രചന : തോമസ് കാവാലം .
ഒരുനിമിഷം നീ ചിന്തിക്കുകിൽ,മനമേ !
ചന്തമേറിടും നിൻ മനുഷ്യജന്മം
സത്യത്തിലേയ്ക്കു നീ അടുത്തീടിൽ നിത്യ-
ജീവനിലെത്തും ഒരുനിമിഷം.
കന്മഷംകലരാത്ത ചിന്തയും പ്രവർത്തിയും
അപരനു നന്മയ്ക്കായുതകീടണം
മാലകറ്റുവാൻ മനുഷ്യരാശിയ്ക്കു നാളകൾ
സൗഭാഗ്യമായിടാൻ യത്‌നിക്കേണം.
ഒരുനിമിഷമീശ്വരവിപഞ്ചിക മീട്ടിയോര-
പൂർവരാഗമെൻജന്മമീധരണിയിൽ
ശ്രുതിശുദ്ധമായതു പാടുവാനാകുമോ,
ദൈവകൃപയാകുമോ ഈ നിമിഷം ?
അനുനിമിഷം ഇനൻ കത്തുന്ന പോലവേ
മനുഷ്യജന്മവും പ്രഭ ചുരത്തീടണം
ഭോഗവും ലോഭവും വൈരീഭാവവും വിട്ടു-
നിർവേദം നാമെന്നും പാർക്കവേണം .
മേദിനിയില്ലെങ്കിൽ ജനിമൃതികളുണ്ടോ
മനസ്സുകളുണ്ടോ, സ്വപ്നങ്ങളും ?
ഈശനെന്നും കാലചക്രംതിരിയ്ക്കാകിൽ
ഈ നിമിഷങ്ങളെല്ലാം ജല്പനങ്ങൾ.