രചന : അമിത്രജിത്ത്.

മൂടികെട്ടിയ വായയും മൂക്കും
പിഴയൊടുക്കാത്തൊരേയൊരംഗം
തുറന്നിട്ടിതാ കർണ്ണപുടങ്ങൾ രണ്ടും
അവിടെ അലയടിച്ചുയരുന്നതോ
കദനകഥകളുടെ വൈഷമ്യങ്ങളും.

ഉരിയാടാതിരിക്കുവാൻ,
ശബ്ദമുണ്ടാക്കാതിരിക്കുവാൻ,
പ്രതിപക്ഷമാവാതിരിക്കുവാൻ
പ്രതികരണം തീർക്കാതിരിക്കുവാൻ
മാസ്ക്കണിഞ്ഞവനും പിഴ
ഈടാക്കിയല്ലോ
ഭാരം മുതുവൊടിക്കുന്നു.

പലതും കേട്ടു കൊണ്ടിരിക്കുന്നു
മറുവാക്കുരിയാടാനാവാതെ …
കർണ്ണപുടങ്ങളിറുത്തു കൊൾക !
കണ്ണിനൊരു താഴുമിട്ടു കൊൾക !
മാസ്കിനാലാ
നാവിനെ പൂട്ടിയപോൽ !

എങ്കിലെനിക്കൊരു വേളയെങ്കിലും
മൗനം വെടിഞ്ഞിരിക്കാനാവുമല്ലോ
കണ്ണിനും കാതിനും കൂടെ
മാസ്ക്കണിഞ്ഞാലീ
ഉലകത്തിലെത്ര ധന്യാത്മജൻ ഞാൻ.!

അമിത്രജിത്ത്

By ivayana