രചന : സുദേവ്.ബി

മിഴിനീരു നിറച്ചു, നേർത്തനി_
ന്നിടറും,വാക്കുകളേറ്റുവാങ്ങവേ
പറയാനറിയില്ല,മുഗ്ദ്ധമെൻ
ഹൃദയം സാഗരമാകയാണെടോ

ഒരുപാടൊരുപാടു പണ്ടു നാം
പറയേണ്ടുന്നതു തന്നെയെങ്കിലും
ഹൃദയത്തിലിരുന്നുപാകമാ
യതിനാൽ ഞാൻനിലതെറ്റിടുന്നുവോ

ഹൃദയാന്തര വീഞ്ഞുവീപ്പയിൽ
പകരാനായി നിറച്ചു വെച്ചതാ
ണഴകേയൊരു പക്ഷെ യദ്യമാ-
യവിടേ കണ്ട,ദിനാന്ത സന്ധ്യയിൽ

മതിയോ അറിവീല കാലമേ
പഴകും തോറുമതേറുമെങ്കിലും
കൊതിയായൊരു കാസയെങ്കിലും
കവിളിൽ ചേർത്തു പകർന്നു നൽകുവാൻ

ഹൃദയേ തനിയേ നടന്നു ഞാൻ
തിരയുന്നുണ്ടതു കണ്ടു കിട്ടുവാൻ
പ്രിയതേ വരുമോ നിനക്കു ഞാ
നിവിടേയുള്ള വിശുദ്ധ മദ്യപൻ !

പ്രണയച്ചിതി കാടുമൂടി ! നാം
മുഴുമിക്കാത്ത മഹാവ്രതങ്ങളും
ഹവിരർപ്പണയജ്ഞവേദിയിൽ
വനജ്യോത്സ്നാവലി,മാത്രമിന്നു ഹാ

ഇരവിൽ തനിയേയിരുന്നു ഞാൻ
സ്വരസഞ്ചാരമതോർത്തെടുക്കയാ
ണതിലേയനുദാത്ത മാത്രകൾ
സ്വരിതോദ്ഭാവമുദാത്തമിശ്രണം !

പ്രിയതേയറിവീലയതൊക്കയും
മറതൻ ഭൂമിയിലാഴ്ന്നുപോകയാൽ
വരികെന്നരികത്തൊരഗ്നിയാ
യിതിനൾത്താരയിലേക്ക് സൗമ്യമായ്!

സുദേവ്.ബി

By ivayana