സോമരാജൻ പണിക്കർ ✍️

ഒരു ഗൾഫ് പ്രവാസി അവധിക്കു വരുമ്പോൾ നാട്ടുകാരും വീട്ടുകാരും സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യം ആണു ..
” വീടോ സ്ഥലമോ വല്ലതും വാങ്ങിയോ ‌.? “

ഞാൻ വളരെ അപ്രതീക്ഷിതമായാണു ഒരു ഗൾഫ് പ്രവാസി ആകുന്നതു ..അതിലും അപ്രതീക്ഷിതമായാണു എന്റെ കോണ്ട്രാക്ട് അവസാനിച്ചു തിരികെ വരുന്നതും ..
ഒരോ അവധിക്കു വരുമ്പോഴും അച്ഛന്റെ ശകാരമാണു ആദ്യ റൗണ്ടു പ്രതിസന്ധി ..
” ഏടാ …ഉള്ള പൈസ കണ്ടമാനം കളയാതെ എന്തെങ്കിലും സമ്പാദിക്കണം …ഒരു വീടു വെയ്ക്കണം ….അല്ലെങ്കിൽ 5 സെന്റ് സ്ഥലം വാങ്ങണം ..”

അതു ഒരു ചെവിയിൽ കൂടി കേട്ടു മറ്റേ ചെവിയിൽ കൂടി പുറത്തു കളയുകയാണു എന്റെ പതിവു ..അതു കൊണ്ടാണല്ലോ ” അസത്ത് ” ആയതു .
എങ്കിലും വർഷങ്ങൾ കടന്നതോടെ വീട്ടുകാരും നാട്ടുകാരും അതെ ഉപദേശം ആയി ..
” ഇപ്പോ എവിടെയെങ്കിലും അഞ്ചു സെന്റ് വാങ്ങാൻ പറ്റുന്നെങ്കിൽ വാങ്ങണം …ഗൾഫി ൽ ഒന്നും സ്ഥിരമല്ല …കാശ് ഒക്കെ സൂക്ഷിച്ചു സൂക്ഷിച്ചു ചിലവാക്കണം ..”

അങ്ങിനെ ഒരവധിക്കാലത്താണു തിരുവനന്തപുരത്തുള്ള ബന്ധു ഒരു റിയൽ എസ്റ്റേറ്റ് ഏജെന്റ് നെ പരിചയപ്പെടുത്തുന്ന തു ..
” സാർ …ഇപ്പോ വാങ്ങിയാ വാങ്ങി…ഇനി ഇതു പോലെ ഒരു വസ്തു ഈ തിരുവനന്തപുരത്തു സാർ നോക്കേണ്ട ‌‌‌…സർ ശരിക്കും ലക്കിയാ …അല്ലെങ്കിൽ ഈ വസ്തുവിന്റെ കാര്യം ഞാൻ സാറിനോടു പറയുമോ ..”

അയാളുടെ മാർക്കറ്റിംഗ് സ്കിൽ കണ്ടാൽ എം .ബീ .എ കഴിഞ്ഞു പീ .ച്ച് .ഡീ എടുത്തു പരിശീലനത്തിനു എന്നെ സ്പെസിമെൻ ആയി കിട്ടിയതാണു എന്നു തോന്നും ..കഷ്ടിച്ചു പത്തു വരെ പഠിച്ചിട്ടുള്ളൂ എങ്കിലും അസാമാന്യ വാഗ്ധോരണി ആണു ..
എന്തായാലും അയാൾ ഒരു കമ്മീഷൻ കിട്ടാതെ പിടി വിടുന്ന ലക്ഷണം ഇല്ല ..എന്തെങ്കിലും കൊടുത്തെ മതിയാവൂ …എന്നാൽ പിന്നെ ഈ സ്ഥലം ഒന്നു കണ്ടേക്കാം എന്നു കരുതി..
തിരുവനന്തപുരത്തെ ബന്ധു ആണെങ്കിൽ അച്ഛന്റെ അതേ ശൈലി ആണു ..
” ഇത്തവണ അനിയൻ എവിടെയെങ്കിലും അഞ്ചു സെന്റ് വാങ്ങിയേ പറ്റൂ …വീടൊക്കെ പതിയേ വെയ്ക്കാം ..”

അങ്ങനെ പട്ടം ജംഗ്ഷനിൽ നിന്നും മെഡിക്കൽ കോളേജിനു പോകുന്ന ചാലക്കുഴി ലെയിനിൻ ഒരു 11 സെന്റ് സ്ഥലം വാങ്ങാൻ തീരുമാനിച്ചു ..അച്ഛനും അമ്മയും അടുത്ത ബന്ധുക്കളും ഒക്കെ ഒരു വിവാഹലോചനക്കു വരുന്നതു പോലെ സ്ഥലം ഒക്കെ കണ്ടു….അച്ഛനു അത്ര മതിപ്പ് ഒന്നും തോന്നിയില്ല ..
” ഒരു ചരിവ് ഉണ്ടു….എന്നാലും ഒരു വീടോ സ്ഥലമോ ഇവൻ വാങ്ങിക്കട്ടെ …ജയശ്രിക്കു ജോലി ചെയ്യാൻ ഇവിടെ പറ്റുമല്ലോ …”
അങ്ങിനെ ജീവിതത്തിൽ ആദ്യമായി ഒരു സ്ഥലം ഗൾഫിലെ ചെറിയ സമ്പാദ്യം കൊണ്ടു വാങ്ങി …നമ്മുടെ മാർക്കെറ്റിംഗ് കാരൻ വിടുന്ന മട്ടില്ല …

