ലേഖനം : ശാരിയദു.
അന്യസംസ്ഥാന തൊഴിലാളികൾ
എന്ന് കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം എന്നും അതിരാവിലെ റോഡുസൈഡിൽ എവിടെയെങ്കിലും ഒരു കൂട്ടം ആൾക്കാർ ജോലിക്ക് പോകാനായി വാഹനത്തിന് കാത്തുനിൽക്കുന്ന ചിത്രമായിരിക്കും. അവരെ മൊത്തത്തിൽ നമ്മൾ ബംഗാളികളെന്നും വിളിക്കുന്നു.
ഇന്നുകളിൽ കേരളത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ
ഗൾഫ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്, അതിന് കാരണമെന്തെന്നാൽ കേരളത്തിലെ എല്ലാ നിത്യവരുമാന തൊഴിൽ മേഖലയിലും ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഏതാനും മാസങ്ങൾക്ക് മുൻപ് വരെ വളരെ ശ്രദ്ധേയമായിരുന്നു.
സംസ്ഥാനത്ത് 35 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് സർക്കാർ റിപ്പോർട്ട്. അതിൽ 40% ആളുകളും എത്തിയത് പശ്ചിമബംഗാളിൽ നിന്നായിരുന്നു. കണക്ക് പ്രകാരം ആസാമിൽ നിന്ന്
22 ശതമാനവും തമിഴ്നാട്ടിൽ നിന്ന്
20 ശതമാനവും ഒഡീഷയിൽ നിന്ന്
10 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് 8 ശതമാനവുമായിരുന്നു. കേരളത്തിലേക്ക് ഘട്ടം ഘട്ടമായി ആ സമയം കുടിയേറിയത്.
അന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്ന ജില്ല എറണാകുളമായിരുന്നു (6 ലക്ഷം പേർ). ഇവരുടെ അപ്രഖ്യാപിത തലസ്ഥാനമായി പ്ലൈവുഡ് കമ്പനികളുടെ കേന്ദ്രമായ പെരുമ്പാവൂർ അറിയപ്പെട്ടു.
ഇവർ എണ്ണത്തിൽ ഏറ്റവും കുറവ് കൊല്ലം ജില്ലയിലായിരുന്നു (63000 പേർ)
ഇതര സംസ്ഥാന തൊഴിലാളികളെ ആവാസ് അഷ്വറൻസ് എന്ന പദ്ധതിയിൽ അംഗങ്ങൾ ആക്കുന്നതിനുള്ള പദ്ധതി ഗവൺമെന്റ് ആവിഷ്കരിച്ചിരുന്നു. കൂടാതെ അവരെ ESI, PF അങ്ങനെയുള്ള എല്ലാ ആനുകൂല്യങ്ങളിലും ഉൾപ്പെടുത്തിയിരുന്നു.
വ്യവസായരംഗം ഏതുമാകട്ടെ ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവും മെച്ചപ്പെട്ട ദിവസവേതനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒരു ദിവസം 800 മുതൽ 900 രൂപ വരെയായിരുന്നു അവരുടെ കൂലി. എന്തിനേറെ പറയാൻ ലൈംഗികതൊഴിലാളികൾ പോലും
ആ സമയത്ത് കേരളത്തിലേക്ക് എത്തിയിരുന്നു എന്നാണ് ഔദ്യോഗികമല്ലാത്ത അറിവ്. പെരുമ്പാവൂർ തന്നെയായിരുന്നു ഇതിന്റെയും കേന്ദ്രം.
നമ്മുടെ കേരളത്തിലെ ഓരോ വ്യക്തിയെ പരിശോധിച്ചാലും ഏതെങ്കിലുമൊരു ഡിഗ്രി കരസ്ഥമാക്കിയവരായിരിക്കും. അല്ലെങ്കിൽ അതിനു മേലെ വലിയ പഠിപ്പുള്ളവരായിരിക്കും. അവരുടെയൊക്കെ ലക്ഷ്യം വൈറ്റ് കോളർ ജോലി മാത്രമാണ്. കേരളത്തിൽ തൊഴിലില്ലായ്മ എന്നു പറയുമ്പോഴും ജോലിചെയ്യാനുള്ള യുവാക്കളുടെ മടിയാണ് ഇതിന് പ്രധാന കാരണമെന്ന് നമുക്കോരോരുത്തർക്കും അറിയാം. പരമ്പരാഗതമായി ചെയ്തുകൊണ്ടിരുന്ന എത്രയോ തൊഴിലുകളാണ് അന്യാധീനപ്പെട്ടു പൊയ്ക്കോണ്ടിരിക്കുന്നത്. മാത്രമല്ല നാട്ടിലെ സാധ്യതകൾ ശ്രദ്ധിക്കാതെ നമ്മളിൽ കൂടുതൽപേരും വിദേശജോലി ഇഷ്ടപ്പെടുന്നവർ കൂടിയായാൽ പിന്നെ കേരളത്തിലെ ജോലികളൊക്കെ ഇതരസംസ്ഥാനക്കാർ ചെയ്യേണ്ടി വരുന്ന ഒരു ദുരവസ്ഥയിലേക്കാണ് നാം അനുദിനം പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനുള്ള കാരണം നമ്മുടെ യുവാക്കളുടെ അലസതയും ആഡംബരവും മാത്രമാണ്.
