രചന : ബോബി ജേഴ്സൻ.

അക്ഷരപ്പൂക്കളാദ്യമായ് കുഞ്ഞു
കൈകളിൽ പിച്ചവച്ചതും,
കൗതുകം പൂണ്ട കൺകളിലമ്മ
അരുമയാമുമ്മ തന്നതും …

അച്ഛതന്ന ചെറുകല്ലുപെൻസില –
ന്നാദ്യമായ് കൈയ്യിലേന്തിഞാൻ
കുഞ്ഞു സ്ലേറ്റിലെമ്പാടുമായ്
വരകൾ കോറിയന്നതി മോദമായ് ….

രൂപഭംഗിയതിനില്ലയെങ്കിലും
ഞാൻ രചിച്ച ചെറു രേഖകൾ
ഏകിയെന്റെ ചെറുകരളിലും
കുളിരലകളായ്
വിജയസ്മേരമായ് ….
താഴെവീണൊന്നുടഞ്ഞു പോകാതെ
ചേർത്തുകാത്തെത്ര പ്രാണനായ്
കൂട്ടുകാർ തെല്ലകന്നുവെന്നാലും
കൂട്ടുനിന്നു നീ തോഴനായ് ….

നാൾകൾ പോകെ നനുനൊമ്പരം തന്നു ,
തീർന്നു നീ കൃശഗാത്രനായ് …
തേങ്ങലോടെ പരിദേവനം ചൊന്നൊ-
രെന്നെ ചേർത്തമ്മ ചൊല്ലിനാൽ …

തേഞ്ഞുതീരണം ജീവിതം പരർക്കാശ്രയം സൗഖ്യമേകിടാൻ
നശ്വരം ഭൂ -ജീവിതം നിസ്വാർത്ഥ –
മാക നിൻ ചെയ്തികൾ .

By ivayana