” സർ ശരിക്കും ലക്കിയാണു …ഇതു മാഡത്തിന്റെ ലക്കാണു …ഇപ്പോ ഇച്ചിരു ഡൗൺ ആയി നിൽക്കുവാ ‌‌‌….അതു ദാ പറയുന്നതിനകം മാറും ..പിന്നെ ഒരു കയറ്റം ആയിരിക്കും ..സാർ വീടു പണി തുടങ്ങുമ്പോൾ ഒന്നു ഫോൺ ചെയ്താൽ മതി …നമ്മളുടെ കൈയ്യിൽ പറ്റിയ ടീം മുഴുവൻ ഉണ്ടു ..”
ശരിക്കും വസ്തു വാങ്ങാൻ ഇത്രയും ” നെഗോസിയേഷൻ ” നടത്തിയിട്ടില്ല …പക്ഷേ എല്ലാം കണ്ടു നിന്നു ” സർ ലക്കിയാണു ” എന്നു നാഴികക്കു നാൽപ്പതു വട്ടം പറഞ്ഞതിന്റെ കമ്മീഷൻ കുറക്കാൻ ശരിക്കും എനിക്കു നെഗോഷിയേറ്റ് ചെയ്യേണ്ടി വന്നു ..
വർഷം രണ്ടു മൂന്നു പിന്നെയും കടന്നു പോയി …സൗദിയിലെ ഫിലിപ്സ് ന്റെ കോണ്ട്രാക്ട് തീർന്നു ഞാൻ നാട്ടിലെത്തി‌….ആറു മാസത്തോളം അടുത്ത തൊഴിലവസരം കാത്തിരുന്നു‌..ഒടുവിൽ ഹിറ്റാച്ചിയിൽ പ്രോജ്ക്റ്റ് എഞ്ചിനീയർ ആയി ഹൈദരബാദിൽ ജോലിക്കു ചേർന്നു‌…..രണ്ടു കൊല്ലം അവിടെ കഴിഞ്ഞു ഒടുവിൽ കൊച്ചിക്കു സ്ഥലം മാറ്റം വാങ്ങി .

തിരുവനന്തപുരം വീടു വെയ്പ്പോ താമസമോ പറ്റില്ലെന്നും ഇനി കൊച്ചിക്കാരൻ ആയി ശിഷ്ടകാലം കഴിയാം എന്നും ഏകദേശം ഉറപ്പായി ..
കൊച്ചിയിൽ ഒരു വാടക വീട് അന്വേഷിച്ചു തുടങ്ങി …ഒടുവിൽ പത്രപരസ്യം കണ്ടു ആ നമ്പറിൽ വിളിച്ചു …അങ്ങേയറ്റത്തു വളരെ പരുക്കൻ ആയ ഒരാൾ പീ .എസ്‌ .സീ ഇന്റർവ്യൂവിനു ചോദ്യം ചോദിക്കുന്നതു പോലെ ധാരാളം ചോദ്യങ്ങൾ ..

വീട്ടുടമ നമ്പ്യാർ സർ ആണു ..തിരുവനന്തപുരത്ത് താമസിക്കുന്നു .
” സംഗതി ഒക്കെ വളരെ കൃത്യമായിരിക്കണം …കരാർ എഴുതണം ..വാടക എന്റെ ബാങ്കിൽ 5 നും മുൻപു എത്തണം ..”

എന്തായാലും ആദ്യം കേട്ട പുരുക്കൻ ഒന്നും അല്ലായിരുന്നു നമ്പ്യാർ സർ ..രണ്ടു നിലയുള്ള വീടിന്റെ ഗ്രൗണ്ടു ഫ്ലോർ ആണു ഞങ്ങൾക്കു ..മുകളിൽ മറ്റൊരു ഫാമിലി …ഒരു റ്റ്വിൻ അപ്പാർട്ട് മെന്റ് ( വിലാ) ആണു ..വീടും പരിസരവും വളരെ ഇഷ്ടപ്പെട്ടു ..എന്നാൽ വിധി കാത്തു വെച്ചു സമ്മാനിച്ച വിസ്മയം നേരേ അയൽ വീട്ടിലെ മാഷും ഭാര്യയും ആയിരുന്നു‌…അവർക്കു ഞങ്ങൾ മക്കളേപ്പോലെയും അവർ ഞങ്ങൾക്കു അച്ഛനും അമ്മയേപ്പോലെയും ആയി മാറി ..അന്നു അശ്വതിയും അൽക്കയും കുഞ്ഞുങ്ങൾ ആയതിനാൽ അവർക്കു രണ്ടു പേരേയും വലിയ ഇഷ്ടം ആയിരുന്നു ..മാഷിനും രണ്ടു മക്കളും രണ്ടു പേരക്കുട്ടികളും …ഞങ്ങൾക്കു ഈ അയൽ വീട് ഒരു വലിയ സുരക്ഷിതത്വവും സൗഹൃദവും സമ്മാനിച്ചു‌.
വാടക വീട് ആയെങ്കിലും ശരിക്കും ഇനി കൊച്ചിയിൽ ഒരു സ്വന്തം വീട് വേണം എന്ന ചിന്ത ഞങ്ങളേ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരുന്നു‌.

