ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചിരിദിനം ആയിരുന്നല്ലോ, ചിരിദിനത്തിലെ പ്രഭാതം ഉണർന്നത് ഒരു മരണവാർത്ത അറിഞ്ഞാണ്, അതോണ്ട് പോസ്റ്റ്‌ പിന്നീടാകാമെന്ന് വെച്ചു. യാദൃച്ഛികമാണെങ്കിലും ഇന്നും ഒരു ദിനാചരണമാണ്. ഒരു പക്ഷെ ചിരിദിനത്തെക്കാൾ പ്രാധാന്യമുള്ളത്. മാതൃദിനം. ദിനാചരണങ്ങളെക്കുറിച്ചും പ്രത്യേകിച്ചു മാതൃദിനത്തെകുറിച്ചുമൊക്കെ നെഗറ്റീവ് കമന്റ്സുകളും നിലപാടുകളും നിലനിൽക്കുന്നുണ്ട്. ഇവിടെ നമ്മുടെ വിഷയം ചിരി ആണ്. ഈ ചിരിയും മാതൃദിനവും തമ്മിലുള്ള കണക്ഷൻ ഒന്ന് നോക്കാം, നമ്മളെല്ലാം ആദ്യം കാണുന്ന ചിരി നമ്മുടെ അമ്മയുടെയാണ്. പിറവിയില ആ ചിരിക്ക് ഒരു പാട് പ്രത്യേകതകൾ, കരഞ്ഞുകൊണ്ടിരുന്ന അമ്മ നമ്മളെ കാണുമ്പോൾ ചിരിക്കുന്നു. അപ്പോൾ നമ്മൾ കരഞ്ഞുകൊണ്ടിരിക്കുകയാവും. പിന്നീട് ചിരിക്കാൻ പഠിക്കുന്നതും ചിരിക്കുന്നതും അമ്മയുടെ മുഖത്ത് നോക്കി തന്നെയാണ്. അമ്മമാരുടെ മുഖത്തെ ചിരി മായാതിരിക്കാൻ മക്കളെല്ലാവരും സദാ ശ്രദ്ധരാണ്.

ചിരി ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. ചിരി ക്ലബ്ബ്കൾ വരെ ഉണ്ട്. ചിരികൾ പലവിധത്തിൽ ഉണ്ട്, നമുക്കറിയാവുന്നത് പോലെ പുഞ്ചിരി, ആക്കിചിരി, കൂക്കി ചിരി, കൊലച്ചിരി, അട്ടഹാസം എന്നിങ്ങനെ ലിസ്റ്റ് നീളുന്നു. ഓരോ ചിരിയുടെയും അർത്ഥം നമുക്ക് മനസിലാക്കാൻ പറ്റും. ഓരോ ചിരിയും ഹൃദയത്തിന്റെ പരിച്ഛേദമാണ് പ്രദർശിപ്പിക്കുന്നത്. എന്നാൽ ചിലപ്പോൾ ചിലർക്ക് ചിലരുടെ ചിരി വേണ്ടത് പോലെ മനസ്സിലാക്കാൻ പറ്റാതെ വരുന്ന വിഷമഘട്ടങ്ങളും ഉണ്ടാവും. ഒരു നിറഞ്ഞ പുഞ്ചിരി അഭിവാദ്യം കൂടിയാണ്. ചിരിയുടെ പ്രതിഫലനങ്ങൾ നമ്മുടെ മുഖത്തെ ഓരോ അവയവങ്ങളിലും ദർശിക്കുന്നു. കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കവേ ഹെൽമെറ്റും മാസ്ക്കും അണിഞ്ഞു ഞാൻ ഒരു പരിചയക്കാരന് ഒരു ചിരി സമ്മാനിച്ചു. പ്രത്യഭിവാദ്യമായി മനസ്സ് നിറഞ്ഞ ഒരു പുഞ്ചിരി എനിക്ക് ലഭിച്ചു. വീട്ടുവളപ്പിലായത് കൊണ്ട് അദ്ദേഹം മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. കണ്ണ് മാത്രം പുറത്തു കാണത്തക്ക വിധത്തിലായിട്ടും എങ്ങനെ അദ്ദേഹം എന്റെ ചിരി മനസിലാക്കി എന്ന് ഞാൻ ചിന്തിച്ചു. ചിരിയുടെ പ്രതിഫലനം അയാൾ എന്റെ കണ്ണിൽ കണ്ടു. അതെ ചിരിക്കുന്ന കണ്ണുകളും നമുക്കുണ്ട്. പുഞ്ചിരി ധാനധർമ്മമാണെന്നാണ് പ്രവാചക വചനം.

ദുഃഖകാലഘട്ടത്തെയും പ്രതിസന്ധികളെയും മറികടക്കാൻ മതിമറന്ന ചിരികൾക്ക് ചിലപ്പോൾ കഴിയും. മലയാളികൾക്ക് ചിരിക്കാൻ ഒരുപാടിഷ്ട്ടമാണ്. അത് കൊണ്ടാണ് കോമഡി ആർട്ടിസ്റ്റുകളെയും ട്രോളന്മാരെയും നെഞ്ചോട് ചേർത്ത് നിർത്തിയത്. സോഷ്യൽ മീഡിയയിൽ ഉള്ള റിയാക്ഷൻ ബട്ടണുകളെ സ്മൈലി എന്നും പറയാറുണ്ട്. പല തരത്തിലുള്ള ചിരിയുടെ അടയാളപ്പെടുത്തലുകൾ തന്നെയാണവ, ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്നത് ചിരികളാണ്. ഒരു ചിരിയാണ് പലപ്പോഴും വലിയ സൗഹൃദം രൂപപെടുത്തുന്നത്. അത് കൊണ്ട് മനസ്സ് തുറന്നു ചിരിക്കൂ, ചിലപ്പോഴൊക്കെ ഉറക്കേ ചിരിക്കൂ, നിങ്ങളുടെ ആയുസ്സും ആരോഗ്യവും ബന്ധങ്ങളും വർദ്ധിക്കട്ടെ….

അനസ് അരൂക്കുറ്റി

By ivayana