രചന : സതിസുധാകരൻ.

അമ്പലനടയിൽ കൈകൂപ്പി നിന്നു ഞാൻ
ഉണ്ണിക്കണ്ണനെ
ഒരു നോക്കു കാണുവാനായ്
അമ്പലമുറ്റത്തെ മണിനാദം കേട്ടപ്പോൾ
മന്ദാരപ്പൂക്കൾ വിരിഞ്ഞു മെല്ലെ
ശംഖു പുഷ്പങ്ങളും പാരിജാതങ്ങളും
കൈ കൂപ്പി തൊഴുതു, നിന്നിരുന്നു.
പരിമളം വീശി പാരിജാതപ്പൂക്കൾ
അമ്പലoചുറ്റി നടന്നു നീളെ !…
സന്ധ്യാവന്ദനം ചൊല്ലുവാനായിട്ട്
പക്ഷികളെല്ലാരും കൂടണഞ്ഞു.
കിളികൾ തൻ തേനൂറും മധുര ശബ്ദങ്ങളാൽ
പരിസരമാകെ മുഖരിതമായ്
ചന്ദന ഗന്ധവും കർപ്പൂര നാളവും
ശംഖൊലി നാദവും തിങ്ങി നില്ക്കെ
കണ്ണൻ വരുന്നതും നോക്കിയിരുന്നു ഞാൻ
പുല്ലാങ്കുഴൽ വിളി നാദത്തോടെ.
പൊന്നരഞ്ഞാണ വും പാദസ്വരങ്ങളും
മഞ്ഞപ്പട്ടാടയും ചാർത്തി മെല്ലെ !..
പീലിത്തിരുമുടി ചീകി വച്ചിട്ടവൻ
പുഞ്ചിരി തൂകി നടന്നു വന്നു.
മോഹനരൂപം ഞാൻ കൺ കുളിർക്കെ കണ്ടു
കുമ്പിട്ടു വീണു നമസ്ക്കരിച്ചു.
സ്വപ്നമെന്നോർത്തു ഞാൻ കണ്ണു തുറന്നപ്പോൾ
ശ്രീകോവിലിനുള്ളിൽ പോയൊളിച്ചു.

സതിസുധാകരൻ.

By ivayana