ചെറുമൂടൻ സന്തോഷ്.
ബാലകാണ്ഡത്തിൽ.
നരവംശത്തിൻ്റെ നിലപാടുകളോടു പൊരുത്തപ്പെട്ടു പോകുന്ന ഉപദേശ സംഹിതകൾക്കൂടിയാണ് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’. ഉൾക്കൊള്ളുന്നതിൻ്റെ അടിസ്ഥാനത്തിൽ അത് ഭക്തിയുടെയോ യുക്തിയുടെയോ വഴികളിലേയ്ക്ക് വേർതിരിയുന്നു.ആ വേർതിരിയലിൻ്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഈ മഹത്തായ സാഹിത്യ കൃതി ഭക്തിയോടാണ് കൂടുതൽ മമതാ ബന്ധം പുലർത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കാൻ പ്രത്യേകിച്ചൊരു പ്രയത്നത്തിൻ്റെ ആവശ്യമേയില്ല.
ഇതിൻ്റെ സൃഷ്ടിയുടെ കാലം,അന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾ എന്നിവ ഇതിനനുയോജ്യമായ ഉൽപ്രേരകങ്ങൾ തന്നെയായിരുന്നു.വേദ-വേദാന്തങ്ങളും അവയുടെ സാരാംശങ്ങളും ഉപനിഷത്തുകളിലെ മഹദ്വാക്യങ്ങളുമൊക്കെ വായനക്കാരൻ്റെ പ്രജ്ഞയെ സ്വാധീനിക്കത്തക്കവണ്ണമുള്ള ഉപദേശ രൂപത്തിൽ എഴുത്തച്ഛൻ എടുത്ത് നിരത്തുമ്പോൾ അടുത്തേയ്ക്ക് ചെല്ലുന്ന ഒരാൾക്ക് അതുവരെ മനസ്സിലാകാത്ത അർത്ഥതലവും ആശയപരമായ നവീനത്വവും സ്വായത്തമാകുന്നു.ഭാഷകൊണ്ടും ഭാവനകൊണ്ടും അനുവാചകൻ്റെ മനസ്സിലേയ്ക്ക്,അതിൻ്റെ എല്ലാ മഹത്വത്തോടും കൂടി എഴുത്തച്ഛൻ വാരി നിറയ്ക്കുമ്പോൾ ആ നിറപറ ഭക്തിയിലേയ്ക്കും ജീവിത നന്മയിലേയ്ക്കുമുള്ള വഴിയാണതെന്നു തിരിച്ചറിയുന്നവനാണ് ഉത്തമൻ.
അവൻ തന്നെയാണ് ശരിയായ മനുഷ്യനും. ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൻ്റെ ആഖ്യാന സ്വരൂപം തന്നെ ഭാഷാ-സാഹിത്യ സാംസ്കാരികതയുടെ ഉത്തമ ദൃഷ്ടാന്തമാണ്.ബാലകാണ്ഡം പ്രത്യേകിച്ചും ഇതുയർത്തിക്കാട്ടുന്നുമുണ്ട്.ശ്രീരാമ കീർത്തനത്തിലും സ്തുതിയിലും തുടങ്ങി വിഘ്ന വിനാശാകനായ ഗണനായകനെ വന്ദിച്ച്,(എല്ലാവരും അങ്ങനെ ചെയ്യണമെന്ന് നിർബന്ധമില്ല ഇവിടെ അങ്ങനെ ആയതുകൊണ്ട് സൂചിപ്പിച്ചെന്നുമാത്രം.)
”വാണീടുകനാരതമെന്നുടെ നാവുതന്മേൽ
വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ “
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെ-
യ്കേണാങ്കാനനനേ യഥാ കാനനേ ദിഗംബരൻ
വാരിജോത്ഭവമുഖവാരിജവാസേ ബാലേ!
വാരിധിതന്നിൽ തിരമാലകളെന്നപോലെ
ഭാരതീ! പദാവലി തോന്നേണം കാലേ കാലേ
പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ”
എന്ന വാഗ്ദേവതാ(സരസ്വതി)വന്ദനത്തിലെത്തുമ്പോൾ ഭാഷാ സംസ്കൃതിയോടുള്ള തൻ്റെ ആദരവ് വ്യക്തമാക്കുകയാണ് എഴുത്തച്ഛൻ ചെയ്യുന്നത്.വ്യാസനോടുള്ള വണക്കം കാട്ടിത്തരുന്നത് ജ്ഞാന ദാഹിയായ ഒരു മനുഷ്യനെയാണ് ‘ബാലകാണ്ഡ’ പ്രാരംഭം കാട്ടിത്തരുന്നത്.
അവലംബം ‘രാമായണ’മായതുകൊണ്ട്,താൻ തിരഞ്ഞെടുത്തത് ‘അദ്ധ്യാത്മരാമായണ’മായിരുന്നിട്ടുകൂടി വാല്മീകി പ്രതിഭയെ അതിൻ്റെ എല്ലാ പ്രതിഭയോടും കൂടി വാഴ്ത്തുന്നതിന് ഏഴുത്തച്ഛൻ ഒരു മടിയും കാണിക്കുന്നില്ല.
”നാന്മറ നേരായ രാമായണം ചമയ്ക്കയാൽ
നാന്മുഖനുള്ളിൽ ബഹുമാനത്തെ വളർത്തൊരു
വാല്മീകി കവിശ്രേഷ്ഠനാകിയ മഹാമുനി
താൻ മമ വരം തരികെപ്പോഴും വന്ദിക്കുന്നേൻ”
എന്നിങ്ങനെ വായിക്കുമ്പോൾ ‘രാമായണ’ത്തെക്കുറിച്ചും വാല്മീകിയെക്കുറിച്ചും ലഭിക്കുന്ന വിശാലമായ അർത്ഥതലം മനുഷ്യ മനസ്സിലേയ്ക്ക് നേരിട്ടു തന്നെയാണ് ഇറങ്ങിച്ചെല്ലുന്നത്.നാന്മറ(വേദങ്ങൾ )യ്ക്കും തുല്യമായി ‘രാമായണ’ത്തെ കാണുക,തൽകർത്താവിനെ ബ്രഹ്മാവുപോലും ബഹുമാനിക്കുന്നവനായി സങ്കല്പിക്കുക എന്നിവയൊക്കെത്തന്നെ മാനുഷികതയുടെ അത്യുന്നതമായ മൂല്യമാണ്.
ഒരു മഹാപ്രതിഭയ്ക്ക് മറ്റൊരു മഹാപ്രതിഭയോടുള്ള ആദരവാണത്.ഒരു യഥാർത്ഥ പ്രതിഭയ്ക്കുമാത്രമേ ഇത് സാധിക്കുകയുള്ളു.ഒരു കവിത്വത്തിന് തൻ്റെ മാർഗ്ഗ ദർശിയായ കവിത്വത്തിനോടുള്ള ആദരവാണത്.തികച്ചും മാനുഷികമായ ഒരവബോധത്തിൻ്റെ അക്ഷര രൂപമാണത്. ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൽ കാണുന്ന ഈ ഒരു കാഴ്ച എഴുത്തച്ഛൻ്റെ മറ്റൊരു കൃതികളിലും ഇത്രയും സമുജ്ജ്വലമായിക്കാണാൻ കഴിയുകയുമില്ല.
പ്രതീകങ്ങളുടെ പുറംപൂച്ചുകളിൽ വിശ്വസിക്കുന്ന ആളായിരുന്നില്ല എഴുത്തച്ഛൻ.അതുകൊണ്ടുതന്നെ ജീവിതത്തെ കൂട്ടിക്കിഴിച്ചു തിട്ടപ്പെടുത്താൻ ശരാശരിയെന്ന ഗണിത രൂപത്തിനു പകരം പൂർണ്ണമായ ഉൾക്കാഴ്ചയുടെ ആകെത്തുക തന്നെയാണ് ഉപയോഗിച്ചത്.
ആ ഒരു രീതിയിൽ നോക്കുമ്പോൾ വ്യക്തിഗതമായ ചില തുറന്നു പറച്ചിലുകൾ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൽ പല സന്ദർഭങ്ങളിലും ഉയർന്നു കേൾക്കുന്നുണ്ട്.ഗുരുക്കന്മാരെയും തൻ്റെ മുൻഗാമികളായ സകല ജ്ഞാനികളെയും അകമഴിഞ്ഞു വന്ദിക്കുന്ന അദ്ദേഹം മനുഷ്യന് ഒരു മാതൃകയായിത്തന്നെ മാറുകയാണിവിടെ,
”പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മ-
പാദജനജ്ഞാനിനാമാദ്യ നായുള്ളോരു ഞാൻ
വേദസമ്മിതമായ് മുമ്പുള്ള ശ്രീരാമായണം
ബോധഹീനന്മാർക്കറിയാം വണ്ണം ചൊല്ലീടുന്നേൻ”
എന്നുപറയുന്ന എഴുത്തച്ഛൻ മനുഷ്യരെ മൊത്തത്തിലും തന്നെത്തന്നെയും നിരൂപിക്കുകയും,ഒരു തരത്തിൽ പറഞ്ഞാൽ വിമർശിക്കുകയുമാണ് ചെയ്യുന്നത്.എഴുത്തച്ഛൻ്റെ കുലത്തെക്കുറിച്ചുള്ള സുവിദിതമായ അറിവ്,അദ്ദേഹം ചക്കാല നായർ(ശൂദ്ര)വിഭാഗത്തിൽപ്പെട്ടയാളാണ് എന്നതാണ്.