ഞങ്ങൾ ഒരു വീടു വെക്കാൻ 2000 ഇൽ കൊച്ചിയിൽ വിവിധ സ്ഥലങ്ങൾ അന്വേഷിച്ചു കുറേ കറങ്ങി നടന്നു ഒടുവിൽ നാഷണൽ ഹൈവേ 17 ഇൽ മഞ്ഞുമ്മൽ ബസ് സ്റ്റോപ്പ് കവലയിൽ നിന്നും 200 മീറ്റർ ഉള്ളിലായി 20 സെന്റ് സ്ഥലം വാങ്ങി അവിടെ വീടു വെക്കാൻ തീരുമാനിച്ചു …അന്നു ഇടപ്പള്ളി ഗുരുവായൂർ റോഡിലെ ഫ്ലൈ ഓവറോ ഇന്നു കാണുന്ന നാലു വരി പാതയോ ഇന്നു‌ കാണുന്ന ബൈപ്പാസ് റോഡിനു സമാനമായ വാണിജ്യ പ്രാധാന്യമോ ഒന്നും ഈ സ്ഥലത്തിനു ഉണ്ടായിരുന്നില്ല .

ഹൈവേക്കു വളരെ അടുത്തു , എന്നാൽ അൽപ്പം ഉള്ളിലായി കിട്ടിയ ഈ സ്ഥലം അന്നു പാലരിവട്ടത്തും ഇടപ്പള്ളിയിലും കാക്കനാടിലും ഒക്കെ കണ്ട വസ്തുവിനെക്കാൾ വിലക്കുറവായിരുന്നു എന്നതാണു പ്രധാനമായും ഞങ്ങളേ ആകർഷിച്ച ഘടകം ..ഗൾഫ് സമ്പാദ്യം കൊണ്ടു ഒരു പ്രവാസിക്കു അന്നു അത്രയും ബഡ്ജറ്റേ ആലോചിച്ചിരുന്നും ഉള്ളൂ ..

ഗൾഫിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളും നേരിടുന്ന
” ഇതു വരെ സ്വന്തമായി ഒരു വീടോ സ്ഥലമോ ഒന്നും വാങ്ങിയില്ലെ …ഗൾഫിലെ ജോലി എന്നും ഉണ്ടാവുമോ …എന്തെങ്കിലും ഒന്നു വാങ്ങിയാൽ തിരിച്ചു വരുമ്പോൾ വീടായി ..ഇപ്പോഴെ എന്തെങ്കിലും സമ്പാദ്യ ശീലം ഇല്ലാതെ പോയാൽ തിരികെ വരുമ്പോൾ എന്തു ചെയ്യും “

അച്ഛന്റേയും ബന്ധുക്കളുടേയും
ഉപദേശങ്ങളും ശകാരങ്ങളും ഇഷ്ടം പോലെ കേട്ടതിനാൽ ആദ്യം തിരുവനന്തപുരത്ത് അൽപ്പം സ്ഥലം വാങ്ങി ..എന്നാൽ നാട്ടിലെത്തിയാൽ എനിക്കു ജോലി കിട്ടാൽ കൂടുതൽ സാദ്ധ്യത കൊച്ചി ആയിരിക്കും എന്ന ചിന്ത ആണു കൊച്ചിയിൽ സ്ഥലം അന്വേഷിക്കാൻ പ്രേരിപ്പിച്ചതു ..

പാലാരിവട്ടത്തു വാടകക്കു താമസിച്ചു തുടങ്ങിയപ്പോൾ ആണു അയൽക്കാരനായ മാഷിനെയും ഞങ്ങൾ അമ്മ എന്നു വിളിക്കുന്ന മാഷിന്റെ പത്നിയേയും അടുത്തറിയാനും അവർ ഞങ്ങൾക്കും കുട്ടികൾക്കും നൽകുന്ന സുരക്ഷിതത്വവും പരിഗണനയും കാരണം പാലാരിവട്ടം ഞങ്ങളുടെ പ്രീയപ്പെട്ട സ്ഥലവും ആ വാടക വീട് ഞങ്ങളുടെ ദൗർബല്യവും ആയി മാറാൻ അധികം നാൾ വേണ്ടി വന്നില്ല .

