Simna Joseph

ഇടക്ക് മാത്രം പെയ്യുന്ന
വേനൽമഴ പോലെയാണ്
നമ്മുടെ ഇണക്കവും പിണക്കവും
ചില നേരങ്ങളിൽ നീയെന്നിൽ
മഞ്ഞായ് പെയ്തിരുന്നുവെങ്കിലെന്ന്
വെറുതെയെങ്കിലും ഞാൻ നിനയ്ക്കാറുണ്ട്
നിന്നിൽ നിന്നും എന്നിലേക്കുള്ള അകലത്തിന്റെ നീളമോർക്കുമ്പോൾ
അവിടെ വിഷാദം പെയ്യാനൊരുങ്ങും
നിന്റെ അക്ഷരങ്ങൾ ആകാശം മുട്ടെ
വാക്കുകളായി മാറുമ്പോൾ ഞാൻ ചിന്തിച്ച്തുടങ്ങും ഇതെല്ലാം എനിക്ക്
വേണ്ടി മാത്രം പിറവി കൊണ്ടതാണോന്ന്..
പക്ഷേ സത്യം അതല്ലെന്ന് ഞാൻ മനസ്സിലാക്കിയപ്പോഴും
എനിക്കങ്ങനെ വിശ്വസിക്കാൻ സാധിച്ചിരുന്നില്ല..
ഓർമ്മകളുടെ പാറക്കെട്ടുകളിൽ കുരുങ്ങി
ഞാൻ മാത്രം എന്നിലെ നിന്നെ തേടി
പല വേള കാണാതെ കാണാൻ
നിന്നരികിൽ വന്നെത്താറുണ്ട്
നിഴലും നിലാവും കൂട്ടിന് ആകാശത്തെ
നക്ഷത്രങ്ങളുമുള്ള രാത്രികളിൽ
ഇന്നും ഞാൻ എഴുതാനിരിക്കാറുണ്ട്
കാത്തിരുന്നിട്ടും കാണാതെ പോയ
എന്റെ പ്രണയത്തിന്റെ ഓർമ്മകൾ
മാത്രം ഇവിടെ അവശേഷിക്കുന്നു..

By ivayana