ആ അർത്ഥത്തിൽ തന്നെ മുകളിൽ സൂചിപ്പിച്ച ആദ്യത്തെ രണ്ടു വരികളെ പ്രത്യക്ഷമായെടുക്കാവുന്നതാണ്.ഏറെ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതും അങ്ങനെ തന്നെയാണ്.ആ വ്യാഖ്യാനങ്ങൾ ഒക്കെത്തന്നെ ചാതുർവർണ്യ വ്യവസ്ഥിതിയെ ആധാരമാക്കി ഉള്ളതുമാണ്.എന്നാൽ താൻ ജ്ഞാനികളുടെ ഭക്തനും ദാസനും അവരുടെ പാദം വണങ്ങുന്നവനുമാണെന്ന് എഴുത്തച്ഛൻ തുറന്നു സമ്മതിക്കുകയാണിവിടെ എന്നതാണ് സത്യം.ജ്ഞാനത്തെയും പൂർവ്വസൂരികളായ ജ്ഞാനികളെയും അഗ്രിമ സ്ഥാനത്തു നിർത്താൻ അദ്ദേഹം കാട്ടിയ മനഃശുദ്ധി ആ വ്യക്തിത്വത്തിൻ്റെ മഹിമയെ ശതഗുണീഭവിപ്പിക്കുകയാണ് ചെയ്യുന്നത്.നൂറുകോടി ഗ്രന്ഥ സംഖ്യയുള്ളതും വേദ സമ്മിതവുമായ ശ്രീരാമായണം താൻ കൈകാര്യം ചെയ്യുകയാണെന്ന ഏറ്റു പറച്ചിൽ വല്ലാത്തൊരു മുഴക്കമാണ്.
കൈകാര്യം ചെയ്യുന്നത് ബോധഹീന്മാർക്കറിയാൻ വേണ്ടിയാണ്.ബോധഹീന്മാർക്കെന്തറിയാൻ ? ഒന്നുമറിയാനില്ല.അവിടെയാണ് എഴുത്തച്ഛൻ്റെ ”ബോധഹീനന്മാർക്കറിയാൻ” എന്ന പ്രയോഗം പ്രസക്തമാവുന്നത്.ഇവിടുത്തെ ബോധഹീനന്മാർ ജീവിതത്തെക്കുറിച്ച് ശരിയായ വീക്ഷണമില്ലാത്തവരും ആത്മജ്ഞാനമില്ലാത്തവരും തത്ത്വബോധമില്ലാത്തവരുമാണ്.ഭക്തിയുടെ ഭാഷയിൽ ചുരുക്കിപ്പറഞ്ഞാൽ ഈശ്വരനെ വ്യക്തമായി അറിയാത്തവരാണ്.അവർക്കുവേണ്ടിയാണ് തൻ്റെ ഉദ്യമം എന്ന് പറഞ്ഞുറപ്പിക്കുകയാണ് കവി.
വരുംവരായ്കകളെക്കുറിച്ചുള്ള ഉറച്ച ബോധ്യമാണതിൻ്റെ പിന്നിൽ! അതാണ് ക്രാന്തദർശിത്വം! അതാണ് മാനുഷികത! ‘രാമായണോ ‘പജീവമായ ഒരു കാര്യത്തിനൊരുങ്ങുന്ന ആചാര്യൻ,താൻ വേദശാസ്ത്രങ്ങൾക്ക് അധികാരിയല്ലാത്തതിനാൽ തുടക്കത്തിൽ തന്നെ ക്ഷമ ചോദിച്ചുകൊണ്ടാണ് തൻ്റെ കർമ്മം തുടരുന്നത്.ആ ക്ഷമ ചോദിക്കൽ സാഹിത്യപരമായ അർത്ഥത്തിൽ അദ്ദേഹത്തിൻ്റെ കാലത്തെ സാമൂഹ്യാവസ്ഥയാണ് കാണിക്കുന്നത്.അക്ഷരജ്ഞാനത്തിനുപോലുമുള്ള അവകാശം മൊത്തത്തിൽ വർണ്ണ നിയമക്കാർ വാരിവിഴുങ്ങിയതിൻ്റെ രേഖാചിത്രമാണത്.
ഇങ്ങനെ ഒരവസ്ഥ നിലനിന്നിരുന്നിട്ടുകൂടി ആ യജ്ഞ കർത്താവിൻ്റെ സർഗ്ഗപരമായ കുത്തൊഴുക്ക് തടസ്സപ്പെട്ടില്ല.ഭക്തിയെ വാരിച്ചൂടി,യുക്തിയെക്കുടയാക്കി, സമൂഹ മനഃസാക്ഷിയെ നോക്കിക്കൊണ്ടുതന്നെയത് ഒഴുകിപ്പരന്നു.മാനവൻ എന്നാൽ മുക്തിനേടേണ്ടുന്നവനാണെന്ന് പരക്കെയുണ്ടായിരുന്ന വിശ്വാസത്തെ എഴുത്തച്ഛൻ തള്ളിക്കളഞ്ഞില്ലെന്നുമാത്രമല്ല അതിനെ കൂടുതൽ ഉറപ്പിച്ചു നിർത്തുകയും ചെയ്തു.
”അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
അദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യയംചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം
മുക്തി സിദ്ധിക്കുമസന്ദിഗ്ദമിജ്ജന്മം കൊണ്ടേ”
‘അദ്ധ്യാത്മരാമായണത്തിൻ്റെ യഥാർത്ഥ ഗുണം അടിവരയിട്ടുപറയുകയാണ് കവി ഇവിടെ.സർവ്വശ്രദ്ധയോടുകൂടി ഇതിനെ സമീപിച്ചാൽ ഈ ജന്മംകൊണ്ടുതന്നെ മുക്തി ലഭിക്കുമെന്നദ്ദേഹം ഉറപ്പിച്ചു പറയുന്നു.ഈ ജന്മംകൊണ്ടുതന്നെയാവുമ്പോൾ ഇവിടെത്തന്നെയെന്ന്.
അതായത്, ഇഹലോകത്തിൽതന്നെയെന്ന്.മരണാനന്തര ജീവിതം ഒരു സങ്കല്പം മാത്രമാണെന്ന ധ്വനിയുണ്ടതിൽ.എഴുത്തച്ഛനെപ്പോലൊരു പരമഭക്തൻ അങ്ങനെ കരുതിയിട്ടുണ്ടാവുമോയെന്നതിന് ഉറപ്പൊന്നുമില്ല.എങ്കിലും, ”സ്വർഗ്ഗവും നരകവും ഭൂമിയിൽത്തന്നെ” എന്ന ന്യായപ്രകാരം ഒരാൾ അങ്ങനെ വിശ്വസിച്ചുപോയാൽ അത് തെറ്റുമല്ല.
‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ലെ ബാലകാണ്ഡം മറ്റു കാണ്ഡങ്ങളെ അപേക്ഷിച്ചിടത്തോളം ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന ഒന്നാണ്.
കഥാ പരമായതിൽ,ദശരഥൻ്റെ പുത്രലാഭാലോചന,പുത്രകാമേഷ്ടി,വിശ്വാമിത്ര യാഗരക്ഷ,താടകാ വധം, അഹല്യാമോക്ഷം,അഹല്യാസ്തുതി,സീതാസ്വയംവരം,ഭാർഗ്ഗവഗർവ്വശമനം എന്നീ ഭാഗങ്ങളാണ് വരുന്നത്.ഇതുകൂടാതെ കവിയുടെ വന്ദനങ്ങൾ,കാവ്യലക്ഷ്യം,കഥാകഥന സംവിധാനം തുടങ്ങി പലകാര്യങ്ങളും കടന്നു വരുന്നുണ്ട്.ഇതുതന്നെയാണ് ഇതര കാണ്ഡങ്ങളിൽ നിന്ന് ബാലകാണ്ഡത്തിനുള്ള വ്യത്യാസവും.ഉമാമഹേശ്വര സംവാദ രൂപത്തിലാണ് ഈ കൃതിയുടെ മൊത്തം ആഖ്യാനം സംവിധാനം.
‘അദ്ധ്യാത്മരാമായണ’ത്തിൻ്റെ അദ്ധ്യക്ഷ പദവിയിലാണ് ഉമാമഹേശ്വര സംവാദം ഉപവിഷ്ടമായിരിക്കുന്നത്.ബാലകാണ്ഡത്തിൽ ഉമാമഹേശ്വര സംവാദം യഥാർത്ഥത്തിൽ ഉപക്രമ രൂപം തന്നെയാണ്.ഒരു പ്രക്രിയയുടെ ക്രമപരമായ നടത്തിപ്പാണിത്.ശരിയായ രീതിയിൽ പറഞ്ഞാൽ കഥാ സംഗ്രഹണ ഭാഗം കൂടിയാണ് ബാലകാണ്ഡം.തുടക്കം മുതൽ ഒടുക്കം വരെയുള്ള കഥയെ ഈരടികളുടെ അകമ്പടിയിൽ പറഞ്ഞുറപ്പിക്കുന്നതിലെ ഗുണം കഥാഘടനയുടെ സാമാന്യരൂപം തുടക്കത്തിലേ വായനക്കാരന് ലഭിക്കുന്നു എന്നാതാണ്.ശ്രീരാമദേവതത്ത്വം പറഞ്ഞു തരണമെന്ന പാർവ്വതീ ദേവിയുടെ ആവശ്യത്തിന് മഹാദേവൻ പറയുന്ന മറുപടിതന്നെ അത് വ്യക്തമാക്കുന്നുണ്ട്.
ശ്രീരാമദേവതത്ത്വം തത്വത്തിൽ വെളിവാക്കുന്നത് സീതാദേവിയാണ്.അത് ഹനുമാനോടാണ്.ഇതാണ് മഹാദേവൻ പത്നിയോട് പറയുന്നത്.തൻ്റെ തത്ത്വം ഗ്രഹിക്കാൻ യോഗ്യനാണ് ഹനുമാനെന്ന് ശ്രീരാമൻ സീതാദേവിയോട് പറയുമ്പോൾ ആത്മജ്ഞാനം നേടാൻ യോഗ്യതയുള്ളവനാരെന്ന് പറയുന്നതിലൂടെ ആരാണ് ഉത്തമഭക്തൻ എന്ന് തെളിച്ചു പറയുക കൂടിയാണ് ചെയ്യുന്നത്.ശ്രീരാമതത്ത്വം ശരിക്കും ഭക്തിയുടെ ഒരു ലിഖിത രേഖ തന്നെയാണ്.പരമഭക്തന്മാർ വിശ്വസിക്കുന്ന ഈശ്വര സാക്ഷാത്കാരം തന്നെയാണത്.മനഃശുദ്ധിയുള്ള ആർക്കും ആ സാക്ഷാത്കാരം സാദ്ധ്യമാണെന്നാണ് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൻ്റെയും എഴുത്തച്ഛൻ്റെയും പക്ഷം.
