Vaisakhan Thampi
മനുഷ്യരെ ‘കുറുക്കൻമാരെ’ന്നും ‘മുള്ളൻപന്നിമാരെ’ന്നും രണ്ടായി തരംതിരിക്കുന്ന ഒരു രീതിയുണ്ട്. പഴയ ഈസോപ്പ് കഥകളിൽ നിന്ന് തുടങ്ങി, പതിയെ പല രീതിയിൽ പ്രയോഗിക്കപ്പെട്ട ഒരു ഉപമയാണത്. ഇംഗ്ലീഷ് ഫിലോസഫറായിരുന്ന ഇസായ ബെർലിൻ 1953-ൽ എഴുതിയ ഒരു ലേഖനമാണ് (The Hedgehog and the Fox) അക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധം.
കണിശമായ ഒരു ‘ആരോപണ’മൊന്നുമല്ല അതെങ്കിലും, പ്രശ്നങ്ങളെ നോക്കിക്കാണുന്ന രീതിയിലെ ഒരു അടിസ്ഥാനവ്യത്യാസം മനസ്സിലാക്കാൻ ആ ഉപമ സഹായകരമാണ്. ഒട്ടൊക്കെ ഒരു കൗതുകവും അതിലുണ്ട്.
അമേരിക്കൻ സ്റ്റാറ്റിസ്റ്റിഷ്യനായ നെയ്റ്റ് സിൽവർ ആണ് ആധുനികകാലത്ത് ആ ആശയത്തെ ഏറ്റവും കൂടുതൽ പോപ്പുലറാക്കിയത്. തെരെഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട www.fivethirtyeight.com/ അദ്ദേഹത്തിന്റെ വെബ്സൈറ്റിന്റെ ലോഗോ ഒരു കുറുക്കന്റെ ചിത്രമായത് ഈ ഉപമയുടെ ചുവടുപിടിച്ചാണ്.
നിരവധി അമേരിക്കൻ ഇലക്ഷനുകളിൽ ആളുകളെ അമ്പരപ്പിക്കുന്ന കൃത്യതയോടെ ഫലപ്രവചനം നടത്തിയാണ് സിൽവറും ഈ വെബ്സൈറ്റും ശ്രദ്ധ നേടിയത്. കുറുക്കന്റെ ശൈലിയാണ് തങ്ങളുടെ വിജയത്തിന് പിന്നിൽ എന്നാണ് സിൽവർ പറയുന്നത്. എന്താണാ രീതി?
ഇലക്ഷനുകളോളം തന്നെ പഴക്കമുള്ള ഒന്നാണല്ലോ ഇലക്ഷൻ പ്രവചനം. മാസ്സ് മീഡിയയുടെ വരവോടെ അതിന് കൊഴുപ്പ് കൂടിയിട്ടേ ഉള്ളൂ. സർവേയെന്നും പ്രവചനമെന്നുമൊക്കെ പേരിട്ട് ഏതൊക്കെ പാർട്ടി എത്രയൊക്കെ വോട്ട് നേടുമെന്ന്, ഇലക്ഷന് മാസങ്ങൾക്ക് മുന്നേ കൊട്ടിഘോഷിക്കുന്നത് നമ്മളിപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റായ ഫിലിപ് റ്റെറ്റ്‌ലോക്ക് ഇത്തരം പ്രവചനങ്ങൾ നടത്തുന്ന ‘വിദഗ്ദ്ധരെ’ പഠനവിധേയമാക്കിയിട്ടുണ്ട്.
എല്ലാവർക്കും അറിയാവുന്നതുപോലെ തന്നെ, വിദഗ്ധരുടെ പ്രവചനങ്ങൾ മിക്കപ്പോഴും പാളിപ്പോകലാണ് പതിവ് എങ്കിലും ചില ആളുകളുടേത് മറ്റ് ചിലരെ അപേക്ഷിച്ച്, താരതമ്യേന കൂടുതൽ കൃത്യമാണ് എന്നദ്ദേഹം കണ്ടെത്തി. അതിൽ രസകരമായ ഒരു കണ്ടെത്തൽ ഉണ്ടായിരുന്നു. മീഡിയയിൽ ഒരു വിദഗ്ധൻ എത്രത്തോളം കൂടുതൽ തവണ ഫീച്ചർ ചെയ്യപ്പെട്ടോ, അതിനാനുപാതികമായി അയാളുടെ പ്രവചനവും മോശമായി. അതായത്, കൂടുതൽ പോപ്പുലറായ വിദഗ്ദ്ധരാണ്, കൂടുതൽ മോശമായ പ്രവചനം നടത്തിയത്.