പാലാരിവട്ടത്തു പല സ്ഥലങ്ങളും അന്വേഷിച്ചു എങ്കിലും സ്ഥലവിലയും ഒരു പുതിയ വീടു പണിയാൻ വേണ്ട പണവും എല്ലാം കൂടി ഞങ്ങളേ അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു‌..അരീക്കര വീട് പണിതു പൂർത്തിയാക്കാൻ അച്ഛൻ നേരിട്ട പരീക്ഷണങ്ങളും ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഞാൻ ഓർത്തപ്പോൾ ആ വാടക വീട്ടിൽ തന്നെ പരമാവധി കഴിഞ്ഞു കൂടിയാലോ എന്നു തന്നെ ചിന്തിച്ചു .

ബന്ധുക്കളുടെ നിർബന്ധവും കയ്യിൽ കരുതിയ ഗൾഫ് കാലത്തെ സമ്പാദ്യം തീർന്നു പോകുമോ എന്ന ഭീതിയും കാരണം ഒടുവിൽ ഒരു സ്ഥലം എങ്കിലും കൊച്ചിയിൽ വാങ്ങാം എന്നു തീരുമാനിച്ചു അന്വേഷണം തുടങ്ങി ..
അങ്ങിനെ ആണു ചേരാനല്ലൂരിലെ സ്ഥലം ഒടുവിൽ വീടു വെക്കാൻ വാങ്ങാം എന്നു കരുതി ബാങ്കിലെ കരുതൽ ധനം മുടക്കി വാങ്ങുന്നതു .

വിധിയുടെ വിസ്മയം പക്ഷേ മാഷിന്റെ രൂപത്തിൽ ഞങ്ങളേ ഉപദേശിക്കാനും സഹായിക്കാനും എത്തി‌..
പാലാരിവട്ടത്തെ വീട് വിൽക്കാൻ അതിന്റെ ഉടമ ആയ നമ്പ്യാർ സർ ആലോചിക്കുന്നു എന്ന വിവരം മാഷ് ഞങ്ങളോടു പങ്കു വെച്ചു ..
എന്നാൽ അദ്ദേഹം ഉദ്ദേശിക്കുന്ന വില ഞങ്ങൾക്കു നൽകണം എങ്കിൽ ആദ്യം തിരുവനന്തപുരത്തെ വസ്തു വിൽക്കണം ..ബാക്കി തുക ബാങ്ക് ഹൗസിംഗ് ലോൺ ആയി എടുക്കുകയും വേണം .” .വാട്ട് ആൻ ഐഡിയ ” എന്നൊക്കെ ആദ്യം തോന്നി എങ്കിലും കടമ്പകൾ നിരവധി ആണു ..

അന്നു റിയൽ എസ്റ്റേസ്റ്റ് രംഗം മുഴുവൻ മന്ദീഭവിച്ച ഒരു സമയം ആയിരുന്നു‌..നാലോ അഞ്ചോ തവണ പത്ര പരസ്യം ചെയ്തു …കുറേ കോളുകൾ വരുമെങ്കിലും വില കേട്ടപാടെ
” എന്നാൽ പിന്നെ വിളിക്കാം “
എന്നു പറഞ്ഞു ഫോൺ താഴെ വെക്കും ..എജന്റ്മാർ ആണു കൂടുതലും വിളിക്കുക ..ഒന്നും സംഭവിക്കാതെ മാസങ്ങൾ. കടന്നു പോയി ..

പാലാരിവട്ടത്തെ വാടക വീട് സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഒന്നും സംഭവിക്കില്ല എന്ന യാഥാർഥ്യം കൂടുതൽ കൂടുതൽ ബലപ്പെട്ടു …ചേരാനല്ലൂർ തന്നെ വീടു വെക്കാം എന്നു മനസ്സിൽ കരുതുകയും ചെയ്തു ..ഭാര്യാമാതാവ് ഇതിനിടെ ചേരാനല്ലൂരിൽ ഞങ്ങൾ വാങ്ങിയ പ്ലോട്ടിന്റെ തൊട്ടടുത്ത പ്ലൊട്ട് ഇൽ വീടു വെയ്ക്കുകയും ചെയ്തു ..
അച്ഛനും അമ്മയും മറ്റു ബന്ധുക്കളും ഒക്കെ
” വീടു പണി ഒക്കെ എന്തായി ..? “

എന്നു പാതി തമാശ ആയും പാതി ശകാരമായും ചോദിച്ചു കൊണ്ടെയിരുന്നു‌..
എന്നാൽ ശരിക്കും അൽഭുതപ്പെടുത്തിയതു പാലാരിവട്ടത്തെ മാഷ് തന്നെയായിരുന്നു‌..മാഷ് അയൽക്കാരനു വേണ്ടി നമ്പ്യാർ സാറിനോടു പല വട്ടം ചർച്ച നടത്തി …വില കുറയ്ക്കാൻ നല്ല ശുപാർശ നടത്തി ..

