രചന : സി. ഷാജീവ് പെരിങ്ങിലിപ്പുറം✍️
സ്ലേറ്റുകളുടയുമ്പോൾ
തെറിക്കുന്നതക്ഷരങ്ങൾ.
പൊടുന്നനെ
വെളിച്ചമണയുമ്പോൾ
മുന്നിൽ ഇരുൾക്കൂത്ത്.
അരൂപികളുടെ
ശബ്ദപ്രവാഹം.
തപ്പിത്തടഞ്ഞുപോകുന്ന
പാദങ്ങൾ.
ഭൂപടം കീറുമ്പോൾ
നിലയ്ക്കുന്നു വൻകരകളുടെ
ഹൃദയമിടിപ്പുകൾ.
കണ്ണാടി തകരുമ്പോൾ
ഒരുവനു നഷ്ടമാകുന്നത്
അവനെത്തന്നെ.
ചിതറും ചില്ലുകളിൽ
ആത്മാവു നഷ്ടപ്പെട്ടാൽ
എന്തുപ്രയോജനം?
ഓർക്കാപ്പുറത്ത്
ക്ലോക്കുനിലയ്ക്കുമ്പോൾ
രാത്രിയും പകലും
മയക്കവും വാക്കും
അനിശ്ചിതമാകുന്നു.
സമയത്തിന്റെ ആജ്ഞ ലഭിക്കാതെ
തിരിച്ചുപോകുന്നു ,
സൈനികർ.
പ്രതീക്ഷിക്കാതെ
എല്ലാം അടച്ചുപൂട്ടുമ്പോൾ
യാത്രയുടെ ഉപ്പും
കാഴ്ചയുടെ നിറവും നൃത്തവും
മുറിക്കുള്ളിലൊതുങ്ങുന്നു.
ഏകാന്തത
മുറുകി മുറുകി
വീർപ്പുമുട്ടലിൽ
പുറത്തെത്തുന്നുണ്ട്,
കവിതകൾ.
നിലയ്ക്കാത്തതു
നിലയ്ക്കുമ്പോൾ
തകരാത്തതു തകരുമ്പോൾ
സന്ധിചെയ്യുവാൻ നാം
നിർബന്ധിതരാകുന്നു.