രചന : മോഹൻദാസ് എവർഷൈൻ

വിശപ്പ്… വല്ലാത്തൊരു വിശപ്പ് അഗ്നിയായ് ആളിപ്പടരുവാൻ തുടങ്ങിയിരിക്കുന്നു…
വഴിയരികിൽ വിരിച്ച മുഷിഞ്ഞ തുണികഷണം കാറ്റിൽ പറന്നു പോകാതെ വെച്ച കല്ലുകൾ തന്നെ നോക്കി പല്ലിളിച്ചു
കാട്ടുന്നതായി അയാൾക്ക് തോന്നി!.
അതിൽ ആരൊക്കെയോ വലിച്ചെറിഞ്ഞ നാണയ തുട്ടുകൾ കണ്ണുകൊണ്ട് പരതി നോക്കി…

മുപ്പത്തിരണ്ട് രൂപയുണ്ട്.. ഒന്നിനും തികയില്ല… ഊണിനു വേണം അമ്പത് രൂപ…
അമ്പത് രൂപ തികച്ചുണ്ടെങ്കിലും, തന്റെ വേഷം കാണുമ്പോൾ ഹോട്ടലുകാരുടെ മുഖത്തു ഉരുണ്ട് കൂടുന്ന പുച്ഛം അസഹനീയമാണ്… ഇത് വെറും വേഷം കെട്ടലിന്റെ കാലമാണെന്നപ്പോൾ തോന്നിപോകും…
കുറ്റംപറയരുതല്ലോ, ചില ദിവസങ്ങളിൽ
ആളുകൾ നല്ല മനുഷ്യത്വമുള്ളവരായിരിക്കുമെന്ന് പറയാതെ വയ്യ..
അന്ന് ആഹാരത്തിനുള്ളതിൽ കൂടുതൽ കാശ് ഉണ്ടാകും വിരിപ്പിൽ…

അന്ന് ഒരു ഭാഗ്യക്കുറി കൂടി എടുക്കും… അത് കാണുമ്പോൾ ചിലർ കളിയാക്കി ചിരിക്കും… പിച്ചക്കാരനും സ്വപ്നമോ? എന്നാവും അവരുടെ ചിന്ത…
ഒന്നുമില്ലാത്തവനും എന്തെങ്കിലും പ്രതീക്ഷിക്കണ്ടേ?.നറുക്കെടുപ്പ് ഫലം വരുന്നത് വരെ സ്വപ്നം കാണാനുള്ള അവകാശമാണ് ഒരു ടിക്കറ്റ് വാങ്ങി ഞാൻ സ്വന്തമാക്കുന്നതെന്ന് ഈ അപഹാസത്തിന്റെ മുഖത്തു നോക്കി അയാൾക്ക് പറയണമെന്നുണ്ട്…
അരുത്…ഭിക്ഷക്കാരന് ചോദ്യം ചെയ്യുവാനുള്ള അവകാശംഎവിടെയോ നഷ്ടപ്പെട്ടു…

ജീവിതം ലഹരിയിൽ തിമിർത്താടിതകർത്ത് , ആളും, ആരവവുമൊഴിഞ്ഞ്, അരങ്ങിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു ജീവഛവത്തിന് ഒന്നിനോടും പരിഭവം ഉണ്ടാകാൻ പാടില്ല.!
ആരോ വലിച്ചെറിഞ്ഞ തുട്ടുകളുടെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും തിരിച്ചു നടന്നത്….
“ഈ വെയിലുറച്ച നേരത്ത് ഇനി ആരാ ഇത് വഴി നടന്ന് വരുവാൻ ” അയാൾ ആത്‍മഗതം ചെയ്തു!…
എന്നാലും പ്രതീക്ഷ കൈവിടാതെ വിശപ്പിനെയും പുണർന്നയാൾ കിടന്നു…

By ivayana