” സോമരാജ് …പണം ഒക്കെ റഡിയാക്കാൻ നോക്കൂ ..തിരുവനന്തപുരം സ്ഥലം എങ്ങിനെ എങ്കിലും കൈയ്യൊഴിക്കാൻ നോക്കൂ ….വീടൊക്കെ നമുക്കു ഇതു മതി …എങ്ങും പോകുന്നില്ല …വേറേ വീടു വെക്കുന്നുമില്ല …ലോൺ ഒക്കെ ഇപ്പോൾ ബാങ്ക് തരും…ഒന്നും വിഷമിക്കേണ്ട .”
ആ കരുതൽ ഒരു അമൂല്യ ശക്തി തന്നെയായിരുന്നു‌…എങ്കിലും തിരുവനന്തപുരത്തെ വസ്തു എങ്ങിനെ എന്നു വിൽക്കുമെന്നു ഒരു നിശ്ചയവും ഇല്ലാതെ നാളുകൾ കടന്നു പോയി..
നമ്പ്യാർ സർ ആണെങ്കിൽ ഇനിയും ഞങ്ങൾക്കു വേണ്ടി കാത്തിരിക്കാൻ പറ്റില്ല എന്നു ചില സൂചനകൾ മാഷിനു നൽകുകയും ചെയ്തു.

അങ്ങിനെ ഒരു ദിവസം എനിക്കൊരു ഫോൺ വന്നു ..
” തിരുവനന്തപുരത്തു പട്ടത്തു ഒരു പ്ലൊട്ട് വിൽക്കാനുണ്ടെന്നു കുറേ നാൾ മുൻപു ഒരു പരസ്യം കണ്ടിരുന്നു …അതു വിറ്റൊ എന്നറിയാൻ വിളിച്ചതാണു ..”
” വിറ്റിട്ടില്ല …ശരിയായ വില കിട്ടിയാൽ കൊടുക്കാം എന്നു ഇപ്പോഴും വിചാരിച്ചു കാത്തിരിക്കുന്നു‌..”
” ഒക്കെ …അതു കണ്ടിട്ടു പറയാം…”
അദ്ദേഹം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു …വടക്കേ ഇന്ത്യയിൽ ഒക്കെ വളരെക്കാലം ജോലി ചെയ്തു തിരുവനന്തപുരത്തു സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു‌..

” പ്ലോട്ട് ഒക്കെ കണ്ടു ‌‌‌…പക്ഷേ ഈ പറയുന്ന വിലയൊന്നും തരാൻ പറ്റില്ല …കുറക്കാം എങ്കിൽ നോക്കാം‌.”
ഞാൻ വളരെ ചിന്താക്കുഴപ്പത്തിൽ ആയി ..വാങ്ങിയ വിലയിൽ നിന്നും ഒരു നേരിയ വ്യത്യാസമേ ഞാൻ ചോദിച്ചുള്ളൂ …അഞ്ചു വർഷം കൊണ്ടു ഭൂമി വില ഇരട്ടിയാകും …പിന്നെ പിടിച്ചാൽ കിട്ടില്ല എന്നൊക്കെ മോഹന വാഗ്ദാനം നൽകി ആ മാർക്കെറ്റിംഗ് വിദഗ്ധൻ വാങ്ങിപ്പിച്ച വസ്തു ആയിരുന്നു‌..എനിക്കു വാങ്ങിയ വില എങ്കിലും കിട്ടിയെങ്കിലേ ബാക്കി ബാങ്ക് ലോണും എടുത്തു പാലാരിവട്ടത്തെ വീട് സ്വന്തമാക്കാൻ പറ്റൂ ..

ഒടുവിൽ ഞാൻ ആ നല്ല മനുഷ്യനോടു യാഥാർഥ്യം പറഞ്ഞു‌…ഒരു നേരിയ വ്യത്യാസമേ ഞാൻ ചോദിച്ചുള്ളൂ …വിൽക്കാൻ വേണ്ടി വാങ്ങിയതൊന്നുമല്ല ..ശരിക്കും വീടു വാങ്ങി അവിടെ സെറ്റിൽ ചെയ്യണം എന്നു ആഗ്രഹിച്ചു വാങ്ങിയതാണു‌..ബന്ധുക്കൾ എല്ലാം പിന്തുണച്ചു വാങ്ങിയതുമാണു‌.

” ശരി …എന്നാലും അൽപ്പം ഇളവ് തന്നാൽ ഞാൻ സീരിയസ് ആണു‌…സ്ഥലം ഇഷ്ടപ്പെട്ടു …അഡ്വാൻസ് എന്തു വേണം “
” ഒന്നും വേണ്ട സർ …പണം റഡിയാണെങ്കിൽ എഴുത്തു ആകാം ..സർ മറ്റു കാര്യങ്ങൾ നോക്കിക്കൊള്ളൂ ..”
കാലം കാത്തുവെച്ച വിസ്മയം വീണ്ടും ചിറകു വിടർത്തി …ഞാൻ അതു വിറ്റു മാഷിനെ കണ്ടു പാലാരിവട്ടം വീട് ഉറപ്പിക്കാൻ നമ്പ്യാർ സാറുമായി അവസാന വട്ട ” നിഗോഷിയേഷൻ ” മാഷ് തന്നെ നടത്തി സമ്മതിപ്പിക്കണം എന്നു അപേക്ഷിച്ചു‌..

