രചന : ശിവൻ മണ്ണയം.
ഒരുമ്മ താടാ …
പാർവതി അവൻ്റെ മനസിലേക്കോടി വന്നു. അവനെ വലിയ ഇഷ്ടമായിരുന്നു അവൾക്ക്.
അവർ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒന്നിച്ചു പഠിച്ചവരാണ്.
കുട്ടിക്കാലം മുതലേ അവനൊരു അന്തർമുഖനായിരുന്നു.കർക്കശ്ശക്കാരനായ അച്ഛൻ ഒരു ഏകാധിപതിയെ പോലെ ഭരിച്ചിരുന്ന വീട്ടിൽ, ശബ്ദമുയർത്താനോ പൊട്ടിച്ചിരിക്കാനോ പേടിച്ച് വളർന്നതാണവൻ്റെ ബാല്യം.ആ പേടിയും ആ മൗനവും പിന്നെയവൻ്റെ ജീവിതയാത്രയിൽ ഇടംവലമുണ്ടായിരുന്നു.
അവൻ ആരോടും അധികം സംസാരിച്ചിരുന്നില്ല; പാർവതിയോട് പോലും.പക്ഷേ സ്കൂളിലേക്കുള്ള യാത്രയിൽ ഒപ്പം കൂടുന്ന കൊച്ചുപാർവതി അവനോട് കലപിലാസംസാരിക്കുമായിരുന്നു. അതവന് ഇഷ്ടവുമായിരുന്നു.
ഹൈസ്കൂളിലെത്തിയതോടെ അവൻ അവളിൽ നിന്നൊഴിഞ്ഞു മാറാൻ തുടങ്ങി.അവളെ കാണുമ്പോൾ തന്നെ അവന് പരിഭ്രമം തുടങ്ങും. അവളടുത്ത് വന്നാൽ അവൻ ചുറ്റും നോക്കാൻ തുടങ്ങും. ആരെങ്കിലും കാണുന്നുണ്ടോ? അവൾ സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ പിന്നെയത് ചായക്കടയിൽ ചർച്ചയാകും.അക്കാലത്ത് അവൻ്റെ ഗ്രാമത്തിൽ ജനസംഖ്യ കുറവായിരുന്നു;വീടുകളും.
പക്ഷേ മുക്കിലും മൂലയിലും ഒളിക്യാമറകളെ വെല്ലുന്ന സംശയദൃഷ്ടികളോടെ പതിയിരിക്കുന്ന സദാചാര ചാരൻമാരും ഇൻവസ്റ്റിഗേറ്റീവ് ജീർണ്ണലിസ്റ്റുകളും കൊച്ചു പുസ്തക കഥാകാരൻമാരുമായിരുന്നു..മീശവളർന്നുതുടങ്ങിയ ആണും …ല വളർന്നുതുടങ്ങിയ പെണ്ണും അവരുടെ സദാചാര നോട്ടത്തിൻ്റെ പരിധിയിലായിരുന്നു എപ്പോഴും.എന്തെങ്കിലും അസ്വാഭാവികമായി അവർ കണ്ടെത്തിയാൽ ചായക്കടയിലൂടെ അത് സംപ്രേഷണം ചെയ്ത് കളയും. അത് കൊണ്ട് നാട്ടിലന്ന് സദാചാരം തഴച്ചുവളർന്നിരുന്നു.
ദുരാചാരം എന്ന് ചിന്തിക്കുന്നത് പോലും പാപമായി കൗമാരക്കാർ കരുതിയിരുന്ന, ചായക്കടയിൽ തൻ്റെ പേരുയരുന്നത് മരണത്തേക്കാൾ ഭീകരമായി കരുതിയിരുന്ന ആ കാലത്തിലാണ് അവൻ കൗമാരത്തിലേക്ക് കടന്നത്. അതു കൊണ്ട് തന്നെ പാർവതി അടുത്ത് വരുമ്പോൾ സംസാരിക്കുമ്പോൾ അവൻ വല്ലാതെ ചകിതനായിരുന്നു. ആരെങ്കിലും പറഞ്ഞ് അച്ഛനറിഞ്ഞാൽ… കൊന്നുകളയും!
പത്താം ക്ലാസിലായപ്പോൾ അവളുടെ സംസാരം കൂടി. പാർവതി അടുത്ത് വരുമ്പോഴേ അവന് വിറയല് തുടങ്ങും.