ചിന്തിച്ചു നോക്കിയാൽ
ഇതരസംസ്ഥാന തൊഴിലാളികൾ നമ്മളെക്കാൾ എത്രയോ കേമൻമാരാണ്. അവർ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കും. അങ്ങനെ എന്തൊക്കെ വേണോ അതെല്ലാം തന്നെ അവർ സ്വന്തമായി ചെയ്യും. നമ്മുടെ യുവതലമുറയും ഇതൊക്കെ ചെയ്യും പക്ഷെ വിദേശത്ത് എത്തണം എന്നുമാത്രം. കൂടാതെ ഇതരസംസ്ഥാനക്കാർക്ക് മൊബൈലാണ് ഇഷ്ടവിനോദം ആഡംബരത്തിലും പത്രാസും താല്പര്യമില്ലാത്തവർ. ആകെയുള്ള ഒരു ദുശീലം മദ്യപാനവും പുകയിലയും. ശരാശരി പണച്ചെലവ് 100 മുതൽ 150 രൂപ വരെ. ഭക്ഷണം ഉൾപ്പെടെ മേല്പറഞ്ഞ ദുശീലങ്ങളും ചേർത്ത് ഭൂരിഭാഗത്തിനും ഇതിനപ്പുറം ചിലവ് പോകില്ല
ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലും താമസിച്ചിരുന്നത് ലേബർ ക്യാമ്പുകളിലായിരുന്നു. ഇവർ തിങ്ങിപ്പാർത്തിരുന്ന ഇടങ്ങൾ പെട്ടന്ന് തന്നെ വൃത്തിഹീനവും ആ പരിസരങ്ങളിൽ പൊതുജനാരോഗ്യപ്രശ്നങ്ങൾ വളരെ രൂക്ഷവുമായിരുന്നു. ജനസാന്ദ്രതയേറിയ നമ്മുടെ കേരളത്തിൽ ഇവരുടെ സാന്നിധ്യം വളരെയധികം ക്രമസമാധാന പ്രശ്നങ്ങളും സൃഷ്‌ടിച്ചിരുന്നു. ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ കൂടാതെ മാനസികാരോഗ്യ പ്രശ്നങ്ങളും
ഇത്തരം ലേബർ ക്യാമ്പുകൾ സൃഷ്ടിച്ചിരുന്നു. ജിഷയെ കൊലപ്പെടുത്തിയ അമീറുൽ ഇസ്ലാമും ഇതേ വ്യവസ്ഥയുടെ സൃഷ്ടി തന്നെയായിരുന്നു അതുകൊണ്ട് തന്നെ ഈ കൊറോണ കാലത്തിന് ശേഷം ധാരാളം അന്യസംസ്ഥാന തെഴിലാളികൾ ഇനിയും കേരളത്തിലേക്ക് കടന്നുവരും എന്നുള്ള കാര്യം ഉറപ്പാണ്. ഇനിയുമൊരു ജിഷ നാട്ടിൽ ഉണ്ടാവാതിരിക്കാൻ അങ്ങനെ മറ്റു പല അപകടങ്ങളും മുൻകൂട്ടിക്കണ്ടുകൊണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ നോവിക്കാതെ അലോസരപ്പെടുത്താതെ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും പരിഗണനയും ലഭ്യമാകേണ്ട രീതിയിൽ സർക്കാർ മിനിമം സൗകര്യങ്ങളെങ്കിലും ഇവിടെ മുൻകൂർ ഏർപ്പെടുത്തേണ്ടതായിട്ടുണ്ട്.
