രചന : വാസുദേവൻ കെ വി
അവന്റെ വട്ടെഴുതുകൾ പർവ്വതവൽക്കരിച്ച്,
അതിലവളെ താതാത്മ്യം പൂണ്ട് ഓരോന്ന് പറയാൻ അവൾക്ക് കമ്പം..എഴുത്തുവേറെ എഴുത്തുകാരൻ വേറെ തിരിച്ചറിയാൻ തുനിയാതെ. അതസഹ്യമായ വേളയിൽ മുഖപുസ്തക സൗഹൃദമകറ്റി അവൻ സ്വാതന്ത്രനായി. ഒരു തുള്ളി പ്രണയം പോലും ചോരാതെ… പിന്നീട് അവനെ തിരയൽ ദൗത്യവുമായി അവൾ സദാ.. പല പേരുകളിൽ..
നേരിൽ കണ്ടപ്പോൾ അവനത് സൂചിപ്പിച്ചു. പതിവുപോലെ അവൾ കുപിതയായി.. “തിരച്ചിലോ അതിനു താങ്കൾ എനിക്കാര്?? “
അവൻ അവളോട് ചേർന്നിരുന്നു അവൾക്ക് മറുമൊഴിയേകി ” നീ ക്ഷമിക്കൂ… “
അവന്റെ ഓർമ്മകളിൽ സെല്ലുലോയ്ഡ് വെളിച്ചം വീശി.
ഇഷ്ട്ടം തോന്നിയവനെ തിരക്കിയിറങ്ങിയവളുടെ ആധികൾ പ്രമേയമാക്കി കുറേ നല്ല സിനിമകൾ. ‘മുഖാമുഖം’, ‘ആലീസിന്റെ അന്വേഷണങ്ങൾ’, ‘പിറവി’, ‘കുട്ടിസ്രാങ്ക്’, ‘കഥാപുരുഷൻ’,………
പെണ്ണ് ഇഷ്ട്ടപ്പെട്ടവനെ തേടിയിറങ്ങുന്നതിൽ എന്ത് അപാകം.. !!
ആൺ തന്റെ പ്രിയപ്പെട്ടവളെ അന്വേഷിച്ചിറങ്ങുന്ന വെള്ളിത്തിര അനുഭവം അപൂർവ്വം.. അവന്റെ ഓർമ്മയിൽ “ഒരാൾപൊക്കം’.
സനൽ കുമാർ ശശിധരൻ ഒരുക്കിയ നല്ല സിനിമ.
അഞ്ചു കൊല്ലക്കാലം കരാർ രഹിത സഹവാസം ഉപേക്ഷിച്ചു മായ എന്ന നായിക അകലുന്നു.. പിന്നീടൊരിക്കൽ അവൾ ദൂരെയുണ്ടെന്ന അറിവ്. അവളെ തേടി മഹേന്ദ്രൻ ഹിമാലയപ്രാന്തങ്ങളിലേക്ക് അന്വേഷണവുമായി… മേഘവിസ്ഫോടനത്താൽ താറുമാറായ കേദാർ കാഴ്ചകൾ തനിമയോടെ ഒപ്പിയെടുത്ത ക്യാമറകണ്ണുകൾ. ‘ഇവൻ മേഘരൂപൻ’,’ സൂഫി പറഞ്ഞ കഥ’ ചിത്രങ്ങളിലൂടെ പരിചിതമായ തീയേറ്റർ ആര്ടിസ്റ്റ് പ്രകാശ് ബാരെ നായകൻ.
എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീനാ കന്തസ്വാമി നായികയും.. പൊതുജന പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെട്ട ഒരാൾപ്പൊക്കം പിന്നീട് ‘സിക്സ് ഫീറ്റ് ഹൈ ‘ എന്ന പേരിൽ ആംഗലേയത്തിലും.
അതിൽ നായിക നായകനോട് പറയുന്ന ഒരു സംഭാഷണം ഉണ്ട്.
“ഡോണ്ട് ഷൗട്ട് അറ്റ് മീ, ഐ ആം നോട് യുവർ വൈഫ്., “..
തേടിയിറങ്ങുക ആശ്വാസം പകരുമെങ്കിൽ … പ്രണയ പൂർവ്വം അവൻ അവളുടെ കാതിലോതി
” നീയെന്നെ തിരയുക…
I promised u nothing but i gave u everything…….”