രണ്ടുവേലികൾക്കപ്പുറത്ത്
പണ്ടൊരപ്പച്ചനും
ഇല്ലിക്കുട്ടിയുമുണ്ടായിരുന്നു.

വാഴയും കപ്പയും
ചേനയും തുടങ്ങി
തൊടിയിൽ അവര്
നിറഞ്ഞുനിന്നിരുന്നു.

അതുവഴി പോയവരാരും
വെറുംകയ്യോടെ മടങ്ങുന്നത്
അവർക്ക് ഇഷ്ടമല്ലായിരുന്നു.

അതുകൊണ്ടുപോയി
തിന്നാത്ത
ഒരൊറ്റസുജായിയും
ഇക്കരയിലില്ലായിരുന്നു.

കാലം മുന്നോട്ടുരുണ്ടു.

ഞങ്ങള്
നാക്കുവടിച്ചു,
പല്ലുതേച്ചു,
പള്ളിക്കൂടത്തിപ്പോയി.

ഇല്ലിക്കുട്ടി ലില്ലിക്കുട്ടിയായി.

ഞങ്ങൾക്ക് ദഹനക്കേട്
പിടിച്ചു,
ഒന്നും പിടിക്കാതായി.

അപ്പച്ചനും ലില്ലിക്കുട്ടിയും
ഓർമ്മയായി,
ഇപ്പോഴവരുടെ മക്കളായി.

കൊറോണ വന്നു,
കാലത്തെ പിന്നോട്ടുരുട്ടി,
ഞങ്ങളതുവഴി നടന്നു.

അപ്പച്ചനും ലില്ലിക്കുട്ടിയും
മാടിവിളിച്ചു,
ഞങ്ങളുടെ ദഹനക്കേട്
തീർത്തുതന്നു.

സിദ്ധീഖ് ചെത്തല്ലൂർ

By ivayana