രചന : ലത അനിൽ.

സമയമായില്ലെന്നോ സഖീ ഇനിയും
ഇടയുന്നെൻ ദേഹവും ദേഹിയു० തമ്മിൽ.
നോവു മാത്രമറിയുമീ നേരത്തു०
ഒന്നു കാണാൻ കൊതിക്കുന്നു ചിത്ത०.
കാഞ്ചനത്തിളക്കവു० പദവിയും കരുത്തും
കവർന്ന കാതരസ്വപ്നങ്ങളെ
ഉണർത്താനൊരിക്കലന്നാദ്യമായ് കണ്ടൂ
കൺകൾ പറിച്ചെടുക്കാനാവാതങ്ങു നിന്നുപോയി.
ഈയാ०പാറ്റകൾ വീഴുമെന്റെ
മോഹപ്രഭാവലയമന്നൊന്നു മങ്ങിയോ ?
പെരുങ്കളിയാട്ടങ്ങൾ കനവിനെ തെല്ലു
പൊള്ളിച്ചുവോ?
നീഹാരമുതിരു० രാവുകളിലല്ല,
പ്രണയസോപാനഗീതികൾ
ശ്രവിക്കുമ്പോളല്ല,
വിരസമാമേകാന്തനിമിഷങ്ങളിൽ
മിന്നലൊളിയായ് വന്നുപോയതൊരേ മുഖം.
ഏതു വികാരപ്പൂമൊട്ടുകൾ വിരിഞ്ഞൂ കൊഴിഞ്ഞൂ ഹൃത്തിൽ ?
തേടിപ്പോയില്ലതേവരെയെന്നിട്ടു०
ദൂതുമായയച്ചൂ തോഴിയെ
ഉത്തരം കിട്ടി, സമയമായില്ല പോലു०
ഇനിയേതസുലഭനിമിഷമെന്നോർത്തു ഞാൻ.
സന്ധ്യകൾ സൗഗന്ധികങ്ങളായീ
ഊയലാടി പലവട്ടം ഋതുക്കൾ.
ഇരുളിൻ മടിത്തട്ടിലിന്നിരിക്കുന്നു ഞാൻ
കറുത്ത സ്പ്നത്തിൻ കരിമ്പടക്കെട്ടായി
ഇന്നില്ല വേഷഭൂഷകളൊന്നുമേ
വ്രണങ്ങൾ മാത്രമാണുള്ളിലു० പുറമെയു०
നോവു മാത്രമറിയുമീ നേരത്തും കാണാൻ
കൊതിപ്പതെന്തൊരു മായാവിലാസ० !
ദൂരെ നിന്നാരോ വരുന്നുവോ?
സഖീ….
സമയമായി……..
സമയമായി……………..

ലത അനിൽ

By ivayana