രചന : ബീഗം
എത്ര ജന്മങ്ങൾ കഴിഞ്ഞാലും
ഒക്കത്തു വെച്ചെത്ര ദൂരം നടന്നാലും
ഒന്നിനും പകരമാവില്ലയീ ജന്മം
ഒരു നേരമുണ്ണാൻ കൊതിക്കുന്ന നേരത്തു
നിറവയറാക്കി പല നേരവും
വിശപ്പില്ലെന്നു മൊഴിഞ്ഞു
വിളമ്പിയവൾ പാത്രത്തിൽ
ത്യാഗത്തിൽ ചിത്രം കാണും
തായതൻ നുണകളിൽ
ജീവരക്തം തന്നു വളർത്തി
ജീവിത തോണി തുഴഞ്ഞേകയായ്
കൂരയിൽ കുനിഞ്ഞിരിപ്പുണ്ടൊരു കോലം
കാലം കൊടുത്തൊരു കൂനുമായ്
കണ്ടില്ലയിന്നാൾ വരെ
കോപിച്ചിടുന്ന വദനം
കേട്ടില്ല കാതിൽ
കദനത്തിൻ കഥനം
എങ്കിലും രാവിൻ്റെയിരുളിൽ
അടക്കിപിടിച്ച തേങ്ങലുകൾ
ഉള്ളം തുറന്ന മന്ദസ്മിതയുമായ്
ഉദിച്ചു നിൽക്കുമർക്കൻ പോൽ പുലരിയിൽ
തായ് വേരറുക്കുന്ന തനയർ
തണലിൻ കുളിർമ്മ മറക്കുന്നു
എത്ര ജന്മങ്ങൾ ഓടിത്തളർന്നാലും
ഓമനിക്കുമീ കൈകളും
ഒഴിച്ചിടുമീ മടിത്തട്ടും.