രചന : ഷാജു. കെ. കടമേരി

അനുഭവത്തിന്റെ
നട്ടുച്ച മഴ നനയുമ്പോൾ
മുറിവുകൾ തുന്നിച്ചേർത്ത
കവിതയിലെ
അവസാന വരികൾക്കും
തീ പിടിക്കുന്നു.
ഇരുൾ നിവർത്തിയിട്ട
ജീവിതപുസ്തകതാളിൽ
കനല് തിളയ്ക്കുന്ന വഴികളിൽ
തലയിട്ടടിച്ച് പിടഞ്ഞ്
കവിത പൂക്കുന്ന ഓർമ്മ മരക്കീഴിൽ
നനഞ്ഞ് കുതിർന്ന്
ദിശതെറ്റി പതറി വീണ
ചങ്കിടിപ്പുകൾ അഗ്നിനക്ഷത്രങ്ങളായ്
നിരന്ന്നിന്ന്
ജീവിതത്തോടേറ്റുമുട്ടുന്നു.
ഹൃദയജാലകം തുറന്നൊരു പക്ഷി
പാതി മുറിഞ്ഞ ചിറകുകൾ വീശി
പെരുമഴ കോരിക്കുടിച്ച്
വസന്തരാവുകൾക്ക് വട്ടം കറങ്ങുന്നു.
ചോർന്നൊലിക്കുന്ന ജീവിതം
വരികൾക്കിടയിൽ കുതറി
മഴമേഘങ്ങൾ തുന്നിയ
ജീവിതത്തിന്റെ ഇടനെഞ്ചിലേക്ക്
ഓർമ്മതാളുകൾ നിവർത്തുന്നു.
പള്ള പൊള്ളിക്കരിഞ്ഞ്
കർക്കിടകകോള് വരച്ചൊരു
നട്ടുച്ച
കളിക്കൂട്ടുകാരന്റെ വീട്ടിലേക്ക്
കയറിചെന്നതും
ചോറ് തരാതെ മുഖം വീർപ്പിച്ച
രൂപങ്ങൾ ഇടവഴിയിലേക്ക്
അവഗണനയോടെ ഇറക്കിവിട്ടതും
അന്നെന്റെ നെഞ്ചിൽ വീണ
ഇടിമുഴക്കങ്ങൾ
ഉള്ള് പൊള്ളി കരയിച്ച നിമിഷങ്ങൾ
പാതി മുറിഞ്ഞ വാക്കുകളിൽ
പിന്നിലേക്ക് വലിച്ചിഴച്ച്
നീറിപിടഞ്ഞ് കത്തുന്നു.
കൂർത്ത് നിൽക്കുന്ന
കുപ്പിച്ചില്ലുകൾക്കിടയിലൂടെ
കറങ്ങിതിരിയുന്ന നിമിഷങ്ങളെ
നെടുകെ പിളർന്ന്
ഉറക്കെ നിലവിളിക്കുന്ന
വാക്കുകൾ.
കത്തുന്ന കടൽ വകഞ്ഞ്‌ മാറ്റി
കരയെ രണ്ടായി പിളർന്ന്
ഇരുള് വിഴുങ്ങി, പാതി മങ്ങിയ
നിലാവിനെ കോരിയെടുത്ത്
ജീവിതത്തിന്റെ പുറംതോടുകൾ
വെട്ടിപ്പൊളിച്ച്
കവിതയിലേക്കുള്ള
വഴി ചോദിക്കുന്നു…….

ഷാജു. കെ. കടമേരി

By ivayana