രചന : ശ്രീരേഖ എസ്

മിഴികളിൽ പൂക്കുന്ന
പൂവുകൾക്കിന്നെന്തേ
പതിവില്ലാത്ത തിളക്കം!
ഹ്യദയത്തിൻ തേങ്ങലിൽ
വിടരുന്ന ദു:ഖങ്ങൾ,
മുത്തുകളായ് പൊഴിയുന്നതാണോ …?

മനതാരിൻ പൂമുഖത്ത് തെളിയുന്ന
പ്രണയദീപമോ? വിരഹമോ ..
അതോ, വെറും പരിഭവമോ?
കവിതതൻ മിന്നായമോ?

എഴുതുന്ന വരികള്ക്കു
മികവേകാനെത്തുന്ന
കരളിലെ സ്നേഹപ്രവാഹമോ!
അകലുന്ന ചിറകടി കാതോർത്തിരിക്കുന്ന
ഇണക്കിളിയുടെ നൊമ്പരമോ ..

എരിയും മനമതിൽ
തണലായ് നിറയുന്ന
ആകാശച്ചില്ലതൻ ഹരിതാഭയോ?
അതോ, സ്ത്രീത്വത്തിൻ നാഡീസ്പന്ദമോ?

ശ്രീരേഖ എസ്

By ivayana