” ഞാൻ എറ്റെടോ …നമ്പ്യാർ എങ്ങും പോകില്ല …താൻ ബാങ്ക് ലോൺ ഒക്കെ ആലോചിച്ചു വെച്ചോ …”
എച്ച് .ഡീ .എഫ് .സീ ബാങ്ക് ആയിരുന്നു ആദ്യം ആലോചിച്ചതു ..എന്റെ സാലറി അക്കൗണ്ടു ആ ബാങ്കിൽ ആയിരുന്നു‌.. എന്നാൽ അവർ എല്ലാ സ്ഥല സംബന്ധിയായ ഡോക്റ്റുമെന്റുകൾ നമ്മൾ സ്വയം ഹാാജരാക്കി അവരുടെ പാനൽ അഡ്വക്കേറ്റ് ആധാരം എഴുതും എന്നൊരു വ്യവസ്ഥ വെച്ചതു ഞങ്ങൾക്കു സ്വീകാര്യം ആയില്ല ..

പാലാരിവട്ടം എസ്‌ .ബീ .ഐ .പുതിയ ബ്രാഞ്ച് തുടങ്ങിയ സമയം ആയിരുന്നു‌…സുരേഷ് കുമാർ എന്ന ഒരു ഐ .ടീ ബിരുദധാരിയായ ചെറുപ്പക്കാരൻ ആയിരുന്നു മാനേജർ ..
അദ്ദേഹം ഒരു പൊതു മേഖലാ ബാങ്കിനെ പറ്റിയുള്ള എന്റെ എല്ലാ മുൻ ധാരണകളും തിരുത്തിക്കുറിച്ചു …എല്ലാ സംശയങ്ങളും ലോൺ വ്യവസ്ഥകളും ഫ്ലോട്ടിംഗ് ഉം ഫിക്സ്ഡ് ഉം എല്ലാം മണി‌ മണി ആയി വിശദീകരിച്ചു തന്നു …

എന്തിനു‌ പറയുന്നു‌..ഞങ്ങൾ എച്ച്.ഡീ .എഫ് .സീ യിൽ നൽകിയ പേപ്പറുകൾ എല്ലാം തിരികെ വാങ്ങി എസ്‌ .ബീ .ഐ യിൽ അപേക്ഷ നൽകി …പലവിധ വേർഫിക്കേഷനും അപ്രൂവലും ലീഗൽ ഒപ്പിനിയനും പ്ലാനും സ്കെച്ചും ഒക്കെ ആയി രണ്ടാഴ്ച കൊണ്ടു പേപ്പർ വർക്കു എല്ലാം പൂർത്തിയാക്കി ..സുരേഷ് കുമാർ എന്ന ഡൈനാമിക് മാനേജർ എന്തിനും ഏതിനും സഹായിക്കാനും ഉപദേശിക്കാനും കൂടെ നിന്നു‌..മാഷ് ആണെങ്കിൽ ദൈവം അയച്ച സഹായിയെപ്പോലെ , ഒരച്ഛനെപ്പോലെ ഉപദേശിച്ചും സഹായിച്ചും മനസ്സു കീഴടക്കി‌.

സുരേഷ് കുമാർ കാണിച്ച അൽഭുതങ്ങൾ തീർന്നില്ല ‌‌‌…എന്തിനും ഏതിനും കസ്റ്റമറേ നെട്ടോട്ടം ഓടിക്കുന്ന സാധാരണ കണ്ടു ശീലിച്ച ഒരാൾ അല്ല സുരേഷ് കുമാർ എന്നു അന്നാണു ബോദ്ധ്യം വരുന്നതു .
എന്തു ചോദിച്ചാലും സുരേഷ് കുമാർ
” വൈ നോട്ട് …! “

എന്നു പറഞ്ഞു ഞങ്ങളേ സഹായിക്കാൻ ഒരു വഴി പറഞ്ഞു തരും …അസാധാരണ ഒരു മാനേജർ ആയിരുന്നു അദ്ദേഹം .
ഒടുവിൽ വീടിന്റെ വിലയിലെ ലോൺ തുക ഒരു ഡീ .ഡീ ആക്കി നമ്പ്യാർ സാറിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ടു ചെന്നു കുറിയർ ആയി ഏൽപ്പിക്കുകയും ചെയ്തു ..അങ്ങിനെ പാലാരിവട്ടത്തെ സ്വപ്ന വീട് ഞങ്ങളുടെ സ്വന്തം ആയി ..മാഷും കുടുംബവും ഞങ്ങളുടെ ഏറ്റവും വിലയുള്ള അയൽക്കാർ ആയി മാറുകയും ചെയ്തു .വിസ്മയങ്ങളുടെ ഘോഷയാത്ര ആയിരുന്നു‌ ..
അച്ഛനോ അമ്മക്കോ ഒരു പ്രതീക്ഷയും നൽകാതെ വളർന്ന , ആരും പറഞ്ഞാൽ ഒരക്ഷരം കേൾക്കാത്ത , ഒരു സൈക്കിൾ പോലും സ്വന്തമായി വാങ്ങും എന്നു അവർ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത രണ്ടാമത്തെ മകന്റെ പാലാരിവട്ടത്തെ വീടിന്റെ ഗ്രഹപ്രവേശ പൂജക്കു അച്ഛൻ മാഷിനോടു സാമാന്യം ഉറക്കെ തന്നെ പറഞ്ഞതു ഞാനും കേട്ടു ..

