രചന :- ബിനു. ആർ.
പറയുവാനെനിക്കുനാണമാകുന്നെന്റമ്മേ,
പുലകുളികൾ കുളിച്ചുമടുക്കുന്ന
മിഥ്യാഭിമാനികൾ നിറഞ്ഞ കേരളം കണ്ടിട്ട്.
നിലതെറ്റിയ ഭരണതെമ്മാടിക്കൂട്ടങ്ങൾ കട്ടുമുടിച്ചു ദരിദ്രയായ
കേരളം കണ്ടിട്ട്.
മാനത്തേപൂക്കടമുക്കിൽ ജോലിക്കുതെണ്ടുന്ന
നാടായിമാറി, മുഴുവൻ സാക്ഷരമായ
വിവേകബുദ്ധികൾ നിറഞ്ഞ കേരളം കണ്ടിട്ട്.
അയ്യോയെന്റെയമ്മേ പറയുവാൻ നാണമാകുന്നൂ,
പെരുമഴയിൽമുങ്ങിപ്പോയ പാമരരാം
മലയാളിമക്കൾക്കായെന്നപേരിൽ തെണ്ടിപ്പെറുക്കിയ
നാണയത്തുട്ടുകളിൽ കയ്യിട്ടുവാരി, ബന്ധുക്കൾക്കായി
വാരിക്കോരികൊടുക്കുന്ന
പ്രബുദ്ധകേരളത്തിന്റെ നാണംകെട്ട വായ്ത്താരികൾ കേട്ട്.
നാണമാകുന്നെന്റമ്മേ, അമ്മയെയും പെങ്ങളെയും കുട്ടികളെയുംകിടാങ്ങളെയും
തിരിച്ചറിയാതെ,
പുലനായാട്ടുനടത്തുന്നവനെ
രക്ഷിക്കാൻ, രാജഭണ്ഡാരത്തിൽനിന്നും അമുക്കിയെടുക്കുന്ന രാജപ്രമുഖരെ കണ്ടിട്ട്.
നാണമായിട്ടെനിക്കുപുറത്തിറങ്ങാൻ വയ്യെനിക്കേന്റമ്മേ,
കേരളമെന്നുകേട്ടാൽ തിളക്കണം ചോരയെന്നു
പറഞ്ഞവരുടെ നാറുന്ന ഈ കേരളത്തെ കണ്ടിട്ട്.