മൻസൂർ നൈന.

നിങ്ങൾക്ക് വിശ്വസിക്കാനാവുമൊ ? അതെ അങ്ങിനെയൊരു മാർക്കറ്റ് കൊച്ചിയിലുണ്ടായിരുന്നു . ഒരു കാലത്ത് ലോക ഭൂപടത്തിൽ തന്നെയും സ്ഥാനം പിടിച്ചിരുന്നൊരു മാർക്കറ്റ് . കൊച്ചിയിലെ മരക്കടവ് മാർക്കറ്റ് അഥവാ ഹാർബർ മാർക്കറ്റ് .

AD 1341 – ലെ മഹാപ്രളയത്തിൽ മുസരിസ് പട്ടണം തകർന്നടിഞ്ഞതോടെ പിന്നെ കൊച്ചി പ്രദേശം തുറമുഖ നഗരമായി വളർന്നു . AD 1344 – ലാണ് മരക്കടവിൽ കറുത്ത ജൂതന്മാർ അഥവാ മലബാർ ജൂതന്മാരുടെ കടവുംഭാഗം സിനഗോഗ് സ്ഥാപിതമാകുന്നത് എന്ന് ചരിത്രം . 1512 – ന് ശേഷം തൊട്ടടുത്ത ഇന്നത്തെ ജൂതത്തെരുവിലേക്ക്
പരദേശി യഹൂദരുടെ കടന്ന് വരവ് . AD 1568 – ൽ കൊച്ചി രാജാവ് ദാനം നൽകിയ സ്ഥലത്ത് പരദേശി യഹൂദർ സിനഗോഗ് പണിതുവെങ്കിലും കൊച്ചിയിലെ പോർച്ചുഗീസ് ഭരണം അവസാനിച്ചു AD 1663 -ലെ ഡച്ച് ആധിപത്യത്തോടെ ജൂത സമുദായത്തിന് കൂടുതൽ അനുകൂലമായ നിലപാടുണ്ടായി തുടർന്ന് കൂടുതൽ യഹൂദർ കൊച്ചിയിലേക്ക് കടന്നു വന്നു . AD 1760 – ലാണ് പരദേശി സിനഗോഗ് കൂടുതൽ വികസിപ്പിച്ചത് .

മരക്കടവിലെ കറുത്ത ജൂതന്മാരുടെ കടവുംഭാഗം സിനഗോഗിന് സമീപത്ത് തന്നെ ഈ മാർക്കറ്റ് രൂപം കൊള്ളുകയായിരുന്നു . ബ്രിട്ടീഷ് ആധിപത്യം ആരംഭിച്ച അതെ കാലത്ത് തന്നെയാണ് ഈ മാർക്കറ്റിന്റെയും ജനനം എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു . ഇത് ജൂതന്മാരാൽ തുടങ്ങിയ മാർക്കറ്റാണ് .

വില്യം ലോഗൻ സാക്ഷ്യപ്പെടുത്തിയത് പ്രകാരം . പോർച്ചുഗീസിൽ നിന്ന് AD 1498- ൽ കോഴിക്കോടെത്തിയ ഗാമ അവിടെ നിന്നും കൊച്ചിയിലേക്ക് എത്തുന്നതിന് മുൻപെ ദൂതനായി AD 1500 – ൽ കൊച്ചിയിലേക്കെത്തിയ പെഡ്രൊ അൽവാറസ് കബ്രാൽ മട്ടാഞ്ചേരി കൊട്ടാരത്തിന്റെ സമീപ പ്രദേശങ്ങളിൽ കൽചുവരുകളുള്ള മുസ്ലിം വീടുകൾ കണ്ടിരുന്നതായി പറയുന്നു . അതായത് പിന്നീടുള്ള ചരിത്രം വായിക്കുമ്പോൾ അറിയാം . മട്ടാഞ്ചേരി കൊട്ടാരത്തിന്റെ തെക്ക് മാറി ഇന്നത്തെ സിനഗോഗ് മുതൽ മരക്കടവ് വരെ പരദേശി യഹൂദരും , കറുത്ത ജൂതരും താമസിച്ചിരുന്നു . മരക്കടവ് കഴിഞ്ഞ് കൊച്ചങ്ങാടി ഭാഗങ്ങളിൽ അരി – സുഗന്ധവ്യജ്ഞനങ്ങളുടെ കച്ചവടക്കാരായ പഴയ വർത്തക പ്രമാണിമാരുമായിരുന്ന മുസ്ലിം സമുദായത്തിലെ മരയ്ക്കാർ നൈനാമാരുടെ വീടുകളായിരുന്നു എന്നത് ചരിത്രം . കൊച്ചങ്ങാടിയിൽ അക്കാലത്ത് നിരവധി ചെറു കപ്പലുകൾ അടുത്തിരുന്നതായി
പഴമക്കാരും ചരിത്രവും ഒരു പോലെ സമ്മതിക്കുന്നു . ( ചരിത്രത്തിന്റെ താളുകൾ ഇനിയും മറിക്കേണ്ടിയിരിക്കുന്നു അത് നമുക്ക് വഴിയെ ….)

