രചന : മംഗളാനന്ദന്‍ ടി കെ
അടുപ്പില്‍ അന്തിക്കഞ്ഞി തിളക്കാന്‍ മടിക്കുന്നു.
അരികില്‍ തീയുതിക്കൊണ്ടവളും കിതക്കുന്നു..
കുടിലില്‍ ഇരുള്‍കേറിപ്പറ്റുന്നു കുടിപാര്‍ക്കാന്‍,
അവളീവര്‍ഷം പത്താംതരത്തില്‍ ജയിക്കേണ്ടോള്‍.
കഞ്ഞിവേകുന്നു കറിയുപ്പതിലലിയുന്നു,
പിന്നിലെയടുക്കളവാതിലുമടയുന്നു.
തവിയും പിഞ്ഞാണവും കൂട്ടിമുട്ടുന്നു, തള്ള-
മകളെ കരിക്കാടിയൂട്ടുന്നു, തലോടുന്നു.
പിന്നീടു രസതന്ത്രബുക്കവള്‍ തുറക്കുന്നു
നല്ലപോല്‍ പഠിക്കേണം, അവളിക്കൊല്ലം പത്തില്‍.
ഇടയ്ക്കു നിറുകയില്‍ തള്ളപ്പേന്‍ കടിക്കുന്നു,
അവള്‍ക്കു മുന്നില്‍ “ ന്യൂട്ടണ്‍” വന്നു കണ്ണുരുട്ടുന്നു.
ഗണിതം കരിന്തിരി കത്തുന്നു, മണ്ണെണ്ണക്ക്-
വിലയേറുന്നു, താനേ വിളക്കുമണയുന്നു,
അറിവിന്നാറും നാലും ചക്കിലെണ്ണയ്ക്കാടുന്നു
വെറുതെ, കിളിപ്പാട്ടുശീലുകള്‍ കുറുകുന്നു.
തറയില്‍ തഴപ്പായച്ചുരുളു നിവരുന്നു,
അരികില്‍ എഴുത്തച്ഛന്‍ വന്നെന്തോ പറയുന്നു.
നെറ്റിയില്‍ പനിച്ചൂടു മുള്ളുകളുരുമ്മുന്നു,
ചെറ്റവാതില്‍ക്കല്‍ വന്നു നില്‍ക്കുന്നു കവിത്രയം.
അവളീക്കൊല്ലം പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനീ,
അവള്‍ക്കു പഠിക്കേണ്ടും പാഠങ്ങള്‍ പലതല്ലോ.
കിഴക്ക് വീണ്ടും വെള്ളകീറുന്നു, പായുന്നല്ലോ
തിടുക്കമവളന്യവീട്ടിലെ പണിക്കായി.
തറതൂക്കുന്നു, പാത്രം കഴുകിയടുക്കുന്നു,
മുറികളോരോന്നായിട്ടടുക്കി പെറുക്കുന്നു.
ഗൃഹനായകനീസിച്ചെയറില്‍ ഇംഗ്ലീഷ്പത്രം
നുണയുന്നൊരു കപ്പു കാപ്പിയോടൊപ്പം മെല്ലെ.
അവിടെ ഷെല്‍ഫിന്നുള്ളില്‍ ഷേക്സ്പിയറിരിക്കുന്നു,
അവളായലമാരച്ചില്ലുകള്‍ തുടക്കുന്നു..
അറിയാതതില്‍നിന്നും അക്ഷരം മണക്കുന്നു,
അവളീ വര്‍ഷം പത്തില്‍ ജയിച്ചു വരേണ്ടവള്‍.
ഇനിയുമറിയാത്ത സീസറെ തഴഞ്ഞവള്‍,
വെറുതെ മാക്ബെത്തിനെ കാണാതെ കടന്നുപോയ്.
തറയില്‍ വെള്ളം മുക്കി തുടച്ചു മിനുക്കുമ്പോള്‍.
അകലെ പള്ളിക്കൂടം കൈനീട്ടി വിളിക്കുന്നു.
പണിനീളുന്നു, മണിയെട്ടടിക്കുന്നു, ദൈവം ,
ഒരുനേരത്തെ കഞ്ഞിയായവതരിയ്ക്കുന്നു..
അകലെ സ്കൂളില്‍ മൂന്നാം മണിയും മുഴങ്ങുന്നു,
അവളോ കൂട്ടം തെറ്റിപ്പോയൊരു കുഞ്ഞാടായി.
ചുമലില്‍ തൂങ്ങും തുണിസ്സഞ്ചിയില്‍, കൂട്ടിതെറ്റി-
പ്പിണഞ്ഞു രണ്ടറ്റവും മുട്ടാത്ത കണക്കുകള്‍,
സ്ഥിരമായ് രാജാവിന്നു സ്തുതിപാടുവാന്‍ വള-
ച്ചൊടിച്ച ചരിത്രത്തിന്നേടുകള്‍, വിശപ്പിന്‍റെ-
ശ്ലഥതാളത്തില്‍ ദഹിച്ചീടാതെ വെറും കടം-
കഥകളായിപ്പോയ കവിതാ ശകലങ്ങള്‍,
വെറുതെ പരീക്ഷയ്ക്കു പഠിച്ചു മറക്കേണ്ട-
പല ഭാഷകളുടെ ഗ്രാമറിന്‍ കുരുക്കുകള്‍.
പതിവായെന്നും ക്ലാസ്സില്‍ വൈകുന്ന കുറ്റത്തിന്നു
പിഴയായ് പുറത്തവള്‍ നില്‍ക്കുന്നു തൂണുംചാരി.
അകത്തു ചെറുശ്ശേരിക്കവിതക്കുള്ളില്‍ തവി-
യിളക്കി എരിശ്ശേരി വിളമ്പാന്‍ ശ്രമിക്കുന്നു..
പിന്നീടു പൂതപ്പാട്ടു പെയ്യുമ്പോള്‍ ഇടശ്ശേരി –
വന്നു ചോദിപ്പൂ, “:കുഞ്ഞേ, നീ പുറത്തെന്തേ നില്‍പ്പൂ?”
അവിടെ പൂതത്തിന്‍റെ പദനിസ്വനം കേള്‍ക്കാം
ചെവിയോര്‍ക്കുമ്പോള്‍ ‘ഓട്ടു ചിലമ്പിന്‍ കലമ്പൊലി’..
അവളോര്‍ക്കുന്നു പെട്ടെന്നമ്മയെ, ദൂരത്താരോ
പണിയുമെഴുനില മാളിക യുയരുന്നു,
അവിടെക്കല്ലും മണ്ണും ചുമ്മുന്ന പെണ്ണാളുകള്‍.-
ക്കിടയിലോരാളായിട്ടമ്മയെ കാണുന്നവള്‍.
അവിടെ കിതപ്പാറ്റുമിടവേളയിലവര്‍
പറയാറുണ്ടീ മക്കള്‍മാഹാത്മ്യം തമ്മില്‍തമ്മില്‍
അവളോര്‍ത്തുപോയ് തള്ള പറയും പൊങ്ങച്ചം- “എന്‍-
മകളീക്കൊല്ലം പത്തിലല്ലയോ പഠിക്കുന്നു.”.