അവൾ സംസാരിച്ച് തുടങ്ങുമ്പോൾ ഭീതിയോടെ നാല് ചുറ്റും നോക്കി, കൊലമരത്തിന് ചുവട്ടിലെ കുറ്റവാളിയെപ്പോലെ അവൻ പകച്ച് നിൽക്കും. അവളോട് എന്തെങ്കിലുമൊരു മറുപടി പറഞ്ഞതായി അവനോർമ്മയില്ല. ഇല്ല അവനവളോട് സംസാരിച്ചിട്ടേയില്ല. പക്ഷേ അവൾ അവനോട് പറഞ്ഞതെല്ലാം, സംഭാഷണത്തിന് ഇടയിലെ മുക്കലും മൂളലും വരെ അവന്റെ ഹൃദയത്തിൽ പതിഞ്ഞ് കിടപ്പുണ്ട്.
അവളുടെയും അവൻ്റെയും പേര് ഏതോ അലവലാതികൾ സ്കൂളിന്റെ മതിലിൽ എഴുതി വച്ചപ്പോൾ അവനോടി ചെന്ന് അച്ഛനോട് പരാതി പറഞ്ഞു. വേറാരെങ്കിലും പറഞ്ഞാൽ അവൻ തെറ്റുകാരനാകുമല്ലോ. പക്ഷേ അച്ഛൻ പൊട്ടിച്ചിരിക്കുകയാണുണ്ടായത്. അവനാശ്വാസമായി. അച്ഛന് അവനിൽ അവിശ്വാസമില്ല!
പത്താം ക്ലാസിലെ അവസാനത്തെ സ്കൂൾ ദിനം. അന്ന് കുട്ടികൾക്ക് അത്ര മോശമല്ലാത്ത യാത്രയയപ്പാണ് സ്കൂൾ അധികൃതർ നൽകിയത്.പാട്ടും ആട്ടവും മേളവും ഭക്ഷണവും നിറഞ്ഞ അവിസ്മരണീയമായ ഒരു ദിനം.
ഇങ്ങ് വാടാ… എന്നവൾ വിളിക്കുമ്പോൾ ‘കണ്ണോട് കാൺമതെല്ലാം തലൈവാ കൺകളുക്ക് ചൊന്തമല്ലെയ് ‘ എന്ന ഗാനം സ്റ്റേജിൽ മുഴങ്ങുകയായിരുന്നു. ആഘോഷം മനസിലെ പ്രണയത്തെ ഉദ്ദീപിപ്പിക്കുമല്ലോ. വല്ലാത്തൊരു ഫീലായിരുന്നു.പ്രണയം തലച്ചോറിലേറി കാളിയമർദ്ദനമാടുകയായിരുന്നു.
അവന്റെ കാലുകൾ യാന്ത്രികമായി അവളുടെ പിന്നാലെ ചലിച്ചു.ആളൊഴിഞ്ഞ ഒരു ക്ലാസ് റൂമിൽ വച്ചു് അതിയായ ആശയോടെ അവൾ ചോദിച്ചു: ഒരുമ്മ താടാ ..
കിസ്സ് ഈസ് എ പ്രോമിസ് എന്ന തായിരുന്നോ അവളുടെ മനസിൽ?
അതുവരെ വിറയലേ ഉണ്ടായിരുന്നുള്ളൂ അവന്. പാർവതി പറഞ്ഞ വാക്ക് കേട്ട് അവൻ്റെ നെഞ്ചങ്ങ് നിലച്ച് പോയി. അവന്റെ തല പെരുത്തു .ഒന്നും പറയാതെ അവനിറങ്ങി ഓടി. അവൻ ഓടിയത് അവൻ്റ കുടുംബത്തിനു വേണ്ടിയായിരുന്നു. അവൻ്റെ മേലൊരു കറുപ്പ് വീണാൽ ,ഭൂമിയിൽ പിന്നെ അങ്ങനെയൊരു കുടുംബമുണ്ടാവില്ലല്ലോ..!
കണ്ണോട് കാൺമതെല്ലാം….. ആ ഗാനം ലഹരിയാണ് ഇപ്പോഴുമവന്. അത് അവളുടെ പേരിലാണല്ലോ അവൻ്റെ തലച്ചോർ സേവ് ചെയ്ത് വച്ചിരിക്കുന്നത്!
നല്ലതുപോലെ പഠിക്കുന്നവളായിട്ടും പാർവതി പത്തിൽ തോറ്റു. അതെങ്ങനെ സംഭവിച്ചു എന്ന് അവനിക്കറിയില്ല. പിന്നെയവൾ പഠിക്കാനും പോയില്ല.
അവൻ പ്രീഡിഗ്രിക്ക് നഗരത്തിലെ ഒരു കോളേജിൽ ചേർന്നു. ആഴ്ചാവസാനങ്ങളിൽ കവലയിൽ ബസിറങ്ങുമ്പോൾ ചിലപ്പോഴൊക്കെ അവനവളെ കാണും, പാറിപ്പറന്ന മുടിയോടെ, മുഷിഞ്ഞ വസ്ത്രങ്ങളോടെ.
