രചന : ഗീത മന്ദസ്മിത
ലക്ഷ്യങ്ങളായ് എന്നുമെന്നും ലക്ഷങ്ങളുണ്ടെന്നുള്ളിൽ
‘ലക്ഷങ്ങൾ’ നേടീടുവാൻ ലക്ഷ്യമതൊട്ടുമില്ല
‘ലക്ഷങ്ങൾ’ കൊടുത്തു നാം ലക്ഷ്യങ്ങൾ നേടീടുകിൽ
ലക്ഷണമുള്ളോരാരും നമ്മോട് ചേരുകില്ല
ലക്ഷ്യബോധമുണ്ടെങ്കിൽ മാർഗ്ഗത്തെ കണ്ടെത്തിടാം
സത്യമാർഗ്ഗത്തിലെന്നും സഞ്ചാരം ദുർഘടമാം
ദുർഘടമെന്നാകിലും താണ്ടിടാം സഹനത്താൽ
സഹന വഴികളും സരളമല്ലൊട്ടുമേ
സത്യവും സഹനവും സ്വായത്തമെന്നാകിലോ
താണ്ടിടാം മുൾപ്പാതകൾ, നേടിടാം ലക്ഷ്യങ്ങളെ
നിത്യമായ് പ്രയത്നിച്ചാൽ ലക്ഷ്യമതെത്തും നൂനം
നിത്യസത്യമായെന്നും ലക്ഷ്യങ്ങൾ തിളങ്ങിടും
ലക്ഷ്യമെന്നപോലെന്നും മാർഗ്ഗവും സുതാര്യമാം
മാർഗ്ഗം സുതാര്യമെന്നാൽ ഏറിടും തിളക്കങ്ങൾ.