ഒരു സൈക്കോളജിസ്റ്റ് കൂടിയായ റ്റെറ്റ്‌ലോക്ക് ഈ വിദഗ്ദ്ധരെ വ്യക്തിത്വസവിശേഷതകളുടെ അടിസ്ഥാനത്തിൽ പ്രത്യേകം പഠനവിധേയമാക്കി. അവരുടെ ലോകവീക്ഷണം എപ്രകാരമുള്ളതാണ് എന്ന് മനസ്സിലാക്കാനായി തയ്യാറാക്കപ്പെട്ട ചോദ്യാവലികളാണ് അദ്ദേഹം അതിന് ഉപയോഗിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ, ഒരറ്റത്ത് ‘കുറുക്കൻ’മാരും മറ്റേയറ്റത്ത് ‘മുള്ളൻപന്നി’കളും ഉൾപ്പെട്ട ഒരു സ്പെക്ട്രത്തിൽ ഈ വിദഗ്ദ്ധരെ അദ്ദേഹത്തിന് വിന്യസിക്കാനായി.
“കുറുക്കന് ഒരുപാട് കൊച്ചുകൊച്ചു കാര്യങ്ങൾ അറിയാം, മുള്ളൻപന്നിയ്ക്ക് ഒരു വലിയ കാര്യമറിയാം” (“A fox knows many things, but a hedgehog knows one big thing”) എന്ന പഴഞ്ചൊല്ലാണ് ഇതിന്റെ അടിസ്ഥാനം.
‘മുള്ളൻപന്നി’കളുടെ പ്രത്യേകത അവർക്ക് ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ബൃഹത്തായ ആശയങ്ങളുടെ പിൻബലമുണ്ടാകും എന്നതാണ്.
ഭൗതികശാസ്ത്രനിയമങ്ങളെപ്പോലെ, ലോകത്തിലെ സകലമാറ്റങ്ങളേയും കണിശമായി നിർണയിക്കാൻ പോന്ന പ്രപഞ്ചനിയമങ്ങൾ. ഏതാണ്ട് സിഗ്മണ്ട് ഫ്രോയ്ഡ് ഉപബോധമനസ്സിനേയും, കാൾ മാർക്സ് വർഗസമരങ്ങളേയും ഒക്കെ ഉപയോഗിച്ചതുപോലെ എന്ന് പറയാം. എന്നാൽ ‘കുറുക്കൻ’മാർക്ക് ഇത്തരം വലിയ ആശയങ്ങളൊന്നും പിടിയില്ല. അവർ അപ്പപ്പോൾ കിട്ടുന്ന വിവരം വെച്ച് കാര്യം നടന്നുപോകണം എന്ന് ചിന്തിക്കുന്നവരാണ്. എന്തിലും പ്രയോഗിക്കാൻ പോന്ന ബൃഹദാശയങ്ങളെ വിട്ട്, പ്രശ്നങ്ങളെ പല രീതിയിലൂടെ സമീപിച്ചുനോക്കാൻ ശ്രമിക്കുന്ന ഇവർക്ക് സൂക്ഷ്മമാംശങ്ങളോടും അനിശ്ചിതത്വത്തോടും സങ്കീർണതകളോടും എതിരഭിപ്രായങ്ങളോടും കൂടുതൽ സഹിഷ്ണുതയുണ്ടാകും.
നിലവിലുള്ള ധാരണകളോട് യോജിക്കാത്ത വിവരം പുതുതായി കിട്ടിയാൽ, ധാരണ തിരുത്താൻ അവർക്ക് അല്പം പോലും ചിന്തിക്കേണ്ട ആവശ്യമില്ല.