കൊറോണ വൈറസിന്റെ ഭീഷണി വർദ്ധിച്ചതോടെ കേരളത്തിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടപ്പാലായനം നടത്തി എങ്കിലും വർഷങ്ങളായി കേരളത്തോട് ഇണങ്ങിയവരായിരുന്നു അവർ. രോഗഭീതിയും തൊഴിലില്ലായ്മയുമാണ് അതിനു കാരണമായത്. കൊറോണ വ്യാപനം എന്ന വാർത്ത പരന്നപ്പോൾ കേരളത്തിലെ തൊഴിൽ അവസരങ്ങൾ കുറഞ്ഞു. മാസംതോറും താമസത്തിനും ഭക്ഷണത്തിനും 5000 ത്തോളം രൂപയായിരുന്നു അവരുടെ ചിലവ്.
തൊഴിലില്ലായ്മ അന്യസംസ്ഥാന തൊഴിലാളിളുടെ ആ സമയത്തെ അവസ്ഥ അത്യന്തം വേദനാജനകമാക്കി.
അന്യസംസ്ഥാന തൊഴിലാളികളുടെ ആധിക്യം കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു. കാരണം കോടിക്കണക്കിന് രൂപയാണ് അന്യസംസ്ഥാനങ്ങളിലേക്ക് ഇവർ മുഖേന ഒഴുകിയിരുന്നത്. അതുകൊണ്ടുതന്നെയാവണം ലോക്ക്ഡൗൺ കാലം നമ്മെ പട്ടിണിയിലേക്ക് നയിച്ചത്. പക്ഷെ ഇവരുടെ അഭാവം കാരണം കേരളത്തിലെ മിക്കവാറും എല്ലാ തൊഴിൽ മേഖലകളും ഇപ്പോഴും പാതി സ്തംഭനാവസ്ഥയിൽ തന്നെയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ അഭാവം പല ജോലികളുടെയും നടത്തിപ്പിനെ കാര്യമായി ബാധിച്ചു. വൈറ്റ് കോളർ ജോലി മോഹിച്ചു നടക്കുന്ന നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ഇടപെട്ടാൽ തീരാവുന്ന ഒരു പ്രശ്നം ആയിരുന്നിട്ടും വീണ്ടും നമ്മുക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ സഹായം തന്നെ തേടേണ്ട ആവശ്യം സംജാതമായിരിക്കുകയാണ്.
കെട്ടിടനിർമ്മാണം, ഹോട്ടൽ, ടെക്സ്റ്റൈൽസ് എന്നിവിടങ്ങളിലൊക്കെ തൊഴിലാളികളുടെ അഭാവം ഉൽപ്പന്നങ്ങളുടെ നിർമ്മാണ ചിലവ് വർദ്ധിക്കാൻ ഇടയാക്കി. കേരളത്തിന് പുറത്ത് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്കു വിലയുടെ കാര്യത്തിൽ മത്സരക്ഷമത കുറയും. പരമ്പരാഗത തൊഴിൽ എന്നെന്നേക്കുമായി നിർത്തിവയ്ക്കേണ്ടി വരും കാർഷിക മേഖലയെ പ്രതികൂലമായി ബാധിച്ചു. ശുചീകരണ വിഭാഗത്തിലും പ്രതിസന്ധി നേരിടുന്നു. കൂടാതെ ബസ് വ്യവസായത്തെയും സാരമായി ബാധിക്കുന്നുണ്ട്.
പഴയ തലമുറയിൽ നിന്നും ഇന്നത്തെ തലമുറയുടെ സൗകര്യങ്ങൾ വർദ്ധിക്കുന്തോറും അവരുടെ സ്വപ്‌നങ്ങൾ നൂല് പൊട്ടിയ പട്ടം കണക്കെ ഉയരത്തിൽ പറക്കുമ്പോൾ തൊഴിലില്ലായ്‌മ സൃഷ്ടിക്കുന്നതും നാം തന്നെയാണെന്ന് ഓർക്കുക. തൊഴിലവസരങ്ങൾ നികത്താൻ നമ്മുടെ യുവാക്കൾ ദുരഭിമാനം മാറ്റിവച്ച് സഹകരിക്കാത്ത കാലത്തോളം കേരളത്തിലെ 95% തൊഴിൽമേഖലയും അന്യസംസ്ഥാന തൊഴിലാളികളുടേത് മാത്രായിരിക്കും.
ശാരിയദു. (കാവ്യാങ്കണം).