രചന : 🥀കനകമ്മതുളസീധരൻ🥀

(ഏകാകിയാക്കിയ
കാവനെന്ന ആനയെപ്പറ്റിയുള്ള
കഥകളോർത്ത് നാളുകൾക്ക് മുമ്പ് എഴുതിയത്).

സ്വർണ്ണച്ചാമരംവീശി
സ്വർണ്ണരഥത്തിലേറ്റുംപോൽ
നയതന്ത്രബന്ധമൂട്ടിയുറപ്പിച്ച് ‘കാണിയ്ക്ക’യായ്
ഏകിയൊരു കരിവീരൻ്റെ
കദനങ്ങളേറെപ്പറയുവാൻ.
കൺമണിക്കുരുന്നാമൊരു
കാനനവീരനെ,
ശ്രീലങ്കൻ ഭരണകൂടമേകി
പാകിസ്ഥാൻ്റെ ഭരണസാരഥിയ്ക്ക്.
അവിടെത്തുടങ്ങുന്നു
കാവനെന്ന ആനക്കുഞ്ഞിൻ്റെ
കഷ്ടകാലത്തിൻ
കനൽച്ചൂള.
കൂച്ചുവിലങ്ങാൽ കാൽച്ചങ്ങല തീർത്തു
കാറ്റും കാനനവും കാണാത്ത
കൽത്തുറുങ്കിലാക്കി
ക്രൂരപീഡന പരമ്പര തീർത്ത മർഗുസാർമൃഗശാലയിലെ മനുഷ്യമൃഗങ്ങൾ.
മനസ്സാക്ഷിയുടെ കണികകൾ തെല്ലുമില്ലാതെ നിങ്ങൾ ക്രൂരതകാട്ടി,
കോമാളിയാക്കി,
അവൻ്റെ തുമ്പികൊണ്ട്
പണമേറെ വാങ്ങിപ്പിച്ചു,
പിന്നെ പണിയേറെ
ചെയ്യിപ്പിച്ചു, എന്നിട്ടുമവന്
സ്വാതന്ത്ര്യൻ്റെ ഒരു കണികപോലും
കൊടുത്തില്ലല്ലോ.
ഏകാന്തതടവിൻ്റെ
ശോകാന്ത തീരത്ത്
ശാന്തി നൽകാനെത്തി
സഹേലിയെന്ന പിടിയാനപ്പെൺകൊടി.
അവൾക്കും വിധി വിപരീതമായിരുന്നില്ല. തല്ലും കുത്തും എല്ലുമുറിയെ പണിയും
സഹിച്ച്, തളർച്ചയിൽ വീണുപിടയുമ്പോഴും
കാവനും സഹേലിയും പ്രണയത്തിൻ്റെ മേച്ചിൽപ്പുറങ്ങളിൽ സഹശയനം നടത്തുന്നുണ്ടായിരുന്നു.
ദു:ഖങ്ങളും ദുരിതങ്ങളും
സ്നേഹത്തിൻ്റെ,
സുഖമുള്ള പ്രണയത്തിൻ്റെ,
മധുരനൊമ്പരത്തിൽ
കഴുകിത്തോർത്തിയ
വർഷങ്ങൾ.
വിധിവിളയാട്ടങ്ങളുടെ
ദുരിതക്കയങ്ങളിൽ
പൊരുതി നീന്തുവാൻ കഴിയാതെ, സഹേലി ക്രൂരതയുടെ കരാളഹസ്തങ്ങളാൽ,
കുത്തിപ്പഴുത്ത മുറിവിനാൽ
വെന്തുനീറിയവൾ
അന്ത്യയാത്ര പറഞ്ഞു.
പ്രണയിനിയുടെ വേർപാട്
കാവനു താങ്ങാൻ കഴിയാത്ത നോവിൻ്റെ ആഴക്കടലായിരുന്നു.
അവൻ്റെ സഹനത്തിൻ്റെ തായ്വേരുകൾ
കടയറ്റുപോയ്.
അവനേകാകിയായൊരു
വിഷാദസമുദ്രത്തിൽ,
അക്രമിയാമൊരു കരിയായ്…
അതിക്രമത്തിൻ
ശാപപ്പരിക്ഷകളുടെ
ഇടയിൽ മുപ്പത്തിയഞ്ചു വർഷത്തെ തടങ്കൽ ജീവിതത്തിനു മുക്തിയേകാൻ
കാരുണ്യത്തിൻ കാവ്യങ്ങൾ തീർത്ത്
എത്തി ദൈവദൂതികൾ.
ഇപ്പോഴവൻ അങ്ങ്ദൂരെ അതിവിശാലമായ കാനനനടുവിൽ
പാട്ടും പാലാഴിയും
കാറ്റിൻ പരിമളവുമേറ്റ്
ശാന്തസുന്ദര വീഥിയിൽ ജീവിതമെന്തെന്ന് ആസ്വദിക്കുന്നു.
❤️രക്ഷകരേ…
നിങ്ങൾക്കായ് ഞങ്ങളിതാ
സ്തുതിഗീതങ്ങൾ പാടുന്നു…. ❤️

By ivayana