താജ്മഹലില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സുരക്ഷ വര്‍ധിപ്പിക്കുകയും സന്ദര്‍ശകരെ ഒഴിപ്പിക്കുകയും ചെയ്തു. പിന്നീടാണ് അതൊരു വ്യാജ സന്ദേശമാണെന്ന് പൊലീസിനും മനസിലായത്.
അടിയന്തര സഹായത്തിനുള്ള നമ്പറായ 112ലേക്കാണ് ഉത്തര്‍പ്രദേശ് പൊലീസിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. താജ്മഹലില്‍ സ്‌ഫോടകവസ്തു വച്ചിട്ടുണ്ടെന്നും ഏതുസമയത്തും പൊട്ടാം എന്നുമായിരുന്നു സന്ദേശം.
വിവരമറിഞ്ഞ ഉടനെ ബോംബ് സ്‌ക്വാഡും സി.ഐ.എസ്.എഫ്. സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളുടെ സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തിവച്ചു. ആളുകളെ ഇവിടെനിന്നും ഒഴിപ്പിച്ചു. എന്നാല്‍ അസ്വാഭാവികമായതൊന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമായിരുന്നുവെന്ന നിഗമനത്തെ തുടര്‍ന്ന് 11.15ഓടെ താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.