ഹനുമാൻ എന്ന കഥാപാത്രത്തിൻ്റെ പ്രസക്തിയും അതു തന്നെയാണ്.അങ്ങനെനോക്കുമ്പോൾ ആദ്ധ്യാത്മിക സാരാംശത്തിൻ്റെ അളവുകോലാണ് ഹനുമാനെന്ന് ഉറപ്പിക്കേണ്ടി വരുന്നു.സീതാദേവിയുടെ രാമതത്ത്വ വിചിന്തനത്തിനു ശേഷം തത്ത്വചിന്താ പരമായി ശ്രീരാമചന്ദ്രൻ്റെ ഒരിടപെടലുണ്ടിവിടെ.സത്യത്തിൽ ഇത് എഴുത്തച്ഛൻ്റെ നേരിട്ടുള്ള ഇടപെടലാണ്.ആ ശയങ്ങളുടെ ഉദാത്തതയെ ഉപദേശത്തിൻ്റെ കുപ്പായമിടുവിച്ചു എന്ന തോന്നൽ ജനിപ്പിക്കാത്ത ഇടപെടലാണത്.എന്താണ് ജീവാത്മാവെന്നു പറഞ്ഞിട്ട് അതറിയാനുള്ള മാർഗ്ഗം കൂടി പറഞ്ഞു തരുന്നുണ്ട്.
”തത്ത്വമസ്യാദി മഹാവാക്യാർത്ഥം കൊണ്ടു മമ
തത്ത്വത്തെയറിഞ്ഞിടാമാചാര്യകാരുണ്യത്താൽ ”
എന്ന ഭാഗത്ത് ഉപനിഷത്തുകൾ മുന്നോട്ടു വയ്ക്കുന്ന മേന്മകളും ആത്മജ്ഞാനം എന്ന യഥാർത്ഥ ജ്ഞാനഗ്രഹണത്തിൽ ഒരു ഗുരു(ആചാര്യൻ)വിൻ്റെ സ്ഥാനവും ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്.ജീവിത വീക്ഷണത്തിൻ്റെ കാര്യദർശിയായ എഴുത്തച്ഛൻ ആത്മജ്ഞാനം എന്ന പരമമായ ആശയത്തെ ഈശ്വരവിശ്വാസ(ഭക്തി)ത്തിൽ ഉറപ്പിച്ചു നിർത്തുന്നത് അതിനുണ്ടായിരുന്ന സ്വീകാര്യതയും വിശ്വാസ്യതയും മുൻനിർത്തിത്തന്നെയാണ്.ആരാണ് അല്ലെങ്കിൽ എങ്ങനെയുള്ളവനാണ് ആത്മജ്ഞാനം നേടാൻ യോഗ്യനായുള്ളവൻ എന്നു പറയുന്നതിനോടൊപ്പം ആരൊക്കെയാണ് ഇതിൻ്റെ പരിധിക്കു പുറത്തു നിൽക്കുന്നവർ എന്നും വ്യക്തമാക്കുന്നുണ്ട്.സമയത്തിൻ്റെ വിലയെ നിസ്സാരമായിക്കാണുന്നവൻ,ധനാംശങ്ങളെ നിസ്സാരമായിക്കാണുന്നവൻ, കടം നിസ്സാരമെന്നുകരുതുന്നവൻ,ദേവന്മാരെ അവഗണിക്കുന്നവരുൾപ്പെടെയുള്ളവരൊക്കെത്തന്നെ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’ പ്രകാരം ആത്മ സായൂജ്യ ലഭ്യതയുടെ പരിധിക്ക് പുറത്ത് നിൽക്കുന്നവരാണ്.
ഈ ഒരു കാഴ്ചപ്പാടിനെ ഭക്തിയിൽ നിന്നുമാറ്റി മനുഷ്യൻ്റെ പ്രായോഗിക ജീവിതത്തോട് ചേർത്തു നിർത്തിച്ചിന്തിച്ചാലും ഏറ്റവും യോജിക്കുന്നതുതന്നെയാണ്.അവിടെ ആത്മജ്ഞാനം എന്നത് ജീവിത വിജയമെന്നായി മാറുമെന്നുമാത്രം.എത്ര വിദഗ്ദ്ധമായാണ് അത് അവതരിപ്പിക്കുന്നതെന്നുനോക്കാം.
” കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ
കിംകണന്മാരായുള്ളോർക്കർത്ഥവുമുണ്ടായ് വരാ
കിമൃണന്മാർക്കു നിത്യസൗഖ്യവുമുണ്ടായ് വരാ;
കിംദേവന്മാർക്കു ഗതിയും പുനരതുപോലെ”
ഒരു സാഹിത്യ കൃതിയെന്ന നിലയിലേയ്ക്കും വായനക്കാരന് അതിനെക്കുറിച്ചുള്ള മുൻവിധിയിലേയ്ക്കും പടിപടിയായിട്ടാണ് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’ നടന്നടുക്കുന്നത്.ഈ വരവിനെ ദൃശ്യവത്കരിക്കുന്ന മോഹനമായ ഒരു ഭാഷാ ജാലകം കൂടിയാണ് ബാലകാണ്ഡം.ദശരഥമഹാരാജാവിൽ നിന്നാണ് അതിൻ്റെ തുടക്കം.സ്വാഭാവിക മനുഷ്യനെ ബാധിക്കുന്ന അസഹ്യ ദുഃഖമായ സന്താന സൗഭാഗ്യമില്ലായ്മയാണ് ഇവിടെയും വിഷയം.
ഇതിന് ശാശ്വത പരിഹാരവുമായി അദ്ദേഹത്തിൻ്റെ മുന്നിലെത്തുന്നത് കുല ഗുരുവും ബ്രഹ്മ പുത്രനും സപ്തർഷികളിലൊരാളുമായ വസിഷ്ഠ മഹർഷിയാണ്.നിനക്കു നാലുപുത്രന്മാരുണ്ടാകും എന്ന അനുഗ്രഹമാണ് അദ്ദേഹം തൻ്റെ ശിഷ്യനാദ്യം നൽകുന്നത്.തുടർന്ന് അതിനുവേണ്ടിച്ചെയ്യേണ്ട പരിഹാര കർമ്മമെന്തെന്നും അത് ആരെക്കൊണ്ട് ചെയ്യിക്കണമെന്നും അദ്ദേഹം പറയുന്നു. ഒരു ഗുരുവെന്ന നിലയിൽ ശിഷ്യന്മാരെ അകമഴിഞ്ഞനുഗ്രഹിക്കുകയെന്ന മഹത്തായ ധർമ്മമാണ് അദ്ദേഹം ആദ്യം നിർവ്വഹിക്കുന്നത്.തുടർന്ന് സന്താന സൗഭാഗ്യത്തിനുവേണ്ടി പുത്രകാമേഷ്ടിയാഗം നടത്തണമെന്നുള്ള നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നു.ഈ യാഗ കർമ്മം അനുഷ്ഠിക്കുന്നതിനായി വിഭാണ്ഡക പുത്രനെ വരുത്തണമെന്നുകൂടി പറയുമ്പോൾ അദ്ദേഹം മികച്ച ഉപദേഷ്ടാവായിക്കൂടി മാറുന്നു.
ഇവിടെ ഋഷ്യശൃംഗൻ എന്ന പേരുവരുന്നത് വ്യക്തമായ ഒരു കാഴ്ചപ്പാടായിത്തന്നെയാണ്.ഓരോ പ്രവൃത്തിയും മറ്റൊരാളിൽ ചുമതലപ്പെടുത്തുമ്പോൾ അവരുടെ മുൻപരിചയ സാദ്ധ്യതയും കഴിവും അതതു പ്രവൃത്തികളിൽ മുൻപ് നേടിയിട്ടുള്ള വിജയങ്ങളുമൊക്കെ പരിഗണിക്കപ്പെട്ടിരിക്കണമെന്നതു തന്നെയാണ് ആ കാഴ്ചപ്പാട്. ‘വാല്മീകിരാമായണം’ ബാലകാണ്ഡം പറയുന്ന കഥയനുസരിച്ച് യജ്ഞാചാര്യ സ്ഥാനത്തേയ്ക്ക് ഋഷ്യശൃംഗൻ്റെ പേരു നിർദ്ദേശിക്കുന്നത് ദശരഥൻ്റെ വിഖ്യാത മന്ത്രിയായ സുമന്ത്രരാണ്.മാത്രമല്ല ഹോമഫലമായ പായസവുമായി അവിടെ ഉയർന്നു വരുന്നത് ഒരു കറുത്ത ഭൂതമാണ്.’അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൽ ഈ കൃത്യം ചെയ്യുന്നത് സാക്ഷാൽ അഗ്നിദേവനാണ്.ഇതിഹാസോപജീവമായ പല മഹത്തായ കൃതികളിലും ഇത്തരം ധാരാളം വ്യതിയാനങ്ങൾ കാണുന്നുണ്ട്.അവയെല്ലാം തന്നെ ഇങ്ങനെയുള്ള കൃതികൾക്ക് മേന്മയായി ഭവിച്ചിട്ടുമുണ്ട്.
സാഹിത്യ ഭാഷകൊണ്ട് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’ മലയാളത്തെ എങ്ങനെയൊക്കെ സ്വാധിനിച്ചുവെന്നതിനെക്കുറിച്ച് ഒരുപാടവലോകനങ്ങൾ പലതലങ്ങളിൽ നടന്നു കഴിഞ്ഞിട്ടുളളതാണ്.എങ്കിലും പുതിയകാലത്ത് അങ്ങനെയൊന്ന് തള്ളിക്കളയപ്പെടുന്നതല്ല.ബാലകാണ്ഡം ഇതര ഭാഗങ്ങളെ അപേക്ഷിച്ച് കാവ്യവർണ്ണനാദികളിൽ പിന്നോക്കം നിൽക്കുന്ന ഒന്നാണ്.മനുഷ്യചിത്രണമാണ് ഇതിൻ്റെ കേദാരം.ശ്രീരാമ ജനനം മുതൽ അങ്ങോട്ടുള്ള പദ സംഘാടനങ്ങൾ സ്വയം വർണ്ണനയുടെ മേലങ്കിയണിയുന്ന കാഴ്ചകൾ ഇവിടെക്കാണാവുന്നതാണ്.