അവളവനെ നിർന്നിമേഷം നോക്കി നില്ക്കുന്നത് അവനറിഞ്ഞിരുന്നു. പക്ഷേ അവനവളെ ശ്രദ്ധിച്ചില്ല. അവളുടെ കണ്ണിനെ എതിരിടാൻ അവന്റെ കണ്ണുകൾക്കോ, വിഷാദം കലർന്ന ആ പുഞ്ചിരി മടക്കി നൽകാൻ അവന്റെ ചുണ്ടുകൾക്കോ ശക്തിയുണ്ടായിരുന്നില്ല.
അവളവനെ കുറിച്ച് ,അവന്റെ പഠനത്തെ കുറിച്ച് പലരോടും അന്വേഷിച്ചിരുന്നതായും വരുന്ന വിവാഹാലോചനകൾ ഒരോന്ന് പറഞ്ഞ് മുടക്കുന്നതായും അവനറിഞ്ഞിരുന്നു. ഭീതിയോടെയെങ്കിലും പലരോടും അതീവ ഗോപ്യമായി അവനും അവളെകുറിച്ച് അന്വേഷിച്ച് കൊണ്ടേയിരുന്നു.
ഒരു ദിവസം ആളൊഴിഞ്ഞ ഇടവഴിയിൽ വച്ച് യാദൃശ്ചികമായോ മനപൂർവമായോ കണ്ടുമുട്ടിയപ്പാൾ അവൾ പറഞ്ഞു ” ഒന്ന് നിന്നേ ഒരു കാര്യം പറയാനുണ്ട് ”
അവന് ഭയമായിരുന്നു.
അവൻ വെപ്രാളപ്പെട്ട് അവളിൽ നിന്ന് നടന്നകന്നു.അവൾക്ക് പറയാനുള്ളതെന്തെന്ന് കേൾക്കാതെ.
അവൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പാർവതിയുടെ വിവാഹം നടന്നത്. അന്ന് എന്തുകൊണ്ടോയെന്തോ അവനൊരുപാട് കരഞ്ഞു. സ്വയം പുച്ഛം തോന്നി ചുമരിൽ തലയിട്ടടിച്ചു.അന്നാണ് അവനാദ്യമായി മദ്യപിച്ചത്.
പിന്നെ കുറേ നാൾ അവൻ നാട്ടിലേക്ക് പോയില്ല.
സ്വർഗ്ഗം പോലെ കരുതിയിരുന്ന തൻ്റെ ഗ്രാമത്തെ അവൻ വല്ലാതെ വെറുത്തു.
പതിയെ അവനവളെ മറന്നു;തൻ്റെ ഗ്രാമത്തെയും. നഗരം നല്ലൊരു ലഹരിമരുന്നാണല്ലോ, എല്ലാം മറക്കാൻ!
നീണ്ട കാലയളവിന് ശേഷം പിന്നെ അവൻ നാട്ടിലേക്ക് പോയത് അവളുടെ മരണവാർത്തയറിഞ്ഞാണ്. അവസാനമായി ഒന്ന് കാണണമെന്ന് തോന്നി. തെറ്റുകുറ്റങ്ങൾ ഏറ്റു പറയണമെന്ന് തോന്നി.
അവൻ ചെന്നപ്പോൾ അവൾ ശാന്തമായ നിദ്രയിലായിരുന്നു. ഇനിയൊരിക്കലും ഉണരാത്ത നിദ്ര…
ക്രൂരനായ അവളുടെ ഭർത്താവ് സങ്കടമഭിനയിച്ചു കൊണ്ട് അവിടെ നില്പുണ്ടായിരുന്നു. അവനയാളെ കൊല്ലണമെന്ന് തോന്നി. പക്ഷേ പക്വതയോടെ ചിന്തിച്ചപ്പോൾ ഒരു കാര്യമ വന് മനസിലായി. പാർവതിയുടെ സ്നേഹം നിഷേധിച്ച നിന്നെക്കാൾ എത്രയോ ഭേദമാണ് അവളെ ദ്രോഹിച്ച് കൊന്ന ഇവൻ …. !
അവനവളുടെ ശവശരീരത്തിനരികിലേക്ക് നീങ്ങി നിന്നു.
ഒരു ഉമ്മ താടാ … പാർവതിയുടെ ശബ്ദം അവൻ കേട്ടു.
ചുറ്റും ആൾക്കാർ നില്പുണ്ട്, അച്ഛനുമുണ്ട്. അവന് പേടി തോന്നിയില്ല.
അവൻ ചെന്ന് അവളെ പുണർന്ന് നെറ്റിയിലും കവിളിലും തുരുതുരാ ചുംബിച്ചു.
പക്ഷേ സമയം എത്രയോ വൈകിപ്പോയിരുന്നു ..!