” വീടൊക്കെ കൊള്ളാം …പക്ഷേ മാഷും കുടുംബവും ഇവന്റെ നേരേ മുൻപിൽ എപ്പോഴും ഉള്ളതാണു ഞാൻ കാണുന്ന അതിലും കൊള്ളാവുന്ന നല്ല കാര്യം “
അച്ഛൻ പറഞ്ഞതു നൂറു ശതമാനം സത്യം ആണു ..നമുക്കു ലക്ഷമോ കോടിയോ കൊടുത്തു വീടോ സ്ഥലമോ ഒക്കെ വാങ്ങാൻ കഴിഞ്ഞെക്കാം …എന്നാൽ എത്ര കോടി കൊടുത്താലും കിട്ടാത്ത ഒരു അയൽക്കാരൻ നമുക്കു കിട്ടുക എന്നതാണു യഥാർഥ ഭാഗ്യം .
മാഷ് ഇന്നു ജീവിച്ചിരിപ്പില്ല ..പക്ഷേ എന്തൊരു മാന്ത്രിക സ്പർശം ആയിരുന്നു ആ വലിയ വ്യക്തിത്വം ..പ്രണാമം .

ഞാൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ വാങ്ങൽ എക്സ്പേർട്ട് ഒന്നുമല്ല …എങ്കിലും വളരെ അപ്രതീക്ഷിതമായി വിധിയുടെ വിസ്മയം ആയി മൂന്നു തവണ വസ്തുക്കൾ വാങ്ങാൻ കരാർ ആക്കിയ അനുഭവം വെച്ചു എനിക്കു ഒരു ചെറിയ കാര്യം പറയാൻ സാധിക്കും .
വീടു വെക്കാൻ ഒരു വസ്തു നമ്മൾ വാങ്ങുന്നതു തിരിച്ചു വിൽക്കണം എന്ന ഉദ്ദേശത്തോടെ ആവാതിരുന്നാൽ നമ്മൾ അതിൽ ജനുവിൻ ആയ ഇടപാടുകൾ ആഗ്രഹിക്കുകയും അമിതമായ സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെ ഇരിക്കുകയും നല്ല അയൽക്കാരനായി ഒരാളേ കാാനുകയും ചെയ്താൽ ഏതു വസ്തുവും നമുക്കു മനസ്സമാധാനം തരും ..കഴിയുന്നതും സുതാര്യമായ പണ ഇടപാടുകളും ജനുവിൻ ആയ സമ്പാദ്യം ഉപയോഗിച്ചു വാങ്ങലും നിയമങ്ങൾ അനുസരിക്കാനും നികുതികൾ നൽകാനും ശ്രമിച്ചാൽ വസ്തു വാങ്ങുന്നതിനെ പറ്റി വേവലാതി വേണ്ട . കേരളത്തിലെ ഏതു സ്ഥലത്തിനും ജനുവിൻ ആയ ഒരു വിലയുണ്ടു…അതു കണ്ടെത്തി അതു നൽകി ഒരു വസ്തു വാങ്ങിയാൽ നഷ്ടബോധം ഒരിക്കലും ഉണ്ടാവില്ല ..വസ്തു ഏജെന്റുമാർ പറയുന്ന നിറം പിടിപ്പിച്ച കഥകൾ ഒന്നും മുഖ വിലക്കു എടുക്കാതെ അയൽക്കാരുമായി ആശയവിനിമയം നടത്തി വസ്തുവിന്റെ ജനുവിൻ ആയ വിലയും പ്രാധാന്യവും കണ്ടുപിടിക്കുക .

ചേരാനെല്ലൂരിൽ വീടു വെയ്ക്കാൻ ഞങ്ങൾ ആദ്യം വാങ്ങിയ ആ വസ്തു ഇന്നു ഒരു നല്ല നിക്ഷേപം ആയി മാറാൻ കാരണം ആ പ്രദേശം ബൈപ്പാസ് റോഡിന്റെ എക്സ്റ്റെൻഷൻ ആയി …കാർ ഷോറൂമുകൾ എല്ലാം അവിടേക്കു വന്നു …റസ്റ്റോറന്റുകളും വലിയ വാണിജ്യ സ്ഥാപനങ്ങളും വന്നു‌..നാലു വരി പാതയും ലവൽ ക്രോസ് മാറി ഫ്ലൈ ഓവറും ഇനി ആറു വരി പാതയും ആകാൻ പോകുന്നു‌…ലുലു മാൾ വെറും മൂന്നു മിനിട്ടു ഡ്രൈവ് ദൂരത്തു വന്നു‌..കണ്ടെയിനർ റോഡ് സിഗ്നൽ ഇൽ ഒരു ബട്ടർഫ്ലൈ എക്സിറ്റ് വരുന്നു എന്നു പറയുന്നു‌..പ്രളയകാലത്തു അതൊരു ഫ്ലഡ് ഫ്രീ സോൺ ആയിരുന്നു‌..അതെല്ലാം ഇപ്പോൾ ആലോചിക്കുമ്പോൾ അന്നു അതൊരു നല്ല തീരുമാനം ആയിരുന്നു എന്നു നിശ്ചയമായും പറയാം