കൗസല്യാദേവിയിലെ മാതൃഹൃദയം നോക്കുമ്പോൾ ഉണ്ടാകുന്ന നയന ഫലം,
”സുന്ദരചികുരവുമളകസുഷമയും
കാരുണ്യാമൃതരസസമ്പൂർണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും
ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജിതകൗസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്
വ്യക്തമായിരിപ്പൊരു പാവന ശ്രീവത്സവും
കുണ്ഡലമുക്താഹാരകാഞ്ചീനൂപുരമുഖ-
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടുലോകങ്ങളെല്ലാമളന്നപാദാബ്ജവും”
എത്ര മനോഹരമാണ്! പദങ്ങളുടെ സ്വരച്ചേർച്ചയാണ് അതിൻ്റെ സൗന്ദര്യവും.മാതൃഭാവത്തിൻ്റെയും ഭക്തിയുടെയും മനുഷ്യമുഖമാണ് ഇവിടെത്തെളിഞ്ഞു കാണുന്നത്.ഗുരുപരമ്പരയോട് ഭാരതീയ സംസ്കാരം എല്ലാക്കാലത്തും ബഹുമാനത്തിൻ്റെ മൂർത്തീരൂപമാണ്.വസിഷ്ഠനും വിശ്വാമിത്രനും പുരാണങ്ങളിൽ കുല ഗുരുക്കന്മാരാണ്. ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൽ ഇവർ രണ്ടുധാരകളുടെ പ്രതിനിധികളാണ്.ഒരാൾ ഉപദേശക രൂപത്തിലും മറ്റയാൾ ധർമ്മസംരക്ഷണത്തിൻ്റെ പ്രായോഗിക വഴിയിലുമാണ് പ്രവർത്തിക്കുന്നത്.വസിഷ്ഠൻ സപ്തർഷികളിൽ ഒരാളാണെങ്കിൽ വിശ്വാമിത്രൻ രാജർഷിയാണ്.തപോബലത്തിലും മറ്റും അദ്വിതീയർ.
വിശ്വാമിത്രൻ അമാവാസി തോറും നടത്തിക്കൊണ്ടിരുന്ന യാഗം മാരീചൻ സുബാഹു എന്നീ രാക്ഷസന്മാർ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു.ഇതിനുപരിഹാരം കാണുന്നതിന് രാമലക്ഷ്മണന്മാരെ വസിഷ്ഠൻ്റെകൂടി ഉപദേശത്തോടെ വിശ്വാമിത്രൻ്റെയൊപ്പം ദശരഥ മഹാരാജാവയക്കുന്നു.പിതാവെന്നർത്ഥത്തിൽ വിശ്വാമിത്രൻ്റെ ആവശ്യത്തോട് ആദ്യമദ്ദേഹം നീരസമാണ് പ്രകടിപ്പിക്കുന്നത്.ഈ സമയത്ത് രാമാവതാരത്തിൻ്റെ പൂർവ്വകഥ വിശ്വാമിത്രൻ ദശരഥനെപ്പറഞ്ഞു കേൾപ്പിക്കുന്നുണ്ട്.
‘വാല്മീകിരാമായാണം’ ഈ ഭാഗത്തിന് ഇങ്ങനെയൊരു വിശാലമുഖം നൽകുന്നില്ലയെന്നതാണ് സത്യം.തീർത്തും ഈശ്വര രൂപം പൂണ്ട ഒരു കഥാപാത്രത്തിൻ്റെ ക്രമാനുഗതമായ വളർച്ചയ്ക്ക് ഇവിടെ അതനുപേക്ഷണീയമാണുതാനും.ഒരു സാഹിത്യ കൃതിയെ സംബന്ധിച്ചിടത്തോളം ധാർമ്മികതയെന്നാൽ മൂല്യ വർദ്ധിതമായൊരു പരിവർത്തനം സാധ്യമാക്കുകയെന്നതാണ്.’അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഈ കാര്യത്തിൽ ഒരുപടി മുന്നിലാണ്.യാഗരക്ഷയ്ക്കുവേണ്ടി രാമലക്ഷ്മണന്മാർ വിശ്വാമിത്രനെ സഹായിക്കുമ്പോൾ ക്ഷത്രിയധർമ്മം എന്താണ് ? അത് എന്തിനുവേണ്ടിയാണ് ഉപയോഗിക്കേണ്ടത് ? എന്നതിൻ്റെ പ്രാഥമികമായൊരു വെളിപ്പെടുത്തലാണ് നടത്തപ്പെടുന്നത്.പുതിയകാലത്തിൻ്റെ മാനുഷിക ഭാവത്തിൽ അത് അധികാരം എന്ന ശക്തിയായി പരിണമിക്കുന്നുവെന്നുമാത്രം.വിശപ്പും ദാഹവും മറ്റും ഇല്ലാതാക്കുന്ന ബല,അതിബല എന്നീ മന്ത്രങ്ങൾ രാമലക്ഷ്മണന്മാർക്ക് വിശ്വാമിത്രൻ നൽകുന്നത് ഈ സന്ദർഭത്തിലാണ്.കഥയുടെ ചലനഗതിയെത്തന്നെ സ്വാധീനിക്കുന്ന ഇതിനെ കഥാപാത്രങ്ങളുടെ അമാനുഷികതയിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയായിക്കാണാവുന്നതാണ്.
മുക്തി പ്രദായകം എന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഈ കൃതിയിൽ അത്തരത്തിൽ ആദ്യം ദർശിക്കാവുന്ന കഥ താടകാ വധമാണ്.സുകേതു എന്ന യക്ഷന് ബ്രഹ്മ പ്രസാദത്താൽ ജനിച്ച മകളാണ് താടക.ആയിരം ആനയുടെ ശക്തിയുള്ളവളും അക്രമിയും മായാവിദ്യ കൈവശമുള്ളവളുമായിരുന്ന അവളുടെ ഭർത്താവ് സുന്ദൻ ഒരിക്കൽ അഗസ്ത്യാശ്രമം ആക്രമിക്കുകയും അദ്ദേഹത്തിൻ്റെ ശാപ ഫലമായി ഭസ്മമായിത്തീരുകയും ചെയ്തു.തുടർന്ന് താടക പുത്രന്മാരോടൊപ്പം അഗസ്ത്യാശ്രമം ആക്രമിച്ചു. അങ്ങനെ അദ്ദേഹത്തിൻ്റെ ശാപഫലമായി ഇവർ രാക്ഷസരായിമാറി.ഇവർ കുരുഷം എന്ന കാട് സ്വന്തമാക്കി അവിടെ വസിക്കുമ്പോഴാണ് രാമനാൽ കൊല്ലപ്പെടുന്നത്.ഇതാണ് താടകയുബന്ധപ്പെട്ട സംഭവത്തിൻ്റെ ഏകദേശ രൂപം.
താടക അപ്സര രൂപം ധരിച്ച് ബ്രഹ്മലോകം പ്രാപിക്കുന്നു.ഇതിന് വിശദമായൊരു കഥാചിത്രം എഴുത്തച്ഛൻ തരുന്നില്ല.എങ്കിലും മർമ്മ പ്രധാന ഭാഗങ്ങൾ കോട്ടമേതും കൂടാതെ അവതരിപ്പിച്ചുകൊണ്ട് സ്വധർമ്മത്തിൽ പരിപൂർണ്ണമായി വിജയിക്കുന്നുണ്ട്.താടകയുടെ ക്രൂരതാ ഫലമായി സൂര്യനോ മേഘങ്ങളോ പോലും അവളുടെ വഴിയേ പോകില്ലായെന്ന ഭീകരത മറ്റിടങ്ങളിൽ വർണ്ണിക്കപ്പെടുമ്പോൾ,
”അവളെപ്പേടിച്ചാരും നേർവഴി നടപ്പീല” എന്നാണ് എഴുത്തച്ഛൻ പറയുന്നത്.ഒറ്റവരിയിൽ മുഴുവൻ വിവരങ്ങളും ചേർത്തു വയ്ക്കുകയാണവിടെ.താടകയുടെ ബ്രഹ്മ ലോക പ്രാപ്തിക്കുശേഷം രാജകുമാരന്മാർക്ക് ദിവ്യാസ്ത്രങ്ങൾ ഉപദേശിക്കുന്നുണ്ട് വിശ്വാമിത്രൻ.
എല്ലാ വിധത്തിലുള്ള ദിവ്യാസ്ത്രങ്ങളും വശമായിരുന്ന ആളാണ് വിശ്വാമിത്രനെന്ന് ‘വാല്മീകിരാമായണ’ത്തിൽ കാണുന്നുണ്ട്.അറിവ് യഥാസമയത്ത് യോഗ്യരായവർക്ക് പകർന്നു കൊടുക്കാനുള്ളതാണെന്നാണ് ഇതിൽ നിന്നും മനസ്സിലാവുന്നത്.
പുരാണങ്ങളുടെ പൊതുസൗന്ദര്യത്തിൻ്റെ പ്രധാന ബലം ഉപകഥകൾ പ്രധാനകഥകളുമായി വേർപെടുത്താനാവാത്ത വിധം ഇഴുകിച്ചേർന്നിരിക്കുന്നു എന്നതാണ്.തീർത്തും സ്വതന്ത്രമായ വിവർത്തന കൃതിയാണ് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടെ’ന്ന് മുമ്പും പറഞ്ഞിട്ടുള്ളതാണ്.പല സന്ദർഭങ്ങളിലും കഥാപാത്രങ്ങളുടെ പര്യായങ്ങൾ തന്നെ മികച്ച ഉപകഥകളായി പരിണമിക്കുന്ന കാഴ്ച ഈ കൃതിയിൽ ധാരാളം കാണാൻ കഴിയും.
ഇത്തരം സംഗതികൾ ഒരു ജിജ്ഞാസുവിനെക്കൊണ്ടെത്തിക്കുന്നത് അതുവരെ അജ്ഞാതമായ കഥകളുടെയും അറിവിൻ്റെയും ലോകത്താണ്.പരന്ന വായനയും ആഴത്തിലുള്ള പഠനവുമാണ് ഇതുമൂലം സാധ്യമാവുന്നത്.പുരാണ സംബന്ധമായ പല ഗ്രന്ഥങ്ങളിലും പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് അഹല്യാ മോക്ഷം കഥ. ‘അദ്ധ്യാത്മരാമായാണം കിളിപ്പാട്ട്’ അതിൻ്റെ മർമ്മ ഭാഗങ്ങളിലൂടെ മാത്രം കടന്നുപോവുകയാണ് ചെയ്യുന്നത്.
