വാസുദേവൻ കെ വി.
മാനവചരിത്രത്തിൽ ഏറ്റവും പുരാതനമായ വ്യാപാരം മാംസവിൽപ്പന. നമ്മുടെ ആർഷഭാരതരാഷ്ട്രത്തിലും തളിരിട്ടു വളരുന്ന വ്യവസായം ശരീരവിൽപ്പന..
കോളനികൾ വേർതിരിച്ച് ഭരണകൂടാനുമതികളോടെ… കേര കേദാര ഭൂവിൽ പതിച്ചു നല്കിയിട്ടില്ലെങ്കിലും പലയിടത്തും ഇത്തരം കേന്ദ്രങ്ങൾ… അവിടെ കാണുന്നവർക്ക് രണ്ടു പേരുകൾ മാത്രം പ്രബുദ്ധ മലയാളീദാനം.
പുടവചുറ്റി കുടുംബാംഗങ്ങളുടെ പശിയകറ്റാൻ തുക തേടി സ്വയം കീഴ്പ്പെടുന്നവളെ വെടിക്കെട്ട് ലോപിച്ചുള്ള വിളിപ്പേര് .. ഇടനിലകൊണ്ട് കൊഴുക്കുന്നവരൊക്കെ മാമനും.. ശബ്ദതാരാവലിയിൽ ഈ വാക്കുകൾക്കുള്ള അർത്ഥവ്യാഖ്യാനം വേറെ…
സമാനമാണ് നവമാധ്യമ സൗഹൃദങ്ങൾക്കിടയിലും.. ആണ് പെണ്ണിനെ കിന്നാരപൂർവ്വം ‘ടീച്ചറെ’ വിളി. പെണ്ണ് സ്നേഹോഷ്മളമായി തിരിച്ച് ‘മാഷേ’ന്നും വിളിക്കുന്നു.
അറിവിനു വഴികാട്ടുന്നവരെയാണ് നാളിതുവരെ ബഹുമാന സർവ്വനാമത്തിൽ നാമത് വിളിച്ചിരുന്നത്. നേരെ മറിച്ചാണ് മുഖപുസ്തകഇടങ്ങളിൽ. ബാർട്ടർ രീതിയിൽ ലൈക്കും കമന്റും, മാഷും ടീച്ചറും തമ്മിൽ.
കുറിച്ചിടുന്ന വരികൾക്ക് കുറ്റം ചാർത്തിമാത്രം നിർവൃതി കൊള്ളുന്നവരും യഥേഷ്ടം.തലനാരിഴ കീറി കുറവ് പെരുപ്പിച്ചു കാട്ടാൻ ഇവർ സ്വയം സാഹിത്യവാരഫലക്കാരന്റെ കുപ്പായം അണിയുന്നു.
പ്രണയവും വിരഹവും പ്രകൃതി ഭംഗിയുമൊക്കെ കവിതാ വരികളിൽ കുറിച്ചിടുന്നവളോട് “ഭാഷാ”ധ്യാപകൻ മൊഴിഞ്ഞു. “താങ്കളുടെ കവിതാ രചനകളിൽ വൃത്തഘടന ഇല്ല. ഛന്ദസ്സ് ഇല്ല. ഉത്തരാർദ്ധ പാദവും പൂർവ്വാദ്ധ പാദവും പലപ്പോഴും സന്ധി ചേർത്തിട്ടുള്ള നിയമ ലംഘനം.. പറയാതെ വയ്യാ കവിതയുടെ നിയത രൂപമില്ല. “
മനം തകർന്ന കവയിത്രി ഇത്തിരി നേരം സ്തംഭിച്ചിരുന്നു.. യുറേക്കാ!!!!…
ടീച്ചർ നീട്ടിവിളിച്ചു ചോദിച്ചു
“മാഷേ.. താങ്കൾ “ഇനിയെച്ച” കേട്ടിട്ടുണ്ടോ??
പാലക്കാട് ജില്ലയിലുള്ള അട്ടപ്പാടി ഊരുകളിലൊന്നിലെ യുവാവ് പി. ശിവലിംഗന്‍ ഇരുള ഭാഷയിലാണ് കവിതയെഴുതുന്നത്. ഇരുള ഭാഷയ്ക്ക് ലിപിയില്ല . ഇരുള ഭാഷയില്‍ ശിവലിംഗന്‍ ചൊല്ലിയ “ഇനിയെച്ച “എന്ന ശ്രദ്ധേയ കവിത സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററില്‍ ബി എഡ് പരിശീലനം നേടിയ ശിവലിംഗന്‍ ലിപിയില്ലാത്ത ഭാഷയിലാണ് കവിതകൾ ഒരുക്കുന്നത്. വരിയടുക്കിന്റെ ഛന്ദസ്സും അന്തസ്സും അതിൽ ചികയേണ്ടതെങ്ങനെ? വൃത്തക്കൂട്ടിൽ ഒതുക്കിയിട്ടാൻ ആ വരികളിൽ വെട്ടിമാറ്റി വികൃതമാക്കപ്പെടുന്നില്ലല്ലോ വാക്കുകൾ.. കാഴ്ച്ചകൾ നേരനുഭവങ്ങൾ ഭാവനാപൂർവ്വം താളാത്മകതയോടെ പദ്യ രൂപത്തിൽ കുറിച്ചിട്ടാൽ അതിനൊരു കവിതാഛായ കൈവരുന്ന നാളുകൾ ഇനിയെന്ന് അല്ലേ മാഷേ? !!… “
ടീച്ചറുടെ മറുപടിയിൽ
ഭാഷാദ്ധ്യാപഹയൻ “മാഷ്” കണ്ടം വഴി ഓടി എന്നു ബാക്കി.
നമ്മളിൽ ചിലരിലൊക്കെ ഒളിഞ്ഞു കിടക്കുന്നുണ്ടോ ഏറ്റക്കുറച്ചിലുകളോടെ ഒരു “ഭാഷാ “ധ്യാപഹയൻ??… പ്രോത്സാഹനം ആവട്ടെ നമ്മുടെ വരികൾ നിരുത്സാഹവാക്കുകളുടെ തീക്ഷ്ണതയില്ലാതെ.. വിടരാതെ പതിക്കരുത് നവമുകുളങ്ങൾ.