രചന : സജികണ്ണമംഗലം*

പണിക്കുപോകുവാനുറച്ചു ബസ്റ്റോപ്പി-
ലണിനിരന്നവർക്കിടയിലായ്
തുണിയിലുണ്ടാക്കിയെടുത്ത സഞ്ചിയിൽ
പണിക്കരണ്ടിയും പിടിച്ചു ഞാൻ
മണിക്കൂറൊന്നായിട്ടിതുവരെയെട്ടു-
മണിക്കു വന്നീടും ശകടത്തിൻ
കണക്കു തെറ്റിയിന്നതിന്റെ പിന്നാലെ
അണയും ബസ്സിതാ വരുന്നല്ലോ!
ഇടിച്ചുകേറുവാനടുത്ത കുട്ടികൾ-
ക്കിടയിലൂടൊരു വിധത്തിലായ്
പിടിച്ചുനിൽക്കുവാനിടയില്ലെന്നാലും
കടന്നുകേറി ഞാനൊരുവിധം!
കൊടുത്ത ചക്രത്തിൻ ബാക്കി കൺട്രാവി
കിലുക്കിത്തന്നപ്പോൾക്കുലുക്കത്തിൽ
ചിലമ്പിച്ചില്ലറ ചിതറിത്താഴേക്കു പതിച്ചു
ചങ്കിടിച്ചൊതുങ്ങി ഞാൻ .
അടുത്തു നിൽക്കുന്ന തടിച്ച ചേച്ചിതൻ
കടുത്ത നോട്ടവും ഭയങ്കരം
എടുത്തുചാടിക്കൊണ്ടലറി ചേച്ചിയും
കിടുങ്ങിയുള്ളവും ഭയത്തിനാൽ….
പിറകിൽ വന്നെന്റെ പുറത്തു തോണ്ടുന്നോ
പിടിച്ചു പോലീസിൽക്കൊടുക്കും ഞാൻ
പിറകിൽ നിൽക്കുന്ന ഫ്രീക്കന്മാരവർ
ചിരിച്ചു കൂവുന്നു ഭയങ്കരം!
നടുക്കത്തോടെ ഞാനൊടുക്കം നോക്കിയ-
ക്കരണ്ടി കൊണ്ടതാണറിയാതെ!
അടിക്കല്ലേ മാഡം കരണ്ടിയാണെ ഞാൻ
അറിഞ്ഞല്ലിതിന്നഹങ്കാരം!
ഇനിയും ബസ്സിലേ കയറുകില്ലയെന്നുറച്ചു
മ്ലാനിയായിറങ്ങി ഞാൻ…
കടം വരുത്തിവെച്ചെടുക്കുവാനുറച്ചൊരു
കിടുക്കനാം ബൈയ്ക്കതും
എടുത്തു പാസുബുക്കുടനെ പോയൊരു
കിടിലൻ ഷോറൂമിൽക്കയറവേ….
വെളുത്തഷർട്ടിട്ടോളൊരുത്തി വന്നെന്നെ
കുളിർക്കെപ്പുഞ്ചിരിച്ചറിയിച്ചു
ഇരിക്കണം ‘സാറെ’ന്നൊരുത്തരും മുന്നേ
പറഞ്ഞിട്ടില്ലിവൾ പറയുന്നു!!
ഇരുന്നു ഞാനറച്ചൊതുങ്ങി വീണ്ടുമാ
ച്ചെറിയ പെൺകുട്ടി ചിരിക്കുന്നു
ഇരുന്നതില്ലവൾ ബഹുമാനിക്കുവാ-
നറിഞ്ഞ കുട്ടിയെന്നറിഞ്ഞിടൂ!
പലതരം വണ്ടി പടത്തിൽക്കാണിച്ചു
പടുത്വമോടവൾ വിവരിച്ചു
എടുത്തുകൊള്ളുകിക്കറുത്ത വണ്ടിയെ-
ന്നെടുത്തെടുത്തവൾ പറഞ്ഞപ്പോൾ…
കറുത്ത വണ്ടിതന്നടുത്തു ചെന്നതിൽ
കുറച്ചു നോക്കിനിന്നൊടുവിൽ ഞാൻ!
വിലയെന്താകുമെന്നറിയാനായിട്ടാ
വിവരം ചോദിച്ചു,പറഞ്ഞവൾ..
ഫൈനാൻസുണ്ടിവിടതിനാലല്പവും
പനിക്കണ്ടാ സാറേയിരുന്നാലും..
ഇനിസ്റ്റാൾമെന്റുമപ്പലിശയും കൂട്ടി-
ക്കണക്കു കണ്ടപ്പോൾ നടുങ്ങി ഞാൻ!
കണക്കു കൂട്ടിയാലിതുപോൽ രണ്ടെണ്ണം
കിടയ്ക്കുമിക്കാശ് കൊടുക്കുമ്പോൾ!
ഒടുക്കം രക്ഷപെട്ടിറങ്ങി മെല്ലെ ഞാൻ
നടന്നു പോയൊന്നു കിടക്കവെ…
കരുതി നാട്ടിലെ പുതിയ ട്രെന്റല്ലോ
കുതിര വാങ്ങുവാനുറച്ചു ഞാൻ.
കുതിരമേലേറിപ്പണിക്കു പോകുമ്പോൾ
കുറച്ചു വൈക്കോലുമെടുക്കും ഞാൻ..
അടിക്കടി നാട്ടിൽ കുതികേറും പെട്രോൾ
അടിക്കാതങ്ങനെ കുതിച്ചു ഞാൻ!

സജികണ്ണമംഗലം

By ivayana