ഇന്ദ്രൻ ഉണ്ടാക്കിയ ഒരു തെറ്റിദ്ധാരണയുടെ ഫലമായി അദ്ദേഹത്തിന് വശഗതയാകേണ്ടി വന്നു പോയ അഹല്യയെ ഭർത്താവായ ഗൗതമ മഹർഷി അവർ ശിലയായി മാറട്ടെയെന്ന് ശപിക്കുകയും ത്രേതായുഗത്തിൽ ശ്രീരാമ പാദ സ്പർശത്താൽ പൂർവ്വസ്ഥിതി കൈവരിക്കാൻ കഴിയട്ടെ എന്ന ശാപമോക്ഷം നൽകുകയും ചെയ്യുന്നു.താടകാ വധാനന്തരം മിഥിലയിലേയ്ക്കുള്ള യാത്രാ മധ്യേ വിശ്വാമിത്രനിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കിയ രാമൻ ഇവർക്ക് ശാപമോക്ഷം നൽകുകയും ചെയ്യുന്നു.ഈ കഥ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൽ വഹിക്കുന്ന സ്ഥാനം അതു നൽകുന്ന എന്നിവ വേർതിരിച്ചെടുക്കുമ്പോഴാണ് ഉത്തമമായൊരു സാഹിത്യാംശത്തിന് സമൂഹത്തിൽ എങ്ങനെ നിലനില്പുണ്ടാവുന്നു എന്ന് മനസ്സിലാവുന്നത്.സാഹിത്യകൃതി എന്ന നിലയിൽ നായക കഥാപാത്രത്തിൻ്റെ ദിവ്യത്വം വെളിവാക്കപ്പെടുന്ന പ്രധാന സന്ദർഭങ്ങളിലൊന്നാണിത്.കല്ലിനുപോലും കാര്യശേഷി നൽകുന്നവൻ എന്നർത്ഥത്തിൽ കാണേണ്ടുന്ന ഒന്നല്ല ഇതെന്നിരിക്കുമ്പോഴും പ്രത്യക്ഷത്തിൽ അതൊരത്ഭുത പ്രവൃത്തിയാണ്.
പിഴവുകൾ അതറിഞ്ഞുകൊണ്ടു സംഭവിക്കുന്നതല്ലെയെങ്കിലും അവ പിഴവുകൾ തന്നെയെന്നും പശ്ചാത്താപം നിറഞ്ഞ ഉത്തമ ഭക്തിയും അതിലുള്ള അചഞ്ചലമായ വിശ്വാസവും അറിയാതെ സംഭവിക്കുന്ന പിഴവുകൾക്കടക്കം ശാശ്വതമായ പരിഹാരം നൽകുമെന്നുമാണ് അഹല്യാ മോക്ഷം കഥ തരുന്ന സന്ദേശം.ഇങ്ങനെയൊരു മാർഗ്ഗം മുന്നിലുള്ളതുകൊണ്ട് അറിയാതെ പിഴവു സംഭവിച്ചാലും ഭക്തിയും വിശ്വാസവും രക്ഷയ്ക്കെത്തും എന്നല്ല അറിയാതെ പോലും പിഴവു സംഭവിക്കരുതെന്നാണ് ഇത് നൽകുന്ന ഏറ്റവും മികച്ച പാഠം.
ഉപകാര സ്മരണയുടെ വിവേക പൂർവ്വമായ പ്രാർത്ഥനാ രൂപങ്ങളിലൊന്നാണ് സ്തുതി.അഹല്യാമോക്ഷം കഥയുടെ അനുബന്ധമായിക്കാണാവുന്ന ഒന്നാണ് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ലുള്ള അഹല്യാ സ്തുതി.അനുബന്ധം എന്നുപറയുമ്പോൾ അതിനെ ഏതെങ്കിലും തരത്തിൽ കുറച്ചു കാണുന്നു എന്നർത്ഥമില്ല.
”ഞാനഹോ കൃതാർത്ഥയായേൻ ജഗന്നാഥ! നിന്നെ-
കാണായ് വന്നതുമൂല” മെന്നിങ്ങനെയാണ് അഹല്യ തൻ്റെ ശ്രീരാമസ്തുതി ആരംഭിക്കുന്നത് തന്നെ.ഒരുഭക്തയുടെ സംഭാഷണമോ ആയല്ല ഇവിടെ അഹല്യാസ്തുതി ഉയർന്നു കേൾക്കുന്നത്.ഈശ്വര ധ്യാനത്തിൻ്റെ വിവിധ രൂപങ്ങളായോ അതിൻ്റെ വിവിധ നാമങ്ങളായോ രാമൻ നിറഞ്ഞു തെളിയുകയാണിവിടെ.തുഞ്ചത്താചാര്യ ഭാഷയുടെ ഭക്തിപരമായൊരു പരകായ പ്രവേശമാണിത്.
മർത്യനായവതരിച്ച ദേവ രൂപം തന്നെയാണ് രാമനെന്ന് അഹല്യ പറയുന്നുണ്ട്.താൻ എന്തുകൊണ്ട് രാമനെ ഭജിക്കുന്നുവെന്ന് അഹല്യ വ്യക്തമാക്കുമ്പോൾ പൂജിക്കപ്പെടാനുള്ള രാമൻ്റെ യോഗ്യതകൾ വായനക്കാരനിലേയ്ക്ക് എത്തുകയാണ് ചെയ്യുന്നത്.
”ഭക്ത്യൈവ മറ്റാരെയും ഭജിച്ചീടുന്നേനില്ല.
യാതൊരു പാദാംബുജമാരായുന്നിതു വേദം
യാതൊരു നാഭിതന്നിലുണ്ടായി വിരിഞ്ചനും
യാതൊരു നാമം ജപിക്കുന്നിതു മഹാദേവൻ
ചേതസാ തത്സ്വാമിയെ ഞാൻ നിത്യം വണങ്ങുന്നേൻ.
നാരദമുനീന്ദ്രനും ചന്ദ്രശേഖരൻതാനും
ഭാരതീരമണനും ഭാരതീദേവിതാനും
ബ്രഹ്മലോകത്തിങ്കൽനിന്നന്വഹം കീർത്തിക്കുന്നു
കല്മഷഹരം രാമചരിതം രസായനം”
എത്രയോ ശക്തവും അർത്ഥവത്തുമായാണ് രാമൻ പ്രകീർത്തിക്കപ്പെടുന്നത് എന്ന് മനസ്സിലാവുന്നു എന്ന് മാത്രമല്ല അഹല്യയിലൂടെ സംഭവിക്കുന്നത്.ഒരുവന് ഉൾക്കൊള്ളാൻ കഴിയുന്നതിൻ്റെ പരമാവധിയിൽ രാമനെ ഉള്ളിൽ നിറയ്ക്കുകകൂടിച്ചെയ്യുന്നുവെന്ന സത്യം കൂടി ഇത് മുന്നോട്ട് വയ്ക്കുന്നു.തുടർന്നു വരുന്ന ഭാഗങ്ങളിലും മനുഷ്യൻ്റെയുള്ളിൽ രാമനെ സത്വഗുണ രൂപമായിത്തന്നെ പ്രതിഷ്ഠിക്കുകയെന്ന ഉജ്ജ്വലമായ കർമ്മം പരിപൂർണ്ണമാക്കുന്നതിനുള്ള എല്ലാത്തരം കഴിവുകളും വിന്യസിച്ചിരിക്കുകയാണ് അഹല്യാസ്തുതിയിൽ എഴുത്തച്ഛൻ.മനുഷ്യനെ സത്തമനാക്കി മാറ്റാനുള്ള മാതൃകയാണ് എഴുത്തച്ഛന് രാമൻ എന്ന കഥാപാത്രം.
വേദാന്ത സാരാംശങ്ങളുടെ സ്വകീയ വ്യാഖ്യാനമായിത്തന്നെയാണദ്ദേഹം അഹല്യാ സ്തുതിയെ ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ചേർത്തു വച്ചത്.അഹല്യാ സ്തുതിയുടെ ആത്മസത്തയെന്നുപറയുന്നത് മനസ്സിൻ്റെ ശുദ്ധഭാവവും ആരാധനാ മൂർത്തിയും തമ്മിലുള്ള താദാത്മ്യം പ്രാപിക്കലാണ്.അങ്ങനെ അല്ലാത്തിടത്തോളം ഒരു ഒറ്റ മൂർത്തിയെ ഇത്രത്തോളം ഓർത്തെടുക്കുകയെന്നത് അസാദ്ധ്യമായ കാര്യമാണ്.കല്ലിൽ നിന്നു വന്നാലും പുല്ലിൽ നിന്നു വന്നാലും വരുന്നത് മനുഷ്യ ജന്മമാണെങ്കിൽ അതിന് ആഗ്രഹ സാഫല്യം ജന്മത്തിൻ്റെ ഏതെങ്കിലുമൊരവസ്ഥയിൽ സാദ്ധ്യമായിരിക്കുമെന്നാണ് ഇതൊക്കെക്കാട്ടിത്തരുന്നത്.താടക ഒരു ജന്മത്തിൻ്റെ അവസാനം കൊണ്ട് ജീവിത സാഫല്യം നേടിയപ്പോൾ അഹല്യ പുനരുജ്ജീവനം കൊണ്ട് ആഗ്രഹ സാഫല്യം നേടുന്നു.തീർത്തും മനുഷ്യ കേന്ദ്രീകൃതമായ വിഷയങ്ങളാണ് രണ്ടും.
