2019-2020 ലെ ഡോ: സുകുമാർ അഴീക്കോട് സ്മാരക തത്ത്വമസി അക്കാദമിയുടെ സ്പെഷ്യൽ ജൂറിപുരസ്കാരം നേടിയ ശ്രീ Sivarajan Kovilazhikam ത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ.

അദ്ദേഹത്തിൻറെ പുതിയ തുള്ളൽ കവിത ഈ വായനയുടെ അഭിനന്ദനങ്ങൾക്കു പുറമെ നിങ്ങൾക്കായി ..

കരിവേഷങ്ങൾ ——-(തുള്ളൽ ) ….

കഥ ഞാനൊന്നുരചെയ്തീടാമതു

കോലംകെട്ടിയ കാലത്തിൻകഥ

കലികാലം നടമാടുംനാട്ടിൽ

കാലക്കേടിനു ക്ഷാമമതുണ്ടോ ?

കാണുന്നില്ലേ ലോകം മുഴുവൻ

കൊടുമുടിപോലെ വളർന്നൊരു മാരി

കേൾക്കുന്നില്ലേ രോദനമുലകിൽ

കാരണമൊരു ചെറുവൈറസല്ലേ

കേരംതിങ്ങുംകേരളനാട്ടിലും

കയറിയിറങ്ങിനടപ്പു കൊറോണ

കാണാനാകില്ലെങ്കിലുമവനൊരു

കണ്ടകശ്ശനിയൻ വിശ്വംതന്നിൽ

കണ്ടിടമൊക്കെ പാഞ്ഞുനടന്നവർ

കുണ്ഠിതമോടെ വീട്ടിലിരിപ്പൂ

കണ്ടതു പലതും തിന്നുനടന്നവർ

കണ്ടില്ലേ രുചി പാടെമറന്നു .

കോടികൾ കൊയ്യുമൊരാതുരശാലകൾ

കാഴ്ചക്കാരായ് മരുവുന്നങ്ങനെ

കഷ്‌ടമിതെന്നേ പറയേണ്ടൂ പലർ

കോടി പുതച്ചു, കേഴുന്നുലകം

കുട്ടികൾ, കൂട്ടു മറന്ന മുതിർന്നവർ

കൂട്ടിൽപ്പെട്ടതുപോലെയുമായി

കുഞ്ഞൻവൈറസ്സ് വന്നതുമുതലേ

കണ്ടില്ലെവിടെയുമാൾദൈവങ്ങളെ

കണ്ടിട്ടില്ലൊരു കാലമിതിങ്ങനെ

കുറ്റം പറയുവതാരെ നമ്മൾ

കരിനിഴലെങ്ങും വീഴുമ്പോഴും

കരിവേഷങ്ങൾ തിമിർക്കുന്നിവിടെ

കേട്ടീലെങ്ങും സ്തുതിയും മന്ത്രവും

കേട്ടത്, കണ്ടതു പെരുകുംവ്യാധി

കാത്തതു നമ്മെ ആതുരസേവകർ

കാവല്നില്പ്പതു കാവൽപ്പടയും

കനിവും കരുണയുമറ്റൊരു കൂട്ടർ

കളവും പാടിനടക്കുന്നുണ്ടേ

കൗശലമോടെ കഥമനയുന്നേ

കലഹപ്രിയരാം നരിജന്മങ്ങൾ

കണ്ണും കരളും ഉള്ളവർ നമ്മൾ

കഷ്‌ടം കണ്ടാലരുതേ പുച്ഛം

കാലം തന്നതു കഷ്‌ടതയെങ്കിൽ

കാരുണ്യംകൊണ്ടതിജീവിക്കാം

കെട്ടിവരിഞ്ഞുമുറുക്കാം മാരിയെ

കൈവെടിയല്ലേ ശുചിത്വം നമ്മൾ

കേരളമിന്നൊരു മാതൃകയാണേ

കേവലരായ് നാം മാറുകയരുതേ!

===========================

ശിവരാജൻ കോവിലഴികം ,മയ്യനാട്

By ivayana