രചന : വി.ജി മുകുന്ദൻ.
ഒറ്റപ്പെടലിന്റെ വൻകരകളിൽ
യാത്രചെയ്യുമ്പോൾ…,
ശൂന്യതയുടെ
മണൽ പരപ്പിലൂടെയായിരിക്കും
നിശബ്ദതയുടെ
അട്ടഹാസങ്ങളെ ഭേദിച്ചുള്ള
മനസ്സിന്റെ യാത്ര.
വെളിച്ചം
കുടിച്ചുതീർക്കുന്ന
പകൽ,
എപ്പോഴും ഇരുട്ടിലേക്കാണ്
യാത്ര ചെയ്യുന്നത്.
ഒറ്റപെടുന്നവന്റെ
യാത്രയും
ഇരുട്ടിലേക്ക്
തന്നെയായിരിക്കും!
വെളിച്ചം
ചോർന്ന് പോകുമ്പോൾ
ഇടവഴികളില്ലാത്ത
വഴിയിലൂടെയായിരിക്കും
യാത്ര തുടരേണ്ടിവരിക;
വെളിച്ചം കടന്നുചെല്ലാത്ത
അന്ധകാരത്തിന്റെ
ഗർത്തങ്ങളിലേക്കായിരിക്കും
ആ യാത്ര ചെന്നെത്തുക!
ഇരുട്ടിന്റെ
ആ പടുകുഴികളിൽ നിന്നും വെളിച്ചത്തിലേയ്ക്കുള്ള ദൂരം
അജ്ഞാതമാണ്;
അജ്ഞതയുടെ
ഓരോ നിമിഷങ്ങളും
മനസ്സിൽ
ഓരോ പ്രകാശവർഷങ്ങളായിരിക്കും.