അഹല്യാ സ്തുതി രാമ രൂപത്തെ പലതരത്തിൽ മനുഷ്യപക്ഷത്തോട് ചേർത്തു നിർത്തുന്ന വേറെയും സന്ദർഭങ്ങളുണ്ട്.രൂപ വർണ്ണനകൾ വരുന്നിടത്ത് പരമാത്മാരൂപത്തിൻ്റെ വൈശിഷ്ട്യ വിവരണത്തിൽ അതിശയോക്തികൾ അത്യധികം കടന്നു വരുന്നത് ഇതിൽ കാണുന്ന ഏറ്റവും വലിയ ന്യൂനത തന്നെയാണ്.അത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെയോ ഉത്തമഭക്തിയുടെയോ ഫലമാണെന്നു മാത്രം ചിന്തിക്കാം.അഹല്യാ ഭക്തിയുടെ പരിണാമസന്ധി ഉപദേശമാക്കുന്ന ഒരു കല എഴുത്തച്ഛനിലെ രാമ തത്ത്വ പ്രചാരകൻ പ്രകടമാക്കുന്നുണ്ട്. ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൽ ഇതാദ്യം കേൾക്കുന്നത് അഹല്യയിലൂടെയാണ്.രാമനാമത്തിൻ്റെ ഉച്ചാരണ ഫല പ്രഖ്യാപനമായി വേണമെങ്കിലതിനെക്കാണാവുന്നതാണ്.കവിത എന്ന മാധ്യമത്തിൻ്റെ കാലചക്രം സാമൂഹികോന്നമനം എന്ന വസ്തുതയിലൂടെ സഞ്ചരിക്കുന്നതിന് വേണ്ടി എഴുത്തച്ഛൻ എന്ന കവി നടത്തിയ നിയന്ത്രണങ്ങളുടെ വിവേക രൂപങ്ങൾക്ക് പുതിയ വർത്തമാനങ്ങളുടെയും അടിസ്ഥാന നിയമങ്ങളിൽ ചിലതൊക്കെയായി നിലനിൽക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ആ ജീവിതത്തിൻ്റെ സുതാര്യമായ സാഹിത്യ ബോധത്തെയാണ് കാണിക്കുന്നത്.
‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ലെ അഹല്യാ സ്തുതിയുടെ ഗുണഫലം ഭക്ത്യാദരവോടെയും യുക്തിസഹമായും നോക്കിക്കാണാൻ കഴിയുന്നതാണ്.ഇതിൽ ഏത് നോട്ടവും മനുഷ്യ മനസ്സിനോട് ഏറ്റവും അടുത്തു നിൽക്കുകയും ചെയ്യും.ഇവിടെക്കണ്ടെടുക്കാവുന്ന ഏറ്റവും നല്ല വശങ്ങളിലൊന്ന് മഹദ്വചനങ്ങളുടെ മാനസിക പരിവർത്തന ശക്തിയാണ്.വ്യക്തി അവനെത്തന്നെ മാറ്റിയെഴുതാൻ തയ്യാറാവുന്നതിൽ അത് ചെലുത്തുന്ന സ്വാധീനമാണ്.എഴുത്തച്ഛനുമുൻഗാമികളായ മഹാത്മാക്കളും അദ്ദേഹത്തിൻ്റെ പിൻഗാമികളായ അതേ ഗണത്തിൽപ്പെട്ടവരും അവരവരുടെ മേഖലകളിൽ നടത്തിയതും ഇത് സാധ്യമാക്കുന്നതിനുവേണ്ടിയുള്ള വഴിയൊരുക്കുകയാണ് ചെയ്തത്.അവരിൽ എഴുത്തച്ഛൻ വ്യത്യസ്തനാകുന്നത് അദ്ദേഹത്തിൽ പ്രോജ്ജ്വലമായിക്കാണുന്ന മധ്യവർഗ്ഗബോധമാണ്.
അതുകൊണ്ടു തന്നെയാണ് നിലനിന്നിരുന്ന ഭക്തിപ്രകടന രീതി ശാസ്ത്രത്തെ അദ്ദേഹം സധൈര്യം വെല്ലുവിളിച്ചത്.അദ്വൈത ഭാവത്തെക്കുറിച്ച് അവരിൽ പലരും പറഞ്ഞ പലതിനെയും തള്ളിക്കളഞ്ഞത്.അതിൽ നിന്നുമാണ് എഴുത്തച്ഛനെപ്പോലൊരാൾ എത്ര മുൻവിധിയോടു കൂടിയാണ് തൻ്റെ കാലത്തോടിടപെട്ടതെന്ന കാര്യം സംശയലേശമന്യേ ബോധ്യപ്പെടുന്നത്.ആത്മസാക്ഷാത്കാരം അഥവാ ആത്മജ്ഞാനം നേടാനുള്ള യോഗ്യതകളുടെ പട്ടികയിൽ വരേണ്യ വർഗ്ഗംചേർത്തു വച്ച വർണ്ണ സംഹിതയെ മാറ്റിയെഴുതിക്കൊണ്ട് അതിൻ്റെ ഗുണഭോക്തക്കളുടെ ജനകീയമായ പട്ടിക എഴുത്തച്ഛൻ രൂപപ്പെടുത്തി.അത് കവിഭാഷയിൽ,
”ഗുരുതല്പഗൻ കനകസ് തേയി സുരാപായി
ധരണീസുരഹന്താ പിതൃമാതൃഹാ ഭോഗി
പുരുഷാധമനേറ്റമെങ്കിലുമവൻ നിത്യം
പുരുഷോത്തമം ഭക്തവത്സലം നാരായണം
ചേതസി രാമചന്ദ്രം ധ്യാനിച്ചു ഭക്ത്യാ ജപി-
ച്ചാദരാൽ വണങ്ങുകിൽ സാധിക്കുമല്ലോ മോക്ഷം”
എന്നാണ്.ഇത്തരക്കാർക്കു പോലും മോക്ഷം സാധ്യമാണെന്നു പറയുമ്പോൾ സദൃത്തരായവർക്കെന്തിന് സംശയമെന്ന ഉറപ്പുള്ള ചോദ്യം കൊണ്ട് വിശ്വാസം എന്ന മാനവ സത്യത്തെ അഷ്ടബന്ധത്തിലുറപ്പിക്കുകയാണ് എഴുത്തച്ഛൻ.
ആത്മവിശ്വാസം മനുഷ്യനു നൽകുന്ന കരുത്ത് എത്രയാണെന്ന് തിട്ടപ്പെടുത്താൻ കഴിയുന്ന കാര്യമല്ല. ആത്മവിശ്വാസം സ്വയം തിരിച്ചറിയുന്നത് മനുഷ്യ വിജയത്തിൻ്റെ മഹാ ശൃംഗമാണ്.അതിനെ ത്തിരിച്ചറിയുകയും വഴിയാംവണ്ണം വിനിയോഗിക്കുകയും ചെയ്യുന്ന ഒരുവൻ അവനിലേയ്ക്ക് തന്നെ തിരിച്ചു വരുന്നു എന്നതാണ് സത്യം.ഇതിഹാസങ്ങളും പുരാണങ്ങളും വേദോപ പനിഷത്തുകളും സാരോപദേശ കഥകളുമൊക്കെത്തന്നെ അടിസ്ഥാനപരമായി മനുഷ്യനുവേണ്ടിച്ചെയ്യുന്ന കർമ്മമെന്നു പറയുന്നത് ആത്മവിശ്വാസ സംദ്ധകത്വത്തിനുതകുന്ന പ്രചാരണ പ്രവർത്തനങ്ങളാണ്. ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ലെ സീതാസ്വയംവരം,ഭാർഗ്ഗവഗർവ്വശമനം എന്നീ ഭാഗങ്ങൾ പ്രസ്തുത വിഷയത്തിന് ആ കൃതി നൽകുന്ന പ്രാഥമികവും ഉപോൽബലകവുമായ ഉദാഹരണങ്ങളാണ്.
ബാലകാണ്ഡത്തിൽ പരാമർശിക്കപ്പെടുന്ന ഈ സംഭവങ്ങൾ ഭക്തിയെക്കാളുപരി യുക്തി സഹമായ ചിന്താധാരകളെയാണ് ഉയർത്തിക്കാണിക്കുന്നത്.ശൈവ വൈഷ്ണവ ചാപങ്ങൾ തമ്മിലുള്ള മത്സരം മാനസിക പക്വതയുടെ പ്രതിരൂപങ്ങളാവുകയാണിവിടെ.മഹാവിഷ്ണുവിൻ്റെയും ശിവൻ്റെയും ശക്തി പരിശോധിക്കാനായി ദേവന്മാർ അവരെത്തമ്മിൽ പിണക്കുകയും അതേത്തുടർന്ന് അവർ തമ്മിൽ യുദ്ധമുണ്ടാവുകയും ചെയ്തു.ഈ സമയത്ത് വിശ്വകർമ്മാവ് രണ്ട് വില്ലുകൾ നിർമ്മിച്ച് ഇരുവർക്കും നൽകി.ഇതിൽ ശിവനു നൽകിയ വില്ലാണ് ത്രയംബകം എന്ന ശൈവചാപം.യുദ്ധത്തിൽ പരാജിതനായ ശിവൻ ഈ വില്ല് വിദേഹരാജാവായ ദേവരാതനു നൽകിയതായും അവർ പരമ്പരയായി ഇതു പൂജിച്ചു വന്നിരുന്നു എന്നുമാണ് ത്രയംബകം വില്ലിനെക്കുറിച്ച് ‘വാല്മീകിരാമായണം’ ബാലകാണ്ഡം ഇരുപത്തഞ്ചാം സർഗ്ഗം പറയുന്ന കഥയുടെ സംഗ്രഹം.
ഈ വില്ല് ദക്ഷയാഗ ധ്വംസനത്തിന് ശിവൻ ഉപയോഗിച്ചിരുന്നുവെന്ന് ‘കമ്പരാമായണം’ പറയുന്നുണ്ട്.സീതയുടെ ബാല്യകാലത്ത് മാലകോർക്കുന്നതിനുവേണ്ടി മാവിൻ്റെ ഉയർന്ന ചില്ലയിൽ പടർന്നു കിടന്ന മല്ലികപ്പൂക്കൾ ഇറുത്തെടുക്കാൻ ഈ ചാപം സീത അനായാസേന ഉപയോഗിക്കുന്നത് ജനകൻ കണ്ടതായും ആ സന്ദർഭത്തിൽ ഇത് കുലയ്ക്കുന്നവന് മാത്രമേ സീതയെ വിവാഹം ചെയ്ത് നൽകുകയുള്ളൂ എന്ന് തീരുമാനമെടുത്തു എന്നും ‘കമ്പരാമായണം’ ബാലകാണ്ഡം പറയുന്നുണ്ട്.അങ്ങനെയാണ് സീതാ സ്വയംവരത്തിൻ്റെ പരീക്ഷാ ഉപകരണമായി ശൈവചാപം എത്തുന്നത്.പൂക്കൾ ഇറുക്കാൻ വേണ്ടി സീത ഈ വില്ലുപയോഗിക്കുന്ന കഥ ‘വാല്മീകിരാമായണം പറയുന്നില്ല.
‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടും’ വിശാലാർത്ഥത്തിൽ ഈ കഥ പറയുന്നില്ല.എങ്കിലും സീതാ സ്വയംവരത്തിലെ ചാപ ഖണ്ഡനം ഇവിടെ പ്രധാന കഥയുടെ ഒരു ഭാഗമാണെന്നു മാത്രമല്ല ലക്ഷ്യത്തിലേയ്ക്കുള്ള വഴികളിലൊന്നുമാണത്.വിശ്വാമിത്രനൊപ്പം നിൽക്കുന്ന കുമാരന്മാരെ തിരിച്ചറിഞ്ഞ ശേഷം ജനക മഹാരാജാവ് അവരെ ചാപ ദർശനത്തിന് ക്ഷണിക്കുന്നു.ആയിരങ്ങൾ ചേർന്നാണ് രാമന് മുന്നിലേയ്ക്ക് വില്ലെത്തിക്കുന്നത്.വില്ലെടുത്തു കുലയ്ക്കാമോ ? എന്ന ചോദ്യത്തെ നേരിടുന്ന യൗവ്വന യുക്തനായ ശ്രീരാമൻ്റെ ശരീര ഭാഷ പോലും ചിത്രീകരിക്കുന്ന അക്ഷരപ്പെയ്ത്താണ് ചുരുങ്ങിയ വരികളിൽ പിന്നീടു സംഭവിക്കുന്നത്.
”മന്ദഹാസവും പൂണ്ടു രാഘവനതു കേട്ടു
മന്ദംമന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം
ജ്വലിച്ച തേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം”
സർവ്വാസ്ത്ര ചാപ ശാസ്ത്ര വിശാരദനായ വിശ്വാമിത്രനെന്ന രാജർഷിയുടെ ചോദ്യത്തിനുള്ള ഉത്തരമാണ് മുകളിൽ വായിക്കുന്നത്.ചോദ്യത്തെ നേരിടുന്ന രീതിയാണ് ഇവിടെ അടിവരയിടേണ്ടത്.ആത്മ വിശ്വാസത്തിൻ്റെ ആൾ രൂപമായി മാറുകയാണ് രാമൻ.
സ്വന്തം കഴിവിലുള്ള വിശ്വാസം പ്രായോഗികമാക്കാൻ കിട്ടിയ അവസരം യഥായോഗ്യം വിനിയോഗിക്കുന്ന കാഴ്ച! ത്രയംബകത്തിൻ്റെ പെരുമയോ വലിപ്പമോ ഒന്നും തന്നെ യാതൊരു തരത്തിലും രാമനെ ബാധിക്കുന്നതേയില്ല.മുനിവാക്യത്തെ മാനിച്ചുകൊണ്ട് മന്ദഹാസപൂർവ്വം പതുക്കെ വില്ലിനെ സമീപിച്ചു കഴിയുമ്പോൾ ചിത്രം മാറുകയാണ്.രാമ വിക്രമത്തിൻ്റെ സൂര്യമുഖമാണ് പിന്നീട് വായനക്കാരൻ കാണുന്നത്.ജ്വലിച്ച തേജസ്സോടെയാണ് അവിടെ രാമൻ്റെ നില്പ്! കുലച്ചു വലിച്ചു മുറിച്ചത് ജിത ശ്രമത്തിലും.പ്രതിബന്ധങ്ങളെയോ വെല്ലുവിളികളെയോ നേരിടാൻ കാണിക്കേണ്ടുന്ന ആർജ്ജവമാണ് അവിടെക്കാണുന്നത്.എഴുത്തച്ഛൻ ഇവിടെ നടത്തിയ ‘ജിതശ്രമം’ എന്ന പ്രയോഗം പിന്നീടങ്ങോട്ട് കൃതിയിൽ രാമൻ എന്ന കഥാപാത്രത്തിൻ്റെ ഭാഗം തന്നെയാണ്.
എഴുത്തച്ഛൻ തൻ്റെ പിൻ തലമുറയിലേയ്ക്ക് ഇത്തരമൊരു പ്രത്യക്ഷാക്ഷര സന്ദേശം കടത്തി വിട്ടത് രാമൻ്റെ പൗരുഷ ചിത്രീകരണമോ ഭക്തിയുടെ പ്രസരണ വിന്യാസമോ മാത്രം ലക്ഷ്യം വച്ചല്ല എന്നു തിരിച്ചറിയുന്നിടത്താണ് ആ സർഗ്ഗ പ്രതിഭയുടെ സാമൂഹ്യ പ്രതിബദ്ധതയും ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൻ്റെ മനുഷ്യപക്ഷ നിലപാടും സൂര്യകോടി പ്രഭ വിടർത്തുന്നത്.സ്വയംവര പരീക്ഷ വിജയിച്ചു കഴിഞ്ഞ ശ്രീരാമൻ സീതാ പരിണയ യോഗ്യനാണ്.സീത സ്വയംവരാർത്ഥം വരണമാല്യം അണിയിക്കുകയും ചെയ്തു.എന്നിട്ടും ജനകൻ വിശ്വാമിത്രനോടു പറഞ്ഞ് ദശരഥനെ വരുത്തി അദ്ദേഹത്തിൻ്റെ സാന്നിദ്ധ്യത്തിൽ സമംഗളം വിവാഹം നടത്തുകയും ചെയ്യുന്നു.ഈ ഒരവസരത്തിൽ ഒരു പിതാവിൻ്റെ ധാർമ്മികത വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.സീതാദേവിക്ക് വിവാഹാനന്തരം നൽകുന്ന കനത്ത സമ്മാനങ്ങൾ തൻ്റെ മകൾക്കു നൽകുന്നതാണെന്ന് ജനകൻ എടുത്തു പറയുന്നുണ്ട്.
‘അദ്ധ്യാത്മരാ മായണം കിളിപ്പാട്ടി’നെ സംബന്ധിച്ചിടത്തോളം ആ പറച്ചിൽ അതിൻ്റെ ഏറ്റവും വലിയ സാമൂഹ്യ ഭാവമാണ്.
രാഘവനും ഭാർഗ്ഗവനും മാനുഷികമായി രണ്ടു കുലങ്ങൾ.സ്വഭാവമളന്നാൽ രണ്ടു ധാരകൾ. ജനകീയതയിൽ രണ്ടു മേഖലകൾ.അവതാരപരമായി ഒരേ രൂപത്തിൻ്റെ രണ്ടു പരിണാമങ്ങൾ.സമയപരമായി രണ്ടു കാലങ്ങൾ.ഇതിൻ്റെയെല്ലാം അന്തർധാരയിൽ മികച്ച രണ്ടു കഥാപാത്രങ്ങൾ എന്ന ഖ്യാതിയും. ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ടി’ൽ ഇവർ ഒരിക്കലും സമശീർഷരാകുന്നില്ല.എന്നാൽ അനുധാവനം ചെയ്യുന്നവരാണു താനും.ക്ഷത്രീയ വംശത്തിനോടുമൊത്തത്തിൽ പക വച്ചു പുലർത്തുന്ന ഒരു ക്രോധ ബ്രാഹ്മണ്യവും ബ്രഹ്മാംശങ്ങളോടുമുഴുവൻ സമഭാവനാഞ്ജലീബദ്ധതയുള്ള ഒരു ക്ഷാത്ര വീര്യവും.
സീതാസ്വയംവരാനന്തരം അയോധ്യയിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ദശരഥനിലും മറ്റുമുണ്ടാകുന്ന ചില സന്ദേഹങ്ങൾ നിമിത്തങ്ങളുമായി ബന്ധപ്പെട്ടതാണ്.യാത്രാ വേളയിലും മറ്റു ശുഭ കാര്യങ്ങളിലുമൊക്കെത്തന്നെ ഏറെ സാധാരണക്കാരായവർ പോലും ഇന്നും വച്ചുപുലർത്തുന്ന സാധാരണമായൊരു കാര്യമാണത്.അതവരുടെ വിശ്വാസത്തിൻ്റെയും പൂർവ്വാനുഭവങ്ങളുടെയുമൊക്കെ ഫലമാണ്.തൻ്റെ മുന്നിലെത്തുന്ന നിമിത്തങ്ങൾ മുൻഗാമികൾക്ക് അനുഭവപ്പെട്ടതെങ്ങനെയെന്ന് ഗൗരവതരമായി അറിയുന്നവരാണ് പലരും.എങ്കിലും സ്വാനുഭവത്തിലെത്തുമ്പോൾ ഇത് പലർക്കും ഉദ്വേഗമാണ് സമ്മാനിക്കുന്നത്.അങ്ങനെ വരുമ്പോൾ അവയെക്കുറിച്ചുള്ള അവൻ്റെ അറിവുകളിൽ അവൻ തൃപ്തനല്ല.അപ്പോഴവൻ ജ്ഞാന ദാഹിയല്ല അന്വേഷിയാണ്.ദശരഥമഹാരാജാവും ഇത്തരത്തിൽ ഒരാളായി മാറുകയാണിവിടെ.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാമാന്യത്തിൽ കവിഞ്ഞ ലോക പരിചയവും കേവലമെന്നതിനപ്പുറമുള്ള ഇതര ജ്ഞാനവുമുള്ളയാളാണ്. എന്നിട്ടും അദ്ദേഹം തൻ്റെ മുന്നിലുള്ള വിഷയത്തിന് വസിഷ്ഠൻ്റെ നിഗമനങ്ങളിലൂടെയും ആ മഹർഷി വര്യൻ്റെ നിർദ്ദേശങ്ങളിലൂടെയും പരിഹാരം കാണാനാണ് ശ്രമിക്കുന്നത്.