നോട്ട് നിരോധനം കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് വ്യവസായത്തെ നിശ്ചലം ആക്കി എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയും ഇല്ല ..അത്ര ക്യാഷ് ഇടപാടുകൾ നടന്നിരുന്ന ഒരു മേഖല ആയിരുന്നു റിയൽ എസ്റ്റേറ്റ് ബിസിനസ് ..മരട് ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവായതും വൻ പ്രളയത്തിൽ വാട്ടർ ഫ്രണ്ട് അപ്പാർട്ട്മെന്റ് എന്ന ആശയം തന്നെ അടിമുടി തകർന്നതും ഈ രംഗത്തെ അനാരോഗ്യ പ്രവണതകൾ കുറച്ചു ..ഇന്നു വസ്തുക്കൾക്ക് ജനുവിൻ ആയ വില നൽകി ജനുവിൻ ആയ ആവശ്യക്കാർ മാത്രം 99 ശതമാനം പേരും ബാങ്ക് വഴി വസ്തുക്കളും വീടുകളും ഫ്ലാറ്റ് കളും വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നു‌..തിരിച്ചു വിൽക്കാനായി വസ്തുക്കൾ വാങ്ങി കൂട്ടുന്നതും ബിനാമി ഇടപാടുകളും വളരെ വളരെ കുറഞ്ഞു‌. അതൊരു വലിയ മാറ്റം ആണു . കൊച്ചിയുടെ തന്ത്രപ്രധാന ഭാഗങ്ങളിൽ ഭൂമി വില കാര്യമായി കുറഞ്ഞിട്ടില്ല ..എന്നാൽ ഇടപാടുകൾ യഥാർഥ ആവശ്യക്കാർ മാത്രമായി ചുരുങ്ങി‌. മരട് പൊളിക്കൽ നു ശേഷം ഫ്ലാറ്റ്കൾ വാങ്ങുന്നതിനു മുൻപു രണ്ടല്ല നാലു തവണ ആലോചിക്കണം എന്ന സ്ഥിതി വന്നു .
എന്റെ കഥയിൽ നിന്നും ഞാൻ പഠിച്ച ഗുണപാഠം എന്തു ചെയ്താലും നൂറു ശതമാനം നമ്മുടെ ബന്ധുക്കളെയോ സുഹൃത്തുക്കളേയോ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം നമ്മുടെ മനസ്സ് നമ്മോടു എന്തു പറയുന്നുവോ അതു ചെയ്യുക ‌..താൽക്കാലിക പരാജയങ്ങളിലും തിരിച്ചടികളിലും നിരാശരാവാതിരിക്കുക ‌‌‌…നമുക്കു ഒരു വസ്തു വളരെ ആവശ്യമാണോ എന്നു പലവട്ടം ആലോചിച്ചു ഒടുവിൽ അതു നല്ലൊരു തീരുമാനം ആയിരിക്കും എന്നു മനസ്സു പറയുന്ന നിമിഷം ഉറച്ച തീരുമാനം എടുക്കുക ..


വിശുദ്ധ ഖുറാനിൽ പറയുന്നതു പോലെ ഒരോ ധാന്യമണിയിലും അതു കഴിക്കുന്ന ആളിന്റെ പേർ എഴുതിവെച്ചിരിക്കും എന്ന സങ്കൽപ്പം പോലെ ഒരോ വീടിനും വസ്തുവിനും അതിന്റെ ഉടമസ്ഥരെ നിശ്ചയിച്ചിരിക്കും എങ്കിൽ അതു നിങ്ങൾ വാങ്ങിയിരിക്കും ..അല്ലെങ്കിൽ അതു നിങ്ങൾക്കു വന്നു ചേരും ..
പാലാരിവട്ടത്തെ വീടും അരീക്കര വീടും എല്ലാം അങ്ങിനെ തന്നെ


ഒന്നിലും അധികം അർമാദിക്കുകയോ നിരാശനാവുകയോ ചെയ്യാതിരിക്കുക ..
നമ്മൾ ഒടുവിൽ ഈ ഭൂമിയിൽ
നിന്നു പോകുമ്പോൾ ഒരു തരി മണ്ണു പോലും കൊണ്ടുപോകുന്നുമില്ല.

സോമരാജൻ പണിക്കർ

By ivayana