുടിച്ചീടുവാന്‍
കോട്ടകെട്ടി തീണ്ടിയകറ്റാന്‍
നിങ്ങയാര് മണ്ണിന്‍ കാവാലാളോ
ഞങ്ങ ചോറ് ഞങ്ങ വിയര്‍പ്പ്
നിങ്ങ കൊയ്ത് കളം നിറച്ചു
തീണ്ടല്‍ മുറി പെണ്ണിന് വേണ്ടി
ദൃഷ്ടി പെടാതെ നീ തീര്‍ത്തു വച്ചു
പെണ്ണിന്‍റെ സ്വാതന്ത്ര്യം പോലും
അബലയെന്നോതി കവര്‍ന്നെടുത്തു
.തീണ്ടലിന്‍ പുല ചാളയെന്ന്
നീ ഞങ്ങടെ ദേശം കളിയാക്കില്ലേ
ഒച്ചയാട്ടി ഞങ്ങടെ വീഥീന്ന്
ഓഡിയൊളിക്കാന്‍ പറഞ്ഞില്ലേ നീ
ചേറില്ലാതെ ചേലയുടുത്തതും
മാറ് മറച്ചതും കോപാമായോ
രാവില് പായവിരിക്കാതെ
ആട്ടിയോടിച്ചതും കോപമായോ
കാളിയേയും മാടനേയും നീ
പുല തേവരെന്ന് കളിയാക്കിയില്ലേ
പിന്നെന്തിനീ കാളിയമ്പലത്തില്‍
കൈ കൂപ്പി കുമ്പിട്ട് കണ്ണടച്ചു
ചാട്ടുളിയും ചാട്ടവാറും കൊണ്ട്
ഞങ്ങടെ ദേശത്തിറങ്ങരുത്
തിരണ്ടിവാലിന്‍ ചൂടുള്ളടികൊണ്ട്
സവര്‍ണത്വമെല്ലാം തകര്‍ന്നടിയും
(കാട്ടുമാക്കാ….)

അനില്‍കുമാര്‍പി ശിവശക്തി

By ivayana