വസിഷ്ഠൻ നൽകുന്ന മറുപടിയിൽ അദ്ദേഹം സംതൃപ്തനുമാണ്.
”മന്നവ! കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ
പിന്നേടമഭയവുമുണ്ടാമെന്നറിഞ്ഞാലും
ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചിടും”
എന്നാണ് അദ്ദേഹം നൽകുന്ന മറുപടി.ആ മറുപടിയിൽ വരാനിരിക്കുന്ന എന്തോ ഒന്നിൻ്റെ സൂചനയുണ്ട്.അതു വന്നാലും പ്രശ്നമില്ല നല്ലതേ സംഭവിക്കുകയുള്ളു മാത്രമല്ല കീർത്തി വർദ്ധിക്കുകയും ചെയ്യുമെന്ന ഒരു ത്രികാല ജ്ഞാനിയുടെ വാക്കുകൾ ആശ്വാസദായകമാണെങ്കിലും എന്തായിരിക്കും അതെന്ന വല്ലാത്തൊരു ചിന്ത വായനക്കാരനിലും സംജാതമാകുന്നു.
ദുർന്നിമിത്തം എന്താണ് എന്നതിനപ്പുറത്ത് അത് പരശുരാമനാണെന്നറിയുന്നിടത്തുണ്ടാകുന്ന അവിശ്വസനീയമായൊരു ചലനാത്മകത കഥാ ഗതിയേക്കാളുപരി വായനാനന്തര ചിന്താഗതിയേയാണ് നേരിട്ട് സ്വാധീനിക്കുന്നത്.അങ്ങനെ സംഭവിപ്പിച്ചെടുക്കുന്ന കവിയുടെ ചിന്താമണ്ഡലം വായനക്കാരൻ്റെ മുന്നിൽ സംശയത്തിൻ്റെയും ആകാംക്ഷയുടെയും കെട്ടുകൾ അഴിച്ചു നിരത്തിയിടുകയാണ് ചെയ്യുന്നത്.പരശുരാമൻ എന്ന കഥാപാത്രത്തിനെക്കുറിച്ചുള്ള മുൻവിധികൾ തദനുസൃതമായ ധാരണകൾ പൂർവ്വകഥകളിലൂടെ സ്വാംശീകരിച്ചിട്ടുള്ള വീര പ്രവൃത്തികളെക്കുറിച്ചുള്ള അറിവുകൾ തുടങ്ങിയവയൊക്കെത്തന്നെ ഈ സന്ദർഭത്തിൽ തുലനം ചെയ്യപ്പെടുക തന്നെ ചെയ്യും.
ക്ഷത്രിയ കുലത്തിൻ്റെ ഉന്മൂലനാശനം ജീവിത വ്രതമാക്കുകയും കർമ്മപഥത്തിൽ അത് പ്രാവർത്തികമാക്കി വിജയിപ്പിച്ച ഒരാൾ.മറുപക്ഷത്ത് ക്ഷത്രിയർ! പിന്നെ സംഭവിക്കാവുന്നതെന്ത് എന്നതിനെക്കുറിച്ചുള്ള ചിന്ത അതിൻ്റെ ഒരു വശം.വിഷ്ണുവിൻ്റെ തന്നെ മറ്റൊരവതാരവും പ്രസിദ്ധനും ജ്ഞാനിയുമായ പരശുരാമൻ എങ്ങനെ ദുർന്നിമിത്തമാകും എന്ന ചിന്ത മറ്റൊരു വശം.ഇത്തരമൊരവസ്ഥ ഒരു കൃതിയിൽ സൃഷ്ടിക്കുന്ന എഴുത്തച്ഛൻ അവിടെ ദീക്ഷിച്ച ഏറ്റവും വലിയ ഔചിത്യം വാചാടോപങ്ങൾക്ക് സ്ഥാനം നൽകാത്ത സൂക്ഷ്മതയാണ്.ഭാർഗ്ഗവരാമൻ്റെ പ്രത്യക്ഷപ്പെടൽ വസിഷ്ഠ-ദശരഥ ശ്രീരാമാദികൾക്കു മുന്നിലാണ്.ഈ സമയത്ത് ആദ്യം ഔപചാരിക കർമ്മങ്ങളിലേയ്ക്ക് തിരിയുന്നത് ദശരഥനാണ്.വന്ദന കർമ്മങ്ങളിൽ പരശുരാമനർഹിക്കുന്ന എല്ലാ ബഹുമാനങ്ങളും അദ്ദേഹം നൽകുന്നുണ്ട്.
വീര്യ ബല വേഗങ്ങളുടെ പ്രഘോഷണം,മഹത്വ വിശകലനം തുടങ്ങി ധാരാളം കാര്യങ്ങൾ ദശരഥൻ്റെ പരശുരാമ സ്തുതിയിൽ കടന്നു വരുന്നുണ്ട്.അതൊന്നും രേണുകാത്മജനായ പരശുരാമനെ വശംവദനാക്കുന്നില്ല.ക്ഷോഭത്തിൻ്റെ മൂർത്തീ രൂപമാണ് ആ സമയത്തെ ഭൃഗുരാമൻ.നീലലോഹിത ശിഷ്യനാണവൻ. ”ബഡവാ നല സമൻ” എന്നാണിവിടെ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതു തന്നെ.ആ ഒറ്റ വിശേഷണത്തിൽ നിന്നു തന്നെ വായനക്കാരൻ തദവസരത്തിലെ പരശുരാമഭാവം പൂർണ്ണമായും ഉൾക്കൊള്ളുന്നു.ശ്രീരാമൻ നടത്തിയ ശൈവ ചാപ ഖണ്ഡനം തൻ്റെ ഗുരുവായ കൈലാസ നാഥനോടുള്ള നിന്ദയായിട്ടാണ് പരശുരാമൻ എണ്ണുന്നത്.ആ ചിന്ത കഥയിൽ സംഘട്ടനാത്മകതയുടെ ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.പൗരുഷത്തിൻ്റെ പര്യായ ശബ്ദങ്ങൾ തമ്മിലാണ് മത്സരം.പരിസമാപ്തി ശുഭകരവുമാണ്.ദൃക്സാക്ഷിയുടെ ആകാംക്ഷയാണ് ഇവിടെ വായനക്കാരനുമുണ്ടാകുന്നത്.സബഹുമാനം മുന്നിൽ നിൽക്കുന്ന ശ്രീരാമനോട് ഒറ്റച്ചോദ്യം!
”ഞാനൊഴിഞ്ഞുണ്ടോ രാമ നിത്രിഭുവനത്തിങ്കൽ ?”
അനേകം കാര്യങ്ങൾ സ്പഷ്ടമാണ് ആ ചോദ്യത്തിൽ.മുൻപ് ത്രയംബകം മുറിഞ്ഞപ്പോഴാണ് ഇടിവെട്ടുന്ന തരത്തിലുള്ള ഒച്ചയുണ്ടായതും ആൾക്കാർ ഉരഗങ്ങളെപ്പോലെ നടുങ്ങിയതുമെങ്കിൽ ഇവിടെ ഒരു ചോദ്യത്തിലാണ് ഗിരികൾ വിറച്ചതും ദിക്കുകൾ ഇരുളിലാണ്ടതും.
സന്ദർഭത്തിൻ്റെ തീവ്രതയ്ക്കുവേണ്ടി എഴുത്തച്ഛനവിടെ ഉപയോഗിച്ച രചനാ തന്ത്രം സുവർണ്ണ ലിപിയിൽത്തന്നെ മലയാളത്തിൽ ഇന്നും പതിഞ്ഞു കിടക്കുകയാണ്.ജമദഗ്നി പുത്രൻ്റെ പ്രകോപനോത്സുകമായ ചോദ്യങ്ങളെ നേരിടുന്ന ശ്രീരാമൻ സംയമനത്തിൻ്റെ മകുട മണിയാണ്.ക്ഷാത്ര തേജസ്സിൻ്റെ അനുപമ രൂപം കൂടിയാണ് ശ്രീരാമൻ അവിടെ എന്നതും പ്രത്യേകം സ്മരണീയമാണ്.രാമൻ പക്വമായ ഒരു മാനസിക നിലയാണ് ഈ അവസരത്തിൽ പ്രകടിപ്പിക്കുന്നത്.പരശുരാമൻ്റെ ഔന്നത്യത്തിനെ ഒരു തരത്തിലും ഇടിച്ചു താഴ്ത്താത്ത പ്രതികരണമാണ് രാമനിൽ നിന്നുണ്ടാകുന്നത്.അദ്ദേഹത്തിൻ്റെ രോക്ഷ ഭാവത്തെ പരോക്ഷ വിമർശനത്തിന് വിധേയമാക്കുന്നുണ്ട് രാമൻ! മഹാത്മാക്കൾ അവരുടെ പ്രൗഢ ബൗദ്ധികതയോടു കൂടിത്തന്നെ പിൻമുറക്കാരോടിങ്ങനെ പെരുമാറുന്നതിൻ്റെ സാംഗത്യവും അങ്ങനെയുള്ള ഒരു ശ്രേഷ്ഠഭാവൻ്റെ ആശ്രമ പരിതഃസ്ഥിതിയും ശ്രീരാമൻ ചോദ്യവിഷയമാക്കുന്നുണ്ട്.
സത്യത്തിൽ ഇത്തരമൊരു സാഹചര്യം ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’ അതിൻ്റെ യഥാർത്ഥ സ്വഭാവം പ്രകടമാക്കുന്നതിൻ്റെ ഒന്നാം പടിയാണിത്. ”വേലി തന്നെ വിളവു തിന്നുന്നു” എന്ന ശൈലി എഴുത്തച്ഛനിവിടെ ഉപയോഗിക്കുന്നില്ലെന്നു മാത്രം! ശൈവ ചാപോദ്ധാരണം പോലെ ”ജിതശ്രമം”മാത്രമായിരുന്നു രാമന് വൈഷ്ണവ ചാ പോദ്ധാരണവും.മിഥിലയിൽ ചാപം മുറിഞ്ഞെങ്കിൽ ഇവിടെ, പൊടിഞ്ഞു തകരുന്നത് പരശുരാമൻ്റെ ഗർവ്വാണ്.