അന്ന് കൊച്ചിയിൽ മാംസം വിൽക്കാൻ അനുവാദമുള്ളത് ഈ മാർക്കറ്റിൽ മാത്രമാണ് . എന്റെയൊക്കെ ഒരു തലമുറ മുൻപ് വരെ ഐലൻറിൽ നിന്നും പള്ളുരുത്തിയിൽ നിന്നും ചെല്ലാനം – കണ്ണമാലി ഭാഗങ്ങങ്ങളിൽ നിന്ന് മാത്രമല്ല എറണാകുളം ജില്ലയുടെ നാനാദിക്കുകളിൽ നിന്നും മാംസം വാങ്ങാൻ എത്തുക ഇവിടെയാണ് . ബ്രിട്ടീഷ് കാമ്പുകളിലേക്കും ഇവിടെ നിന്നുമാണ് മാംസം കൊണ്ടുപോവുക . മാത്രവുമല്ല ഈ മാർക്കറ്റിന് സമീപത്ത് വഞ്ചികൾക്ക് അടുക്കാൻ പറ്റിയ ചെറിയൊരു ജെട്ടിയുണ്ടായിരുന്നു . സമീപത്തെ പുഴ – കായൽ മറ്റു ജലസ്രോതസുകളിൽ നിന്ന് ലഭിച്ചിരുന്ന മൽസ്യങ്ങൾ ഫ്രഷായി ഇവിടെ വിൽപ്പനയ്ക്ക് എത്തിക്കുമായിരുന്നു .

ആളും തിരക്കും ആരവങ്ങളുമായി നിറഞ്ഞ് നിന്നിരുന്ന ഈ മാർക്കറ്റ് , ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരുന്ന കൊച്ചി മരക്കടവിലെ ഈ മാർക്കറ്റ് ഇന്ന് ആളും തിരക്കും ആരവങ്ങളുമില്ലാതെ അനാഥത്വത്തിന്റെ നിശബ്ദതയിലാണ് . കോർപ്പറേഷൻ അധികാരികളും ഒരു കാലത്ത് അന്താരാഷ്ട്ര നിലവാരമുണ്ടായിരുന്ന ഈ മാർക്കറ്റിന് നേരെ കണ്ണടച്ചിരിക്കുന്നു .
മാർക്കറ്റിന് പിറകെ കൊച്ചി കായലാണ് . ഇവിടെ പ്രവർത്തിച്ചിരുന്ന സ്ളോട്ടർ ഹൗസ് പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി . അത്യാധുനിക സംവിധാനങ്ങൾ സ്ഥാപിച്ച് ശക്തമായ മലിനീകരണ നിയന്ത്രണ നിയമങ്ങൾ പാലിച്ച് ഇത് പുനരുജ്ജീവിപ്പിച്ചാൽ ആടുമാടുകളുടെ അനധികൃത അറവുകൾ ഒഴിവാക്കാനാവും . പിറകെ കായലായതിനാൽ മാർക്കറ്റിനെ മോടിപിടിപ്പിച്ചാൽ . ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരുന്ന ഈ മാർക്കറ്റിന് പുതുജീവൻ നൽകലാവും . അതിന് സാധിക്കുമൊ ? അറിയില്ല …..

By ivayana