റ്റെറ്റ്‌ലോക്കിന്റെ പഠനത്തിൽ, ‘മുള്ളൻപന്നി’കളെ അപേക്ഷിച്ച് വ്യക്തമായ മുൻതൂക്കം ‘കുറുക്കൻ’മാരുടെ പ്രവചനത്തിന്റെ കൃത്യതയിൽ ഉണ്ട് എന്ന് കാണാം.
ഇതിലെ കൗതുകം, ‘കുറുക്കൻ’മാർക്ക് അധികം പബ്ലിസിറ്റി കിട്ടില്ല എന്നതാണ്. പല പ്രശ്നങ്ങളും മുൻകൂട്ടി പ്രവചിക്കാൻ ബുദ്ധിമുട്ടുള്ളവയാണെന്നും, അനിശ്ചിതത്വം കൂടി കണിക്കിലെടുത്തുള്ള പ്രവചനമേ പാടുള്ളുവെന്നുമൊക്കെയുള്ള മനോഭാവം പലപ്പോഴും ആത്മവിശ്വാസക്കുറവായി തെറ്റിദ്ധരിക്കപ്പെടുന്നതാകാം കാരണം. എന്ത് വിഡ്ഢിത്തവും, തട്ടുതടവില്ലാതെ കടുത്ത കോൺഫിഡൻസോടെ പറയാൻ കഴിയുന്നതാണ് പാണ്ഡിത്യത്തിന്റെ ലക്ഷണം എന്ന പൊതുബോധം കാരണം ‘കുറുക്കൻ’മാർക്ക് മീഡിയായിൽ വലിയ സ്ഥാനമൊന്നും കിട്ടില്ല.
അതുകൊണ്ട് തന്നെ, നമുക്ക് സുപരിചിതരായ മിക്ക പ്രവചനവിദഗ്ദ്ധരും ‘മുള്ളൻപന്നി’കളാണ്. പ്രവചനം അടപടലം പാളിയാലും അടുത്ത ഇലക്ഷന് ഇവർ പിന്നേയും പ്രവചനവുമായി ലൈം ലൈറ്റിൽ നിൽക്കും. ഒരുപക്ഷേ നമ്മുടെയൊക്കെ വ്യക്തിപരമായ സർക്കിളുകളിൽ അധികമാർക്കും അറിയാത്ത ‘കുറുക്കൻ’മാർ ഉണ്ടായേക്കും. (എനിക്ക് അത്തരം ചിലരെ അറിയാം. സ്വകാര്യസംഭാഷണങ്ങളിൽ ഇവർ നടത്തിയിട്ടുള്ള പല പ്രവചനങ്ങളും അത്ഭുതകരമായി ശരിയായിട്ടുണ്ട്)
ഇലക്ഷൻ പ്രവചനത്തിൽ മാത്രമല്ല, ഏത് വിഷയത്തിലും എന്ത് ചെയ്താൽ എന്ത് സംഭവിക്കും എന്ന മട്ടിലുള്ള പ്രവചനങ്ങളും പരിഹാരനിർദ്ദേശങ്ങളും മുന്നോട്ട് വെക്കുന്ന കാര്യത്തിൽ കുറുക്കൻ-മുള്ളൻപന്നി ഉപമ ബാധകമാണ്.
ഒരു രോഗത്തെ കൈകാര്യം ചെയ്യുന്ന ഡോക്ടറായാലും, സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്നതിന് സമീപിക്കുന്ന കൺസൾട്ടന്റായാലും ഒക്കെ കൂട്ടത്തിലെ ‘കുറുക്കൻ’മാരെയാണ് കൂടുതൽ നമ്പാനാവുക. ‘മുള്ളൻപന്നി’കൾക്ക് പറയാൻ കണിശമായ സിദ്ധാന്തങ്ങളും ഗംഭീര കോൺഫിഡൻസും ഉണ്ടാകുമെന്നേയുള്ളൂ.
കൂടുതൽ വായനയ്ക്ക് Nate Silver – ന്റെ The Signal and the Noise എന്ന പുസ്തകം ശിപാർശ ചെയ്യുന്നു.
ജാമ്യം: Hedgehog എന്നത് നമ്മുടെ നാട്ടിൽ ഇല്ലാത്ത ജീവിയാണ്. അതുകൊണ്ട് തന്നെ ‘മുള്ളൻപന്നി’ എന്നത് കൃത്യമായ തർജ്ജമയല്ല.